Sorry, you need to enable JavaScript to visit this website.

പരസ്യങ്ങള്‍ പതിക്കുന്നതില്‍ നിയന്ത്രണം വരുത്തി ശൈഖ് മുഹമ്മദ്

ദുബായ്- എമിറേറ്റില്‍ പരസ്യങ്ങള്‍ പതിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിന്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഘടിപ്പിക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞു. നിയമലംഘകര്‍ വന്‍ തുക പിഴ ഒടുക്കേണ്ടി വരും.
പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരിക്കരുത് പരസ്യങ്ങള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങളിലൂടെ കൈമാറുന്നതും നിയമലംഘനമായി കരുതും. ദുബായിലെ ഫ്രീ സോണുകളടക്കം എല്ലായിടത്തെയും പരസ്യങ്ങളില്‍ നിയമം ബാധകമാണെന്നും വ്യക്തമാക്കി.
ചരിത്രപരമായ കെട്ടിടങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ശ്മശാനങ്ങള്‍, ട്രാഫിക് ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍, ഗവ. കെട്ടിടങ്ങള്‍, മരങ്ങള്‍, കര്‍ശന പ്രവേശമുള്ള സ്ഥലങ്ങള്‍, താമസ കെട്ടിടങ്ങള്‍, അധികൃതര്‍ നിര്‍ദേശിക്കുന്ന മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ല.

 

Latest News