കമല്‍ഹാസന്‍ ചുംബിച്ചത് അനുവാദമില്ലാതെ-  നടി രേഖ 

കോയമ്പത്തൂര്‍- മുപ്പത്തിനാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയില്‍ കമല്‍ഹാസന്‍ തന്റെ അനുവാദം കൂടാതെ ചുംബിച്ചെന്ന നടി രേഖയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തു സോഷ്യല്‍ മീഡിയ. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'പുന്നഗൈ മന്നന്‍' എന്ന സിനിമയില്‍ കമല്‍ഹാസന്‍ തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്നാണ് രേഖ ഒരഭിമുഖത്തിനിടെ വ്യക്തമാക്കിയത്. അഭിമുഖം ചര്‍ച്ചയായതോടെയാണ് കമല്‍ഹാസനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. ചിത്രത്തില്‍ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുണ്ടില്‍ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസെ ഉണ്ടായിരുന്നുള്ളൂ .ചുംബിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്ന് രേഖ പറയുന്നു. സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് പറഞ്ഞപ്പോള്‍ ഒരിക്കലും ആ രംഗം മോശമാകില്ലെന്ന് പറഞ്ഞു.'തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ' എന്ന് രേഖ പറഞ്ഞു. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Latest News