എല്ലും തോലുമായ നജീബിനെ അവതരിപ്പിക്കാന്‍ പൃഥ്വീരാജ് 30 കിലോ കുറച്ചു 

കൊച്ചി- തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാകുമെന്നു പ്രതീക്ഷിക്കുന്ന ആടുജീവിതത്തിനായുളള വലിയ തയ്യാറെടുപ്പിലാണ് കഴിഞ്ഞ മൂന്നുമാസമായി നടന്‍ പൃഥ്വിരാജ്. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്. തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നന്നേ മെലിഞ്ഞിട്ടുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നുമുണ്ട്. ഇതൊരു വല്ലാത്ത ഡെഡിക്കേഷന്‍ ആയിപ്പോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഏകദേശം 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വി ഇതുവരെ കുറച്ചത്. എന്നാല്‍ ഒരിക്കലും ഇത് അനുകരിക്കരുതെന്നാണ് താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടിയാണ് താന്‍ മെലിഞ്ഞത്, എന്നാല്‍ ജീവിതശൈലിയുടെ ഭാഗമായി ആരും ഇത് ചെയ്യരുതെന്നും പൃഥ്വി പറഞ്ഞിരുന്നു.ബ്ലെസിയാണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തിനായി സംഗീതമൊരുക്കുന്നു എന്ന വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ബെന്യാമിന്റെ വിഖ്യാത സൃഷ്ടിയായ ആടുജീവിതം മണലാരണ്യത്തില്‍ വര്‍ഷങ്ങളോളം നരകയാതന അനുഭവിച്ച നജീബിന്റെ കഥയാണ്.

Latest News