Sorry, you need to enable JavaScript to visit this website.

പൊളിച്ചെഴുതണം,  കേരള മോഡൽ

കേരളത്തിലെ പാർശ്വവൽക്കൃതർക്ക് ഭൂമി- പാർപ്പിടം-തൊഴിൽ-വിഭവാധികാരം എന്നിവയിൽ തുല്യനീതി ഉറപ്പാക്കാൻ 2017 ജനുവരി 29 ന് ചെങ്ങറ സമര ഭൂമിയിൽ 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. 60 വർഷത്തെ ജനാധിപത്യ ഭരണത്തിൽ തകർക്കപ്പെട്ട പാർശ്വവൽക്കൃതരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ബദൽ പരിപാടിയുടെ പ്രഖ്യാപന സമ്മേളനം ഗുജറാത്തിലെ ഉന സമര നേതാവ് ജിഗ്‌നേഷ് മെവാനിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം പിന്നിട്ടപ്പോൾ കേരളത്തിലെ ആദിവാസികൾ, ദളിതർ, ദളിത് ക്രൈസ്തവർ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ സമൂഹങ്ങൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, പിന്നോക്ക സാമുദായിക വിഭാഗങ്ങൾ, ഭാഷാ-വംശീയ-മതന്യൂനപക്ഷങ്ങൾ തുടങ്ങിയവർ രാഷ്ട്രീയ സാമൂഹിക  അധികാരത്തിൽ നിന്നും പുറന്തള്ളപ്പെട്ടു. പ്രകൃതി-വനം-മണ്ണ്-തണ്ണീർതടങ്ങൾ- കടൽ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾ ഇന്ന് കോളനികൾ, ചേരികൾ, പുറമ്പോക്കുകൾ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെടുകയും ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. 
കേരളത്തിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും തദ്ദേശീയ ജനതയെ അടിമകളാക്കുകയും ചെയ്ത  വൈദേശിക ശക്തികളുടെ നയങ്ങൾ തെന്നയാണ് ജനാധിപത്യ സർക്കാരുകളും തുടർന്നുവന്നത്. ഭൂപരിഷ്‌കരണ നടപടികൾ വൻകിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചില്ല. ജാതി വ്യവസ്ഥയ്ക്ക് പോറൽ പോലും ഏൽപിച്ചില്ല. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി-ദളിത് പാരമ്പര്യ സമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാൻ യാതൊരുവിധ നിയമ നിർമ്മാണവും നടത്തിയില്ല. ജന്മിത്തത്തിന് അറുതി വരുത്താൻ നിയമ നിർമ്മാണം നടത്തിയെങ്കിലും കൃഷി ഭൂമിയിലേറെയും തോട്ടങ്ങളാക്കി മാറ്റി. ഭൂമിയിൽ സ്ഥിരാവകാശം കിട്ടിയവരാകട്ടെ, കൃഷി ഭൂമിയെ വിൽപനച്ചരക്കാക്കി മാറ്റുകയും ചെയ്തു. കേരളത്തിലെ കൃഷി ഭൂമിയിൽ കോർപറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിർത്തുകയാണ്. റവന്യൂ ഭൂമിയുടെ 58% (ഏതാണ്ട് 5 ലക്ഷം ഏക്കർ) ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാർ വ്യാജരേഖകളിലൂടെ കൈവശം വെച്ചുവരികയാണെന്ന് സർക്കാർ നിയോഗിച്ച രാജമാണിക്യം റിപ്പോർട്ട് വ്യക്തമാക്കുന്നു. 
കൃഷി ഭൂമിയിലെ മൂലധന ശക്തികളുടെയും ജാതിമേധാവികളുടെയും നിയന്ത്രണം കാരണം കേരളത്തിലെ ഭൂരഹിതരായ ദളിതർ, ആദിവാസികൾ, മറ്റു പാർശ്വവൽക്കൃത വിഭാഗങ്ങൾ തുടങ്ങിയവർ അര ലക്ഷത്തോളം വരുന്ന ജാതി കോളനികളിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഭൂപരിഷ്‌കരണത്തിന് ശേഷം 3 സെന്റിലേക്കും 5 സെന്റിലേക്കുമാണ് ആട്ടിപ്പായിക്കപ്പെട്ടത്. ഭൂരഹിതർക്ക് 3 സെൻറ്  ഭൂമിയും ഭവന രഹിതർക്ക്  327 സ്‌ക്വയർ ഫീറ്റ്  മാത്രമുള്ള 5 ലക്ഷത്തോളം ഫഌറ്റുകളും നിർമ്മിച്ച് പാർശ്വവൽക്കൃതരെ വീണ്ടും കോളനിവൽക്കരിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
കാർഷിക-വ്യാവസായിക മേഖലകൾ ദുർബലപ്പെട്ട കേരളത്തിൽ പുത്തൻ പണക്കാർ അവശേഷിക്കുന്ന പ്രകൃതി വിഭവങ്ങൾ കൂടി കൊള്ളയടിക്കുകയാണ്. തണ്ണീർതടങ്ങളും നെൽവയലുകളും നികത്തപ്പെടുകയും പശ്ചിമഘട്ടം വൻകിട നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി തകർക്കപ്പെടുകയുമാണ്. കമ്പോള സംസ്‌കാരത്തിന്റെ വ്യാപനം കേരളത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റുകയാണ്. വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമാക്കപ്പെട്ട കേരളം രോഗ വ്യവസായത്തിന്റെ നാടായി മാറിയിരിക്കുകയാണ്.
ജീവിക്കാനുള്ള സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും ഇല്ലായ്മ ചെയ്യുന്ന മൂല്യങ്ങൾ നഷ്ടപ്പെട്ട സംസ്‌കാരത്തിന് മേധാവിത്വം കിട്ടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും വർധിച്ചു വരികയാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനത്തോടൊപ്പം കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകളും പൗരാവകാശ നിഷേധവും വർധിച്ചുവരികയാണ്. ദളിത്-ആദിവാസി-സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ശക്തിപ്പെടുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ അപചയവും ആശങ്കാജനകമാണ്. തകർന്നുകൊണ്ടിരിക്കുന്ന കേരള മോഡൽ വികസനത്തിൽ ദുർബല വിഭാഗങ്ങൾ ആശങ്കയിലാണ്. തകർച്ചയ്ക്ക് കാരണം അപരനാണെന്ന് 
ഓരോ സാമൂഹിക വിഭാഗവും കരുതുന്നു. ജാതി വ്യവസ്ഥയെ ബലപ്പെടുത്തുന്ന ഹൈന്ദവ പുനരുജ്ജീവന ശക്തികളുടെ ശക്തിപ്പെടലിന് ഇത് കാരണമാവുകയും സമൂഹം വർഗീയവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ അധികാരത്തിൽ പങ്കാളിത്തം ഉണ്ടായിട്ടും മുസ്‌ലിം സമൂഹത്തെ പൊതുധാരയിൽ നിന്നും അകറ്റാനും അപരവൽക്കരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 
തകർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ പുത്തൻ ബദലിനായി കഴിഞ്ഞ ദശകങ്ങളിൽ നിരവധി സാമൂഹിക വിഭാഗങ്ങൾ സമര രംഗത്തു വന്നിട്ടുണ്ട്. പരമ്പരാഗത തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി ജീവിക്കാനുള്ള അവകാശത്തിനും സാമുദായിക സ്വത്വം സ്ഥാപിച്ചെടുക്കാനും ജാതി നശീകരണത്തിനും വേണ്ടിയുള്ളവയാണ് സമരങ്ങളിലേറെയും. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ദളിതർ, തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, പരമ്പരാഗത തൊഴിൽ സമൂഹങ്ങൾ തുടങ്ങിയവരാണ് പുതിയ മുന്നേറ്റം നടത്തിയവർ. 
ജാതി കോളനികളിൽ നിന്നും മോചിക്കാനായി മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ അസംഖ്യം ഭൂസമരങ്ങൾ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ആയിരക്കണക്കിന് ഭൂരഹിതർ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ജയിലിലടക്കപ്പെട്ടിട്ടുണ്ട്. വെടിവെപ്പിലും മർദ്ദനത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. നിരവധി പേർ ആത്മാഹുതിക്ക് ശ്രമിച്ചിട്ടുണ്ട്. നിരവധി പാക്കേജുകളും കരാറുകളും അംഗീകരിക്കാൻ  സർക്കാർ നിർബന്ധിതമായി.  ജാതി കോളനികൾ ഇല്ലായ്മ ചെയ്യാനുള്ള തീവ്രമായ ആവശ്യം പ്രക്ഷോഭങ്ങളിലൂടെ കേരളത്തിലെ പാർശ്വവൽക്കൃതർ പൊതുരാഷ്ട്രീയ മണ്ഡലത്തിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഭരണ രാഷ്ട്രീയപാർട്ടികൾ നയരൂപീകരണത്തിന്റെ അജണ്ടയിൽ ഭൂപ്രശ്‌നം ഉൾപ്പെടുത്തുന്നില്ല. അവിടെ ജാതി ബോധം കൊടികുത്തി വാഴുന്നു. ചെങ്ങറ ഉൾപ്പെടെയുള്ള സമര ഭൂമിയിലുള്ളവരുടെ മനുഷ്യാവകാശം ഇന്നും അംഗീകരിക്കുന്നില്ല.
ചെങ്ങറയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 2017 ഏപ്രിൽ 1 മുതൽ കാസർകോട്ട് നിന്ന് പദയാത്ര ആരംഭിക്കുകയും മെയ് അവസാന വാരം തിരുവനന്തപുരത്ത് എത്തിച്ചേരുന്നതുമാണ്. കേരളത്തിലെ ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി,തോട്ടം തൊഴിലാളി കോളനികളും ചേരികളും സമര മുഖങ്ങളിലും സന്ദർശിച്ച് കടന്നു പോകുന്ന 'ചലോ തിരുവനന്തപുരം' പദയാത്ര പാർശ്വവൽക്കൃതരുടെ ഒരു നവജനാധിപത്യ പ്രസ്ഥാനമായി വിപുലീകരിക്കുമെന്നാണ് പ്രതീക്ഷ. 

Latest News