Sorry, you need to enable JavaScript to visit this website.

നന്മയുടെ പുതുവഴികൾ

ലോകത്തെവിടെയൊക്കെയോ കനിവിന്റെ ഇത്തിരി വെട്ടവുമായി മുതുകാടിനെ പ്പോലെ എത്ര പേർ.കുന്തിരിക്കമാകുന്ന ജീവിതം സ്വയം ഹോമിച്ചു സുഗന്ധം അവശേഷിപ്പിക്കുന്നവർ. സ്വയം ഉരുകിയുരുകി പ്രകാശം പരത്തുന്നവർ. മനസ്സും ഹൃദയവും കണ്ണും നിറച്ച ഒരു ദിനം കൂടി മാജിക് പ്ലാനറ്റിൽ ചെലവഴിച്ചു മടങ്ങുമ്പോൾ മനസ്സറിയാതെ മന്ത്രിച്ചു: 'സാർത്ഥകമീ ജന്മം, ചങ്ങാതീ..'

കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ പ്രമുഖ മാന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനറ്റ്. ഇടപെടുന്ന എല്ലാ രംഗത്തും തന്റെ കൈയൊപ്പ് ചാർത്തുന്ന മുതുകാട് മാജിക് പ്ലാനറ്റും ആ വഴിക്ക് തന്നെയാണ് സംവിധാനിച്ചിട്ടുള്ളത്. കിൻഫ്രായിലെ മാജിക്ക് പ്ലാനറ്റിന്റെ പ്രവേശന കവാടത്തിലെ സ്വാഗത വാക്യം അതിനൊരുദാഹരണം മാത്രം. ആ വാക്യങ്ങൾ ഇങ്ങനെ-
ഈഫ് യൂ ഡോണ്ട് ബിലീവ് ഇൻ മാജിക്, യു വിൽ നെവർ ഫൈൻഡ് ഇറ്റ്... ഇതാണ് കിൻഫ്രായിലെ മാജിക് പ്ലാനറ്റിലെ സ്വാഗത വാക്യം. കഴക്കൂട്ടത്ത് കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട് വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് നിർമിച്ചതാണ് ഈ മാജിക് പ്ലാനറ്റ്. ഓരോ ചുവടിലും വിസ്മയം നിറയ്ക്കുന്നതാണ് മാജിക് പ്ലാനറ്റ് -ഇങ്ങനെയാണ് പ്ലാനറ്റിനെ പരിചയപ്പെടുത്തുന്നത്. കേരളത്തിലെ ആദ്യ മാജിക് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങിയതും  മുതുകാടിന്റെ ശ്രമഫലമായി തന്നെ. ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ മാജിക് പ്ലാനറ്റിൽ ഭിന്നശേഷി കുട്ടികൾകൾക്ക് തൊഴിൽ നൽകുന്ന പദ്ധതിക്കും കഴിഞ്ഞ ദിവസം അസ്ഥിവാരമിട്ടു കഴിഞ്ഞു. മാതൃകാപരം എന്ന് വിശേഷിപ്പിക്കാവുന്ന ആ പദ്ധതിയെ ഏത് വിധത്തിലാണ് മുതുകാട് ഒന്നാന്തരം ഇംഗ്ലീഷ് പ്രയോഗം കൊണ്ട് അലങ്കരിച്ചു നിർത്തിയതെന്നറിയാൻ ഇനി പറയുന്ന വരികൾ കണ്ടാൽ മതി. എംപവർ ബിയോണ്ട് ലിമിറ്റ് ബിയോണ്ട് ലിമിറ്റേഷൻസ് എന്നാണ് പദ്ധതിയുടെ പേര്. സെന്ററിന്റെ ശിലാസ്ഥാപനം കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്നു.  വലിയ സാധ്യതകളിലേക്ക് വഴി തുറക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ഇ.പി. ജയരാജന്റെ അഭാവത്തിൽ ചീഫ് സെക്രട്ടറി ടോം ജോസാണ് നിർവഹിച്ചത്. വൈകല്യത്തിന്റെ പേരിൽ വീട്ടിലും സമൂഹത്തിലും അവഗണിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതുജീവൻ നൽകുന്ന  മാതൃകാ സ്ഥാപനമാണ് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററെന്ന് ടോം ജോസ് വിലയിരുത്തി. സെന്ററിലെ കുട്ടികളിൽ മികച്ച കലാപ്രകടനം നടത്തുന്ന  3 പേർക്ക് പുരസ്‌കാരമായി  25,000, 15,000, 10,000 രൂപ നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.


ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണിതെന്ന് ചടങ്ങിലെ മറ്റു പ്രസംഗകരും വിലയിരുത്തി. ഗോപിനാഥ് മുതുകാട് പദ്ധതി വിശദീകരണം നടത്തി.  കലാപരിശീലനം നേടുന്ന കുട്ടികൾക്ക് തൊഴിൽ നൽകാനാണുദ്ദേശിക്കുന്നതെന്ന് മുതുകാട് വിശദീകരിച്ചു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി  ബിജു പ്രഭാകർ, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, മാജിക് അക്കാദമി ഡയരക്ടർ ചന്ദ്രസേനൻ മിതൃമല എന്നിവർ പ്രസംഗിച്ചു. 
മാജിക്കിനെ ആധുനികവൽക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭഭിച്ച വ്യക്തിയാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ ഈ വഴിക്കുള്ള പ്രവർത്തനം ജീവകാരുണ്യത്തിന്റെ സൽവഴിയിലേക്ക് കൂടുതലായി മാറുന്നുവെന്നതാണ് ഭിന്ന ശേഷിക്കാരെ ലക്ഷ്യം വെച്ചുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനം നൽകുന്ന സൂചന. 2017 ലാണ് മാജിക് പ്ലാനറ്റ് ആരംഭിച്ചത്. ഉദ്ഘാടന കർമം നിർവഹിച്ച അന്നത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിയും ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവവും ഈ സംരംഭത്തെ ഇന്ത്യക്കാകെ മാതൃക എന്നാണ് വിശേഷിപ്പിച്ചത്.  കേരള മാതൃക ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ആ വഴിക്കുള്ള കാൽവെപ്പു കൂടിയാണ് മാജിക് പ്ലാനറ്റുമായി ബന്ധപ്പെടുത്തി ഭിന്ന ശേഷിക്കാർക്കായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ.
കഴിഞ്ഞ ദിവസം മാജിക് പ്ലാനറ്റ് സന്ദർശിച്ച ശേഷം പ്രസിദ്ധ ഗായകൻ ജി. വേണുഗോപാലിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റുണ്ട്. മുതുകാട് മനുഷ്യർക്കായി ചെയ്തുവെക്കുന്നതിനെയെല്ലാം മനോഹരമായ ഒരു ഗാനം പോലെ വേണുഗോപാൽ എഴുതി അവതരിപ്പിക്കുന്നു. അതിങ്ങനെ-


ഭാരതത്തിൽ അങ്ങോളമിങ്ങോളം അലഞ്ഞു നടന്നു വഴിയോരത്തു മാജിക് നടത്തി ഉപജീവനം കഴിക്കുന്ന തെരുവ് മാന്ത്രികരെ ഗോപി മാജിക് പ്ലാനറ്റിലെ സ്ഥിരം ക്ഷണിതാക്കളാക്കി, അവർക്കു അനുയോജ്യമായ പ്രതിഫലവും നൽകി. വർഷങ്ങളോളം തന്നോടൊപ്പം പ്രവർത്തിച്ച മാജിക് ടീമിലെ അംഗങ്ങൾക്കെല്ലാം അതേ കോമ്പൗണ്ടിൽ തന്നെ ചെറിയ വീടുകൾ നിർമ്മിച്ച് കൈമാറി. ബുദ്ധി വികസിക്കാത്ത കുട്ടികൾക്കായി എം പവർ, ഡി.എ.സി (ഡിഫറന്റ് ആർട്‌സ് സെന്റർ) എന്നീ സ്ഥാപനങ്ങൾ സൃഷ്ടിച്ചു. നൂറോളം വരുന്ന മെന്റലി ചാലൻജ്ഡ് കുട്ടികൾ ഡി.എ.സിയിൽ ദിവസവും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു, സംഗീതം, നൃത്തം, ചിത്രരചന എന്നീ രംഗങ്ങളിൽ. ഇതേ കുട്ടികൾ ദിവസവും മാജിക് പ്ലാനറ്റിൽ അവർ അഭ്യസിച്ചു സ്വായത്തമാക്കിയ മാജിക്കും അവതരിപ്പിച്ചു വരുന്നു. അവർക്കായി ഒരു പ്രത്യേക ഫിലിം ഷൂട്ടിംഗ് പദ്ധതിയും അതിനു വേണ്ട പ്രകൃതിരമണീയങ്ങളായ ഇടങ്ങളും ക്യാമറയും ലൈറ്റുകളും ഒക്കെ സജ്ജമാക്കിയിരിക്കുന്നു മാജിക് പ്ലാനറ്റിൽ. അവർ ഷൂട്ട് ചെയ്യുന്ന ഫുട്ടേജ് അവർ തന്നെ എഡിറ്റ് ചെയ്തു അവർ തന്നെ മാജിക് പ്ലാനറ്റിൽ പ്രദർശിപ്പിക്കുന്നു.
സ്വപ്‌നത്തിലെവിടെയോ കണ്ട വിസ്മയങ്ങൾ സമൂഹത്തിനോരം പറ്റിനിൽക്കുന്ന ഈ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മുന്നിൽ യാഥാർഥ്യമാവുന്നു. അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും താൻപോരിമയുടെയും ക്രൂരതയുടെയും അശാന്തിയുടെയും ഈ ലോകത്തെവിടെയൊക്കെയോ കനിവിന്റെ ഇത്തിരി വെട്ടവുമായി ഗോപിയെ പോലെ എത്ര പേർ.
കുന്തിരിക്കമാകുന്ന ജീവിതം സ്വയം ഹോമിച്ച് സുഗന്ധം അവശേഷിപ്പിക്കുന്നവർ. സ്വയം ഉരുകിയുരുകി പ്രകാശം പരത്തുന്നവർ. മനസ്സും ഹൃദയവും കണ്ണും നിറച്ച ഒരു ദിനം കൂടി മാജിക് പ്ലാനറ്റിൽ ചെലവഴിച്ചു മടങ്ങുമ്പോൾ മനസ്സറിയാതെ മന്ത്രിച്ചു: 
'സാർത്ഥകമീ ജന്മം, ചങ്ങാതീ..'

Latest News