Sorry, you need to enable JavaScript to visit this website.

രാജ്ഭവൻ ഉപരോധത്തിൽ  ആവേശം പകർന്ന് ദൽഹി സമര നായികമാർ

ഷഹീൻ ബാഗിലെ സമര നായികമാരായ സർവരിയും ബിൽകീസും 

തിരുവനന്തപുരം- ദൽഹിയിൽ രണ്ടര മാസത്തോളമായി തുടരുന്ന പൗരത്വ സമരത്തിലെ ശ്രദ്ധാകേന്ദ്രമായ സമര നായികമാരായ സർവരിയും ബിൽകീസും വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒക്യുപൈ രാജ്ഭവന്റെ രണ്ടാം ദിവസം സമരക്കാർക്ക് ആവേശമായി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നുവെന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോഡിയും അമിത് ഷായും ചേർന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനം തകർത്ത മോഡിയും അമിത് ഷായും ഗുജറാത്തിലേക്കു തന്നെ തിരിച്ചുപോകണമെന്നാണ് പറയാനുള്ളതെന്നും സർവരി പറഞ്ഞു. ദൽഹി സമരത്തെ കലാപമാക്കാനാണ് മോഡി ശ്രമിക്കുന്നത്. മോഡിക്ക് വെടിവെക്കാം, ഞങ്ങൾ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. 


ഇന്ത്യക്കാരുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന നരേന്ദ്ര മോഡി ഇന്ത്യയെ ഇല്ലാതാക്കുന്ന ഭീകര നിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. ഈ നിയമങ്ങൾ പിൻവലിക്കും വരെ ഞങ്ങൾ നിശ്ചയദാർഢ്യം മുറുകെപ്പിടിച്ചുകൊണ്ട് സമര രംഗത്ത് തുടരുമെന്ന് തുടർന്ന് സംസാരിച്ച ബിൽക്കീസ് പറഞ്ഞു. മൂടുവസ്ത്രങ്ങൾക്കുള്ളിൽ സംഘ്പരിവാർ യുവതികളെ സമരത്തിലേക്ക് ഒളിപ്പിച്ച് കടത്തിയവരെ തങ്ങൾ സമാധാനപരമായും സുരക്ഷിതമായുമാണ് തിരികെ പറഞ്ഞയച്ചത്. എന്നാൽ സമരത്തോട് സംഘ്പരിവാർ എന്താണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ദൽഹി തെളിയിക്കുന്നുണ്ട്. 


സിക്ക് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്ന സമര സഹായങ്ങളും ഭക്ഷണങ്ങൾ അടങ്ങിയ വാഹനങ്ങളും പോലീസ് തടയുകയാണ്. എന്നിട്ടും അവർ മറ്റു മാർഗങ്ങളിലൂടെ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഷഹീൻ ബാഗ് സമരം മാറ്റിവെക്കണമെന്നാണ് പോലീസ് പറയുന്നത്. 75 ദിവസങ്ങൾ സമരം ചെയ്ത തങ്ങൾ നിയമം പിൻവലിക്കും വരെ ഇനിയും ഇരിക്കുമെന്നും ഈ മണ്ണിൽ തന്നെ മരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  പ്രായം തളർത്താത്ത ആവേശത്തോടെയാണ് 82 വയസ്സുള്ള  ബിൽക്കീസും 75 വയസ്സുകാരി സർവരിയും ഒക്യുപൈ രാജ്ഭവനിൽ  പങ്കെടുത്തത്.

ഇന്നലെ തുടങ്ങിയ ഉപരോധ സമരം മറ്റൊരു ഷഹീൻ ബാഗ് സമര പോരാളിയായ 90 കാരിയായ അസ്മ ഖാത്തൂനായിരുന്നു ഉദ്ഘാടനം ചെയ്തത്.
 

 

 

Latest News