Sorry, you need to enable JavaScript to visit this website.

കുവൈത്തിലും ബഹ്‌റൈനിലും കൊറോണ ബാധ കേസുകൾ ഉയർന്നു

റിയാദ് - കുവൈത്തിലും ബഹ്‌റൈനിലും കൊറോണ ബാധിച്ചവരുടെ എണ്ണം വലിയ തോതിൽ ഉയർന്നു. കുവൈത്തിൽ 17 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. ഇവരെല്ലാവരും ഇറാനിൽ നിന്ന് എത്തിയവരാണ്. രോഗബാധ സ്ഥിരീകരിച്ചുവരുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും പരിശോധിച്ചുവരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ബഹ്‌റൈനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 33 ആയി ഉയർന്നിട്ടുണ്ട്. പുതുതായി ഏഴു ബഹ്‌റൈനി വനിതകൾക്കു കൂടിയാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഇറാനിൽ നിന്ന് നേരിട്ടുള്ളതല്ലാത്ത വിമാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ ഇവർക്ക് വിമാനത്താവളത്തിലെ പ്രത്യേക ലോഞ്ചിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഏഴു പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ലാബ് പരിശോധനയിൽ ഇവർക്ക് കൊറോണയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സക്കായി ഉടൻ തന്നെ ഇവരെ സുലൈമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖിലേക്കും ലബനോനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ബഹ്‌റൈൻ താൽക്കാലികമായി വിലക്കിയിട്ടുണ്ട്. കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത് ഇറ്റലിയിൽ നിന്ന് തങ്ങളുടെ പൗരന്മാരെ കുവൈത്തും ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഖത്തറും ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലും ബഹ്‌റൈനിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇറാഖിൽ ഫെബ്രുവരി 27 മുതൽ മാർച്ച് ഏഴു വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ, ഇറ്റലി, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഒമ്പതു രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഇറാഖികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ഇറാഖിൽ സിനിമാ തിയേറ്ററുകളും ക്ലബ്ബുകളും കോഫിഷോപ്പുകളും പത്തു ദിവസത്തേക്ക് അടപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംചേരുന്നതും വിലക്കിയിട്ടുണ്ട്.
ഇറാനിൽ കൊറോണ വ്യാപനമുള്ള നഗരങ്ങളിലും പ്രവിശ്യകളിലും ഇന്ന് ജുമുഅ നമസ്‌കാരം നിർത്തിവെക്കുന്നതിന് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് പൗരന്മാരുടെ യാത്രകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുമുണ്ട്. കൊറോണ വ്യാപനം സ്ഥിരീകരിച്ച പ്രവിശ്യകളിൽ സ്‌കൂളുകൾക്ക് മൂന്നു ദിവസവും യൂനിവേഴ്‌സിറ്റികൾക്ക് ഒരാഴ്ചയും അവധി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ മഖ്ബറകൾ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ഇന്ന് ജുമുഅ നമസ്‌കാരം റദ്ദാക്കിയിട്ടുമുണ്ട്. ഇറാനിൽ ഇതുവരെ 22 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 141 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 


ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2747 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 433 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചൈനയിൽ ഇതുവരെ 78,514 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലോകത്താകമാനം 2808 പേർ കൊറോണ ബാധിച്ച് മരണപ്പെട്ടു. 
ആകെ 82,413 പേർക്ക് രോഗം ബാധിച്ചു. ചൈനയിൽ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ രോഗവ്യാപന തോത് വർധിച്ചിട്ടുണ്ട്. 

 

Latest News