വെട്ടുകിളികളെ നേരിടാന്‍ യു.എ.ഇയില്‍ തയാറെടുപ്പുകള്‍

അബുദാബി- സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും നാശംവിതച്ച വെട്ടുകിളികളുടെ ശല്യം നേരിടാന്‍ യു.എ.ഇ തയാറെടുക്കുന്നു. കൃഷി നാശം മൂലമുള്ള സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
അടുത്തിടെ സൗദി അറേബ്യയിലും കുവൈത്തിലും വെട്ടുകിളികള്‍ എത്തി കൃഷി നശിപ്പിച്ചിരുന്നു. ആയിരക്കണക്കിനു വെട്ടുകിളികള്‍ കൂട്ടത്തോടെയാണ് എത്തുക. ഇവ വീടുകളിലേക്കും ഓഫിസിലേക്കും മറ്റും കയറുന്നത് ഒഴിവാക്കാന്‍ ജനലും വാതിലും അടച്ചിടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വെട്ടുകിളികളെ കണ്ടെത്തിയാല്‍ ഉടന്‍തന്നെ അതോറിറ്റിയില്‍ വിവരം അറിയിക്കണമെന്ന് കൃഷിക്കാരോടും ഫാം ഉടമകളോടും പറഞ്ഞിട്ടുണ്ട്. കൃഷി സ്ഥലങ്ങളിലെ പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് പുകച്ച് ഇവയെ അകറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെട്ടുകിളികളെ അറബികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. സൗദി അറേബ്യയിലെ ദമ്മാമില്‍ വെട്ടുകിളികളെ വാങ്ങാന്‍ കിട്ടുന്ന മാര്‍ക്കറ്റ് തന്നെയുണ്ട്. ഇവയെ ഭക്ഷിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നാണ് യു.എ.ഇ സര്‍ക്കാരിന്റെ ഉപദേശം.

 

Latest News