Sorry, you need to enable JavaScript to visit this website.

പൊതുശീലങ്ങളുടെ പൊളിച്ചെഴുത്ത്

പൊതുസ്ഥലത്തെ പുകവലിക്കെതിരെ ശിക്ഷാ നടപടികൾ ശക്തമാക്കിയത് ആ ശീലത്തിൽ കുറവുണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. അതേ രീതിയിൽ പൊതു ഇടങ്ങളിലെ തുപ്പലും നിരോധിക്കാനാകുമെന്നാണ് സുൽത്താൻ ബത്തേരിയുടെ പ്രതീക്ഷ. നഗരസഭ കാണിച്ച മാതൃക പിന്തുടർന്ന് സംസ്ഥാന സർക്കാർ പഴയ നിയമം കർശനമാക്കി നടപ്പാക്കണം. പൊതു ഇടങ്ങൾ ശുചിയായി കിടക്കേണ്ടത് കേരളത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ആവശ്യമാണ്.

വയനാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന രണ്ട് വാർത്തകൾ ഒരേ സമയം കൗതുകകരവും ഗൗരവമുള്ളതുമാണ്. പൊതുസ്ഥലങ്ങൾ തുപ്പി വൃത്തിഹീനമാക്കുന്നവർക്കെതിരെ സുൽത്താൻ ബത്തേരി നഗരസഭ കൊണ്ടുവന്ന ശിക്ഷാ നടപടികളും വയനാട്ടിലെ ആദിവാസികൾക്കിടയിൽ വ്യാപകമായ പുകയില മുറുക്ക് കുറക്കാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയും പൊതുജനാരോഗ്യം സംബന്ധിച്ച സുപ്രധാനമായ രണ്ട് കാര്യങ്ങളാണ്. രണ്ടും മനുഷ്യരുടെ ശീലങ്ങളുമായി ബന്ധപ്പെട്ടവയാണ്. സ്വയം തിരിച്ചറിഞ്ഞ് തിരുത്തേണ്ടവയുമാണ്. എന്നാൽ ജനങ്ങൾ ബോധവാൻമാരാകാത്തതിനാൽ തിരുത്തലുകൾക്കായി ഭരണ സംവിധാനങ്ങൾ മുന്നോട്ടിറങ്ങുകയാണ്.
വയനാട്ടിലെ ആദിവാസികൾക്കിടയിൽ വ്യാപകമായി ശീലിച്ചു പോരുന്ന പുകയില മുറുക്ക് നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യ താമ്പൂലം പദ്ധതി ആരോഗ്യ മേഖലയിൽ പുതിയൊരു കാൽവെപ്പാണ്. 
മുറുക്കുന്ന ശീലം പാടെ നിരോധിക്കുന്നതിന് പകരം പുകയില ഒഴിവാക്കിയുള്ള മുറുക്കിനെ പ്രോൽസാഹിപ്പിക്കുന്നതാണ് കേന്ദ്ര ആയുഷ് വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി. വെറ്റിലയിൽ പുകയിലക്ക് പകരം കരയാമ്പൂ, ഏലക്കാ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തിയുള്ള മുറുക്ക് ശീലിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഇതിനായി പ്രത്യേക തയാറാക്കിയ മുറുക്കാൻ പാക്കുകൾ ആദിവാസികൾക്കിടയിൽ വിതരണം ചെയ്യും. 
വയനാട്ടിലെ ആദിവാസികൾക്കിടയിൽ മുപ്പത് കോളനികളിലായി താമസിക്കുന്നവരിൽ എൺപത് ശതമാനം പേരും പുകയില കൂട്ടിയുള്ള വെറ്റിലമുറുക്ക് ശീലത്തിന് അടിമകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ വലിയൊരു വിഭാഗം പേർ കാൻസർ രോഗമുള്ളവരോ രോഗ സാധ്യത കൂടുതലുള്ളവരോ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 
മുറുക്കുന്ന ശീലം പെട്ടെന്ന് നിർത്താൻ ഇവർക്കാവില്ല. അതിനാലാണ് കാൻസർ വരുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെ പുകയില ഒഴിവാക്കിയുള്ള മുറുക്കിലേക്ക് ഇവരെ ആകർഷിക്കുന്നത്. സിദ്ധ വൈദ്യത്തിലുള്ള ഒറ്റമൂലികളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വെറ്റിലയിൽ ഏലക്കാ, കരയാമ്പൂ, അടക്ക, കുരുമുളക് തിരി, ചെറുനാരങ്ങ തുടങ്ങിയവ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പു തന്നെ പുതിയ മുറുക്ക് പാക്ക് തയാറാക്കുകയാണ്. ഇവ ആദിവാസികൾക്ക് നൽകുകയും ഉപയോഗിക്കാനായി ബോധവൽക്കരിക്കുകയും ചെയ്യും.
ഈ പദ്ധതി വിജയിക്കണമെങ്കിൽ ആദിവാസികളിൽ നിന്ന്് സഹകരണം അനിവാര്യമാണ്. ഏറെ കാലമായുള്ള അവരുടെ ശീലങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് ശ്രമകരമായ കാര്യമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. എന്നാൽ ഇതൊരു പ്രത്യേക പദ്ധതിയായി നടപ്പാക്കി ആദിവാസികളെ മാറി ചിന്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി വിജയിച്ചാൽ അത് ആരോഗ്യ മേഖലയിലെയും ആദിവാസി സംരക്ഷണ പ്രക്രിയയിലെയും ഒരു പ്രധാന നാഴികകല്ലാകും. വയനാട്ടിലെ ആദിവാസി ഊരുകളിൽ ഇത് വിജയിച്ചാൽ സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം കൂടുതലുള്ള മറ്റ് ആദിവാസി മേഖലകളിലേക്കും പൊതുസമൂഹത്തിലേക്കും വ്യാപിപ്പിക്കാനുമാകും.
പൊതുസ്ഥലങ്ങളിലെ തുപ്പൽ സ്വഭാവത്തിനെതിരെ സുൽത്താൻ ബത്തേരി നഗരസഭ കൊണ്ടുവന്ന നിരോധനവും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നൂതനമായ നീക്കമാണ്. പൊതു ഇടങ്ങളെ വൃത്തിഹീനമാക്കുന്ന രീതിയിൽ തുപ്പി നിറക്കുന്നത് സുൽത്താൻ ബത്തേരിയിലെ മാത്രം പ്രശ്്‌നമല്ല. ഇന്ത്യയൊട്ടുക്ക് ഒരു തുപ്പൽ കോളാമ്പിയായി മാറിയിരിക്കുന്ന അവസ്ഥയാണുള്ളത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതും തുപ്പുന്നതുമൊന്നും അത്ര പ്രശ്്‌നമുള്ള കാര്യമായല്ല മലയാളികൾ കാണുന്നത്. പല വികസിത വിദേശ രാജ്യങ്ങളിലും പൊതുസ്ഥലങ്ങളിൽ തുപ്പൽ അനുവദനീയമല്ല എന്നു മാത്രമല്ല, ജനങ്ങൾക്ക് പൊതു ഇടങ്ങളിൽ തുപ്പുന്ന സ്വഭാവവുമില്ല. വടക്കേ ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിലുള്ളവരിൽ പൊതുസ്ഥലത്തെ തുപ്പൽ സ്വഭാവം കുറവാണെങ്കിലും അത് പൂർണമായും അവസാനിപ്പിക്കാനായിട്ടില്ല. ഈ സാഹചര്യത്തിനാണ് നിയമം മൂലം ഇത് നിരോധിക്കാൻ സുൽത്താൻ ബത്തേരി നഗരസഭ മുന്നോട്ടു വന്നത്. കേരളത്തിൽ 2006 ൽ ഹൈക്കോടതി നിർദേശ പ്രകാരം പൊതുസ്ഥലത്ത് തുപ്പുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമം നടപ്പായിട്ടില്ല. കേരളത്തിൽ ആദ്യമായി ഇക്കാര്യത്തിൽ നിരോധനം ഏർപ്പെടുത്തിയ നഗരസഭയാണ് സുൽത്താൻ ബത്തേരി.
ഒരു മാസത്തോളം നിരോധനം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. തുടർന്ന് ശിക്ഷാ നടപടികളും ആരംഭിച്ചു. പൊതുസ്ഥലത്ത് തുപ്പിയതിന് എട്ടു പേർക്കെതിരെ നഗരസഭയുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പാൻ ഉൽപന്നങ്ങൾ വിൽക്കുന്ന മൂന്നു കടക്കാർക്കെതിരെ നഗരസഭയും നടപടിയെടുത്തു. പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരെ പോലീസ് പെറ്റി കേസ് എടുക്കും. കോടതിയാണ് പിഴ വിധിക്കുന്നത്.
പൊതുസ്ഥലങ്ങൾ തുപ്പൽ മൂലം വൃത്തിഹീനമായി മാറിയതോടെയാണ് നഗരസഭ കടുത്ത നടപടികളിലേക്ക് കടന്നത്. മാത്രമല്ല, ഇത് പൊതുജനാരോഗ്യത്തിനും ഹാനികരമാണ്. സർക്കാർ സ്ഥാപനങ്ങളുടെ ചുമരുകൾ, കോണിപ്പടികൾ, റോഡുകൾ എന്നിവയെല്ലാം തുപ്പൽ മൂലം വൃത്തിഹീനമായി മാറിയിരുന്നു. പാൻ വിൽപനയാണ് തുപ്പലിന് പ്രധാന കാരണമെന്ന് കണ്ടതിനാൽ അവർക്കും ചില നിയന്ത്രണങ്ങളുണ്ട്. പാൻ പാക്കുകൾ പാർസലായി കൊടുക്കണമെന്നാണ് ഒരു നിബന്ധന. കടകൾക്ക് സമീപം തുപ്പൽ കണ്ടാൽ കടക്കാരനെതിരെ കേസെടുക്കാനും നഗരസഭയുടെ നിർദേശമുണ്ട്.
പൊതുസ്ഥലങ്ങളിലെ തുപ്പൽ സുൽത്താൻ ബത്തേരിയുടെ മാത്രം തലവേദനയല്ല. നിയമമൊക്കെ ഉണ്ടെങ്കിലും ജനങ്ങൾ സ്വയം മാറാൻ തയാറാകാത്തതാണ് കാരണം. കർശനമായ നിയമത്തിലൂടെ മാത്രമേ ഈ പൊതുവിപത്തിന് തടയിടാനാകൂ എന്നാണ് നഗരസഭയുടെ നടപടി ചുണ്ടിക്കാട്ടുന്നത്. 
പൊതുസ്ഥലത്തെ പുകവലിക്കെതിരെ ശിക്ഷാ നടപടികൾ ശക്തമാക്കിയത് ആ ശീലത്തിൽ കുറവുണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. അതേ രീതിയിൽ പൊതു ഇടങ്ങളിലെ തുപ്പലും നിരോധിക്കാനാകുമെന്നാണ് സുൽത്താൻ ബത്തേരിയുടെ പ്രതീക്ഷ. നഗരസഭ കാണിച്ച മാതൃക പിൻതുടർന്ന് സംസ്ഥാന സർക്കാർ പഴയ നിയമം കർശനമാക്കി നടപ്പാക്കണം. പൊതു ഇടങ്ങൾ ശുചിയായി കിടക്കേണ്ടത് കേരളത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ആവശ്യമാണ്.
 

Latest News