Sorry, you need to enable JavaScript to visit this website.

നിശ്ശബ്ദത ഒരു സംഗീതമാണ്... 

അകത്തും പുറത്തും എന്തോരം ശബ്ദമാണ് അല്ലേ? കഴിഞ്ഞ ദിവസം സുഹൃത്ത്  സംസാരത്തിനിടയിൽ പറഞ്ഞതോർക്കുകയാണ്. ഈ  ശബ്ദകോലാഹലങ്ങൾക്ക്  നടുവിൽ ഒരുപാട് പേർ  പലപ്പോഴും  ഗതികിട്ടാതെ  അലയുന്നു, അശാന്തരായി വേദനിക്കുന്നു.
കഥ പറയാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നാം, കേൾക്കാനും.  നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കഥകളിൽ അധികവും മനുഷ്യന്റെ വേദനയുടേതും വേവലാതിയുടേതും ആണെന്നതാണ് സത്യം.
നാം പറയാനും പങ്കുവെക്കാനുമിഷ്ടപ്പെടുന്ന കഥകളും അങ്ങനെ തന്നെ.    ദുഃഖവും സന്തോഷവും ജീവിതത്തിന്റെ  ഒഴിച്ചുകൂടാനാവാത്ത ഭാഗം തന്നെയാണ്. എല്ലാവർക്കുമറിയുന്ന, എന്നാൽ ഉൾക്കൊള്ളാൻ മടിക്കുന്ന യാഥാർത്ഥ്യമാണത്.
നമ്മെ നാം പ്രകാശിപ്പിക്കുന്നത് മൂന്ന് രീതിയിലാണെന്ന്  പറയാം.  ഒന്ന് നമ്മുടെ ശരീരത്തിലൂടെ. രണ്ട് നമ്മുടെ സംസാരത്തിലൂടെ. മൂന്ന് നമ്മുടെ ചിന്തയിലൂടെ.  ശരീരത്തിലൂടെയും  സംസാരത്തിലൂടെയും ചിന്തയിലൂടെയും  ദുഃഖവും വേദനയുമാണ് നാം അധിക നേരവും പങ്കു വെക്കുന്നതെങ്കിൽ  കാര്യമായ തകരാറ് നമ്മുടെ വ്യക്തിത്വത്തിൽ ഉണ്ടെന്നറിയുക.  
വേദനിപ്പിക്കുന്ന ശരീരം, വേദനിപ്പിക്കുന്ന സംസാരം, വേദനിപ്പിക്കുന്ന ചിന്തകൾ, ഇവ മൂന്നും രോഗാതുരമായ ആത്മബോധത്തിന്റെ കൂടി  ഫലമാണ്. സ്വയം ചികിൽസിച്ചു മാറ്റേണ്ട അവസ്ഥയാണത്. എവിടെയായാലും കുറ്റങ്ങളിലും കുറവുകളിലും മാത്രം മിഴിയൂന്നുക, കേൾക്കുന്നതിലെല്ലാം പോരായ്മകൾ കണ്ടെത്തുക, നിരാശയും നിരർത്ഥകതയുമാണ് എല്ലായിടത്തുമെന്ന തോന്നലുണ്ടാവുക, ആരെയും ഹൃദ്യമായി  സ്‌നേഹിക്കാനും ആത്മാർത്ഥമായി  വിശ്വസിക്കാനും കഴിയാതിരിക്കുക തുടങ്ങി പല രീതിയിലാണ് ഈ അവസ്ഥയുടെ  രോഗലക്ഷണങ്ങൾ.
ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ ഇടതടവില്ലാത്ത ശബ്ദകോലാഹലങ്ങളുടെ  ലോകത്തുനിന്ന് മൗനത്തിന്റെ  സൗന്ദര്യത്തിലേക്ക് ഇടക്കെങ്കിലും സഞ്ചരിക്കുന്ന ശീലം വളർത്തുകയാണ്  സ്വയം ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത്.  ഒച്ചകൾക്കിടയിലെ  ഒച്ചയില്ലായ്മയിൽ ശ്രദ്ധിച്ചു തുടങ്ങണം.  സ്വയം ക്രൂരമായി  കുറ്റപ്പെടുത്തുന്ന അകതാരിലെ ആത്മവിമർശകന്റെ  പെരുംകൂറ്റുകൾക്കിടയിലെ മൗനത്തെ ശ്രദ്ധിച്ചു തുടങ്ങുക. ക്രമേണ സ്വയം പഴിക്കലിന്റെ തോത് കുറഞ്ഞു വരുന്നതു കാണാം.
അതുപോലെ തന്നെ പുറത്തെ കോലാഹലങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മൗനത്തിന്റെ ചീന്തുകളിലേക്ക് കാതോർത്താൽ നമുക്ക് നിശ്ശബ്ദതയുടെ ശക്തവും  വശ്യവുമായ  സംഗീതം ആസ്വദിക്കാം. അതിഗാഢമായ നിശ്ശബ്ദതയുടെ കരുത്തും ലാവണ്യവും വാക്കുകൾക്കതീതമാണ്.  അത് എല്ലായിടത്തുമുണ്ട്. സ്വയം പാകപ്പെട്ടാൽ എളുപ്പത്തിൽ  കണ്ടെത്താൻ കഴിയും.
അൽപ നേരമെങ്കിലും ശ്രദ്ധ മൗനത്തിന്റെ ഭംഗിയിലേക്ക് മാറ്റിയാൽ മൗനം വാചാലമായി തുടങ്ങും. അതു വരെ, നിങ്ങൾ ശ്രദ്ധിക്കാത്ത കൊച്ചു കൊച്ചു കാര്യങ്ങളൂടെ മഹത്വം തെളിഞ്ഞു തുടങ്ങും. ചിന്ന ചിന്ന വസ്തുക്കളിലെ, ജീവികളിലെ, ജീവിത സന്ദർഭങ്ങളിലെ  വിസ്മയങ്ങൾ നിങ്ങളെ സ്തബ്ധരാക്കും. വലിയ കാര്യങ്ങളെന്ന് കരുതി പിന്നാലെ നെട്ടോട്ടമോടിയ പലതിന്റെയും നിസ്സാരതകൾ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരും. കുന്നുകൾ കുന്നിമണികളാവുന്നതും  മഞ്ഞു കണങ്ങളിൽ പർവതങ്ങൾ പ്രതിഫലിക്കുന്നതും കാണാം.
അവിരാമമായ ചലനങ്ങൾ കൊണ്ട്  ഇളകി മറിയുന്ന  ലോകത്ത് ഇത്തിരി നേരം അകത്തും പുറത്തും സജീവമായ നിശ്ചലതയിലേക്കു മാത്രം ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്.  വേദനിക്കുന്ന ശരീര ഭാഗത്തെ, മനസ്സിനെ തെല്ലിട മാറി നിന്ന്  നിശ്ചലതയായി കൽപിച്ച് നിരീക്ഷിച്ച് നോക്കൂ. ആ നിശ്ചലതയുടെ അഗാധതയിലേക്ക് കൺപാർത്ത് നോക്കൂ. ആഴമേറിയ അവർണനീയമായ ഒരു തരം പ്രശാന്തത കൈവരുന്നതനുഭവിക്കാം. ജ്ഞാനോദയത്തിന്റെ പുതിയ വാതായനങ്ങൾ മുന്നിൽ തുറന്നിടപ്പെടുന്നത് കാണാം. വേദനകൾ വേദാന്തങ്ങളായി പരിണമിച്ചു തുടങ്ങുന്ന അപൂർവ നിമിഷങ്ങൾ! അപ്പോൾ ഭൗതിക ശരീരത്തിനപ്പുറത്തെ ഞാനാരെന്ന ആത്മീയ ഉണ്മയിലേക്ക് പതിയെ വെളിച്ചം പടരും.  ക്ഷേമകരമായ നിലനിൽപിനും ആത്മനിർവൃതിക്കും  മനുഷ്യനേറ്റവും ആവശ്യമുള്ള ഈ നിശ്ചലതയും നിശ്ശബ്ദതയും പരിശീലിക്കലല്ലാതെ മറ്റെന്താണ് അനുഭൂതിധന്യമായ  ആരാധനയുടെ കാതൽ? 
മനുഷ്യനെ മനസാ വാചാ കർമണാ വിമലീകരിക്കാത്ത  ആരാധനകൾ കൊണ്ടെന്തു പ്രയോജനം?
 

Latest News