Sorry, you need to enable JavaScript to visit this website.

വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റം

സൗദി അറേബ്യയിൽ സാമൂഹിക, സാംസ്‌കാരിക, വികസന രംഗത്തെന്നപോലെ തൊഴിൽ രംഗത്തും സമൂല പരിവർത്തനമാണ് നടന്നു വരുന്നത്. ഇതിൽ എടുത്തു പറയേണ്ടത് വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം സാധ്യമാകുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്നുള്ളതാണ്.  തൊഴിൽ മാറുന്നതിന് വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച്  തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിരുന്നു കിംഗ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്്മദ് അൽറാജ്ഹിയുടെ നേതൃത്വത്തിൽ സ്വകാര്യ മേഖലാ പ്രതിനിധികളുമായി നടന്ന ചർച്ച. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ആഗോള തലത്തിൽ സൗദിയുടെ യശസ്സ് ഉയർത്തുകയെന്ന ലക്ഷ്യത്തോടൊപ്പം സൗദിക്കകത്തുള്ള തൊഴിലാളികളെ പരമാവധി പ്രയോജനപ്പെടുത്തി നിയമന ചെലവുകൾ കുറക്കുകയെന്നതും ലക്ഷ്യമാണ്. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തൊഴിലുടമകളുടെ പ്രവണതകൾക്ക് തടയിടുകയെന്നതും ഉദ്ദേശ്യമാണ്. തൊഴിലവകാശങ്ങൾ ഹനിക്കുന്നുവെന്ന പ്രചാരണം സൗദിക്കെതിരായി പുറംലോകത്ത് ശക്തമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാണിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നത്. അതിന്റെ മുന ഒടിക്കാൻ ഈ നടപടി സഹായിക്കുമെന്നതും വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റം അനുവദിക്കുന്നതിനുള്ള ചർച്ചകൾ ഉരുത്തിരിയാൻ സഹായകമായ ഘടകമാണ്. റീഎൻട്രി, ഫൈനൽ എക്‌സിറ്റ് സ്വാതന്ത്ര്യവും ഇതോടൊപ്പം ചർച്ചാ വിഷയമായി എന്നതും എടുത്തു പറയേണ്ടതാണ്. ഇക്കാര്യങ്ങളിൽ സ്വകാര്യ മേഖലക്കു കൂടി സ്വീകാര്യമായ തീരുമാനങ്ങളിലെത്താനാണ്  അവരുടെ കൂടി അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള ചർച്ച മന്ത്രാലയം സംഘടിപ്പിച്ചത്.
സൗദിയിലെത്തി നിശ്ചിത കാലം പിന്നിടണമെന്ന വ്യവസ്ഥയില്ലാതെയും തൊഴിലുടമയുടെ അനുമതിയില്ലാതെയും തൊഴിൽ മാറാൻ അനുവദിക്കാനാവുമോ എന്ന കാര്യം സജീവ ചർച്ചാ വിഷയമായി. അതല്ലെങ്കിൽ സൗദിയിലെത്തി ഒരു വർഷമോ രണ്ടു വർഷമോ പിന്നിട്ട ശേഷം തൊഴിൽ മാറ്റം അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു. റീഎൻട്രി സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എല്ലാ പ്രൊഫഷനുകളിലും പെട്ടവർക്ക് അതിനനുമതി നൽകണമെന്നും നിശ്ചിത പ്രൊഫഷനുകളിൽ പെട്ടവർക്ക് മാത്രമായി അതു പരിമിതിപ്പെടുത്തണമെന്നുമൊക്കെയുള്ള നിർദേശങ്ങളും ചർച്ചയിൽ ഉരുത്തിരിഞ്ഞിരുന്നു. അതോടൊപ്പം റീഎൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയി തിരിച്ചുവരാത്ത വിദേശികളെ മറ്റു തൊഴിലുടമകൾ നൽകുന്ന വിസയിൽ  തിരികെയെത്തുന്നതിന് നിലവിലുള്ള വിലക്ക് നീക്കുന്ന കാര്യവും ചർച്ചയായി. തൊഴിൽ കരാർ നിലനിൽക്കേ സ്വദേശങ്ങളിലേക്ക് മടങ്ങാൻ തൊഴിലുടമയുടെ അനുമതി നിർബന്ധമാണെന്ന നിർദേശവും അനുമതി വേണ്ടെന്ന നിർദേശവും ഉണ്ടായി. കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ വീണ്ടും വരുന്നതിന് ആജീവാനാന്ത വിലക്കേർപ്പെടുത്തണമെന്നും അഞ്ചു വർഷത്തേക്കു മാത്രം  വിലക്കു മതിയെന്നുമൊക്കെയുള്ള ചർച്ചകളു നടന്നു. ഈ ചർച്ചകളെല്ലാം വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ശുഭ സൂചകമാണ്. നിലവിലുള്ള ഒട്ടേറെ നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെട്ടാൽ ഇവിടെ നേരത്തെ ജോലി ചെയ്തിരുന്നവർക്കും വിദഗ്ധ തൊഴിലാളികൾക്കും അതു ഗുണം ചെയ്യും. പഠനങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കും വിധത്തിൽ തീരുമാനങ്ങളിലേക്കു നീങ്ങിയാൽ അതു തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലാളികളെയും വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കാൻ സൗദി അറേബ്യക്കാവും. രാജ്യം ലക്ഷ്യമിടുന്നതും അതു തന്നെയാണ്. തൊഴിൽ രംഗത്തെ ഉടച്ചുവാർപ്പിലൂടെ തൊഴിൽ രംഗം ശുദ്ധീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വികസനത്തിൽ വിദഗ്ധ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുയെന്നതാണ്. 
തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനവും ആനുകൂല്യങ്ങളും നൽകാത്ത സ്ഥാപനങ്ങളിൽനിന്നും സ്‌പോൺസർമാരിൽനിന്നും ലേബർ കോടതികൾ പിഴ ഈടാക്കിത്തുടങ്ങിയതും നല്ല സൂചനയാണ്.  തൊഴിൽ നിയമ ലംഘനങ്ങൾക്ക് ശിക്ഷ കർശനമാക്കിയുള്ള പരിഷ്‌കരിച്ച നിയമാവലി ആറു മാസം മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചുകൊണ്ടാണ് നടപടി. കൃത്യസമയത്ത് വേതനം നൽകാതിരിക്കുക, ഔദ്യോഗിക കറൻസിയിലല്ലാതെ വേതനം നൽകുക, വേതനം പിടിച്ചുവെക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 3000 റിയാൽ തൊഴിലുടമകൾക്ക് പിഴ ചുമത്താൻ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. മൂന്നു മാസത്തെ വേതനം ലഭിക്കാത്ത തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്‌പോൺസറിലേക്ക്  മാറ്റാനാവുമെന്നും നിയമം അനുശാസിക്കുന്നു. തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്തതു വ്യക്തമാക്കുന്ന വിവരങ്ങൾ വേതന സുരക്ഷാ പദ്ധതി സംവിധാനത്തിൽ ഓൺലൈനിൽ പ്രതിമാസം സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.  കാലാവധി കൂടുന്തോറും മന്ത്രാലയത്തിൽനിന്നുള്ള എല്ലാ സേവനങ്ങളും തൊഴിലുടമക്ക്  നിഷേധിക്കുന്നതിനും തൊഴിലുടമകളുടെ അനുമതിയില്ലാതെ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനും സഹായകമാണ് പരിഷ്‌കരിച്ച നിയമം. അങ്ങനെ അന്താരാഷ്ട തൊഴിൽ നിയമങ്ങൾക്കനുസൃതമായും കാലോചിത പരിവർത്തനങ്ങൾക്കു വിധേയമായും തൊഴിൽ രംഗം പരിഷ്‌കരിക്കപ്പെടുമ്പോൾ സംതൃപ്തിദായകമായ തൊഴിൽ രംഗമാവും സൃഷ്ടിക്കപ്പെടുക. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക വിദേശ തൊഴിലാളികൾക്കായിരിക്കും.
 

Latest News