Sorry, you need to enable JavaScript to visit this website.

കണ്ണിറുക്കൽ പഠിക്കണം

കട്ടൻ ചായക്കും കുശലാന്വേഷണത്തിനും ശേഷം കഫീൽ അലവി കാര്യത്തിലേക്ക് കടന്നു. വർക്കോസ് എന്ന് കേട്ടിരുന്നുവെങ്കിലും അത് എന്താണെന്ന് കണ്ടുപിടിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട മൽബു കാതു കൂർപ്പിച്ചു. ഉറപ്പിച്ച ജോലി എന്താണെന്നറിയാതെ വീർപ്പുമുട്ടിയ മൽബുമാർ ഗൾഫ് ചരിത്രത്തിൽ അധികമില്ല. തൊഴിലുകൾ പരസ്പരം അറിയിച്ചും റെക്കമൻഡ് ചെയ്തും സഹായിച്ചുമാണ് പലരും പ്രതീക്ഷിക്കാത്ത പ്രൊഫഷനുകളിൽ എത്തിപ്പെടാറുള്ളത്. ബിരുദങ്ങളും യോഗ്യതകളുമൊക്കെ ചിലപ്പോൾ അലങ്കാരമായി അവശേഷിക്കും. പലപ്പോഴും അതൊന്നും ആർക്കും കാണേണ്ട ആവശ്യമേയില്ല. അങ്ങനെയാണ് പത്താം ക്ലാസും ഗുസ്തിയുമുള്ളവൻ മാനേജറും ബിരുദധാരി മെസഞ്ചറുമാകുന്നത്. 
ഓൾഡ് കഫീൽ ഇങ്ങോട്ട് വിളിച്ചാണ് മൽബുവിന് ജോലി ഓഫർ ചെയ്തിരിക്കുന്നത്. കഫീൽ അലവി സംസാരിച്ചുതുടങ്ങിയതും വർക്കോസ് എന്താണെന്ന് മനസ്സിലാക്കാനുതകുന്ന ഒരു ബിസിനസ് കാർഡ് മൽബുവിന്റെ കണ്ണിൽ പെട്ടതും ഒരേ നിമിഷത്തിലായിരുന്നു. ആളുകൾ സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിലേക്ക് തന്നെ നോക്കണമെന്ന മോട്ടിവേഷൻ ക്ലാസ് ലഭിച്ചിട്ടുള്ള മൽബു കാർഡിൽ നിന്ന് തന്റെ കണ്ണുകൾ പിൻവലിച്ച് നോട്ടം കഫീലിന്റെ കണ്ണുകളിലാക്കി.
ഹംസ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?
കഫീൽ പറഞ്ഞപ്പോൾ മൽബു ഹംസയെ നോക്കി. 
ഹംസ കണ്ണിറുക്കി..അതിൽ അയാൾ വൻ പരാജയമായിരുന്നു. അയാളുടെ മുഖമാകെ ചിളുങ്ങിപ്പോയി. കണ്ണിറുക്കലിൽ പുരുഷൻമാരാണ് കേമൻമാരെന്ന് പറയാറുണ്ടെങ്കിലും മൽബുവും ഇക്കാര്യത്തിൽ പരാജയമായിരുന്നു. മൽബിയോട് നടത്താറുള്ള എല്ലാ കണ്ണിറുക്കലുകളും പരാജയപ്പെടാറാണ് പതിവ്. ഒന്നുകിൽ അത്  സ്വന്തം അമ്മോനും മൽബിയുടെ വാപ്പിച്ചിയുമായ കാക്കയുടെ കണ്ണിൽ പെടും, അല്ലെങ്കിൽ മക്കൾ പിടിക്കും. 
വാര്യരുടെ വീഡിയോ നോക്കി പഠിക്കാൻ മൽബി നിർദേശിച്ചെങ്കിലും ഇതുവരെ ശരിക്കുമങ്ങ് പഠിഞ്ഞിട്ടില്ല. ഏതായാലും പഠനത്തിനായി ഹംസക്കും വാര്യരു കുട്ടിയെ നിർദേശിക്കണം. ജീവിത വിജയത്തിനാവശ്യമായ ടിപ്പുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണ്ണിറുക്കൽ. കാമുകീകാമുകൻമാർക്ക് മാത്രമായി അതു വിട്ടുകൊടുക്കേണ്ടതല്ല. ഇപ്പോൾ കണ്ടില്ലേ മറ്റെല്ലാം അറിഞ്ഞിട്ടും ഇക്കാര്യത്തിൽ ഹംസക്കുണ്ടായ പരാജയം?
മൽബുവിനോട് കണ്ണിറുക്കിയ ശേഷം ഹംസ കഫീലിനോട് പച്ചക്കള്ളം പറയുകയും ചെയ്തു.
എല്ലാം പറഞ്ഞിട്ടുണ്ട്. നാളെ തന്നെ ജോലിക്കു കയറും. 
എന്തു പറഞ്ഞിട്ടുണ്ട്? എന്തു ജോലി? മൽബു മൂക്കത്തു വിരൽവെച്ചു. 
അപ്പോഴേക്കും കഫീലിന് മറ്റൊരു വിസിറ്റർ വരികയും അമ്പരന്നു നിൽക്കുകയായിരുന്ന മൽബുവിനെയും കൂട്ടി ഹംസ പുറത്തിറങ്ങുകയും ചെയ്തു.
ഡോർ അടഞ്ഞതും മൽബു ചോദിച്ചു: ഹംസ ഭായി ഇവിടെ നല്ലോണം ജോലി ഉണ്ടാകുമോ?
ഏയ്, പണിയൊക്കെ ഈസിയായിരിക്കും. ആളുകളെ നിയന്ത്രിക്കലാണല്ലോ പണി. ബേസിക്കലി എല്ലാവരും നല്ലയാളുകളായിരിക്കും. പക്ഷേ പാര വെച്ചാളും. അതു സൂക്ഷിച്ചാൽ മതി.
ഹംസ ഇപ്പറഞ്ഞത് തന്നെ കുറിച്ച് മാത്രമാണെന്ന് തോന്നി മൽബുവിന്. അതുകൊണ്ടു തന്നെ മറുപടി നൽകണം. അല്ലെങ്കിൽ പഴയ കൂട്ടുകാരൻ തെറ്റിദ്ധാരണയുമായി നടക്കും. ശരിയായ ധാരണയില്ലായ്മയാണല്ലോ പലപ്പോഴും പോയിസനായി വളരുന്നതും ഒടുവിൽ ജീവൻ പോലുമെടുക്കുന്നതും. ഇതും മൽബുവിനു പകർന്നു കിട്ടിയത് മോട്ടിവിഷേൻ ക്ലാസിൽനിന്നാണ്. നടപ്പിലാകാത്ത ഓരോ നിർദേശത്തെയും മൽബു മോട്ടിവിഷമെന്നാണ് പറയുക. 
മൽബു പറഞ്ഞു: എന്റെ ജീവിതത്തിൽ ഇതുവരെ ഇല്ലാത്തതാണ് പാര. ഇനിയൊരിക്കലും അത് ഉണ്ടാവുകയുമില്ല. പാര വെക്കുന്നവന് മുകളിലുള്ളവൻ കൊടുത്തോളും. അതാണ് എന്റെ പോളിസി. ഇവിടെ കിട്ടിയില്ലെങ്കിൽ അവിടെ കിട്ടും.
മൽബുവിന്റെ കാര്യമല്ല പറഞ്ഞത്. ഞാൻ ജോലിയുടെ കാര്യമാണ് ഉദ്ദേശിച്ചത് -ഹംസ പറഞ്ഞു. 
നിങ്ങളുടെ കീഴിൽ ഒരു നൂറു പേരെങ്കിലും ഉണ്ടാകും. അവരെ സൂപ്പർവൈസ് ചെയ്യുമ്പോൾ നല്ലോണം കണ്ണു വേണം. പരസ്പരം പാരവെക്കുകയും കഫീലിന്റെ ചെവിയിൽ എത്തിക്കുകയും ചെയ്യും. ഓരോരുത്തരും സ്വന്തം കാര്യമാണ് നോക്കുക.
അപ്പോൾ ഇത് ലേബർ സപ്ലൈ കമ്പനിയാണോ?
അതെ, അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്. വർക്കോസാണെന്ന്. ഇതും പറഞ്ഞ് ഹംസ ഒരു ബിസിനസ് കാർഡ് എടുത്ത് മൽബുവിനു നേരെ നീട്ടി.
അതിൽ ചുവപ്പ് വലിയ അക്ഷരത്തിൽ വർക്ക് ഫോഴ്‌സ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. 
ഓ ഇതായിരുന്നോ വർക്കോസ്. മൽബുവിന്റെ മനസ്സിൽ അപ്പോൾ ഓർമ വന്നത് മൽബിക്ക് പണ്ടത്തെ ഒരു അനുഭവമാണ്. അയൽവാസിയായ ഒരു തമിഴത്തിത്തള്ള മൽബിക്ക് ഉള്ളി കൊണ്ടുവന്നു കൊടുത്ത സംഭവം.
 

Latest News