ബഹ്‌റൈനില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ

മനാമ- ബഹ്‌റൈനില്‍ ഒമ്പതു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ രണ്ടു പേര്‍ സൗദി വനിതകളാണ്. ഇറാനില്‍നിന്ന് ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ സൗദി വനിതകള്‍ക്കും ബഹ്‌റൈനികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 17 ആയി. ബഹ്‌റൈനില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലുള്ള സൗദി വനിതകളുടെ എണ്ണം ആറായിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം ഇന്നു മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു.
ഇറാനിലെ എല്ലാ നഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഒരാഴ്ചക്കു ശേഷം വിലക്ക് നീട്ടിയേക്കും. ടെഹ്‌റാന്‍ ഒഴികെയുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു ആദ്യ തീരുമാനം.

 

 

Latest News