മുസ്ലിം ലീഗ് നേതാക്കള്‍ ദല്‍ഹിയില്‍; ഇരകള്‍ക്ക് ആശ്വാസമേകുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂദല്‍ഹി- കലാപകാരികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും ആശ്വാസമേകാനും   മുസ്ലിംലീഗ് നേതാക്കള്‍ ദല്‍ഹിയില്‍.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ദല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലുള്ള ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെത്തി  അധികൃതരുമായി ചര്‍ച്ച നടത്തി. കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റവരേയും ഇവിടെയാണ് ചികില്‍സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെന്ന് നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. 32   മൃതദേഹങ്ങളാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതെന്നും ഇതില്‍ ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തതായും അധികൃതര്‍ നേതാക്കളെ അറിയിച്ചു.
പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണം.
ദല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതവുമായും നേതാക്കള്‍ ആശുപത്രിയില്‍ വെച്ച് ചര്‍ച്ച നടത്തി. കലാപത്തിനിരയായവരുടെ പുനരധിവാസത്തിന് ആകുന്നതൊക്കെ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ഇരകള്‍ക്ക് എല്ലാ അര്‍ഥത്തിലും ആശ്വാസമേകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ സോണിയാ ഗാന്ധിയുടെ ജന്‍പഥിലുള്ള വസതിയിലെത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി.  പികെ കുഞ്ഞാലിക്കുട്ടിക്കു പുറമെ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, നവാസ് ഗനി എംപി, ഡോ.എംകെ മുനീര്‍, കെപിഎ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വര്‍അലി ശിഹാബ് തങ്ങള്‍, ഖുറം അനീസ് ഉമര്‍ തുടങ്ങിയ നേതാക്കളാണ് സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ചുള്ള ജനാധിപത്യ പ്രതിരോധം തീര്‍ക്കണമെന്ന് ലീഗ് നേതാക്കള്‍് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്താന്‍ എംപിമാരടക്കമുള്ള സംഘം ശ്രമിച്ചെങ്കിലും നടന്നില്ല.  മുസ്ലിംയൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍, സെക്രട്ടറി സികെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എംഎസ്എഫ് നേതാക്കളായ അഹമദ് സാജു, അതീബ് ഖാന്‍, നദ്‌വി അയ്യായ തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

 

Latest News