ജോലിക്കാരിയെ ഒന്നരവർഷത്തോളം പീഡിപ്പിച്ച ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

മൂവാറ്റുപുഴ-തൊഴിലുടമ ഒന്നര വർഷത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടൻകുഴിയിൽ അലിയാർ എന്ന് അലിയെ (49) പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞാർ സ്വദേശിനിയും ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയുമായിരുന്ന യുവതി കഴിഞ്ഞ 18നാണ്  പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ  സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. 

യുവതി  ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാൽ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.

Latest News