Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളെ കബളിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ റിമാന്റില്‍

കൊച്ചി- സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്‌കൂള്‍ അധികൃതരെ കോടതി റിമാന്റ് ചെയ്തു. സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാല്‍ കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസിലെ 29 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്  വഞ്ചനാകുറ്റം ചുമത്തി സ്‌കൂള്‍ മാനേജര്‍ മാഗി അരൂജാ മാനേജ്‌മെന്റ് അംഗങ്ങളായ സിന്ധു മേനോന്‍ , മെല്‍ബിന്‍ ഡിക്രൂസ് എന്നിവരെ  അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

സ്‌കൂളിന് അംഗീകാരം ഇല്ലാത്തത് മറച്ച് വെച്ച് വര്‍ഷങ്ങളായി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കബളിപ്പിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ഏഴ് കൊല്ലമായി അരൂജാസ് സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിച്ചിരുന്നത്. ഇക്കൊല്ലം ഇത് നടക്കാതെ വന്നതോടെയാണ് 29 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2018ല്‍ സ്‌കൂള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അതിനിടെ, കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എന്‍.ഒ.സി, അവസാനമായി അഫിലിയേഷന്‍ ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള സി.ബി.എസ്.ഇ.യുടെ ലെറ്റര്‍ എന്നിവ കൃത്യമാണോ എന്ന് രക്ഷിതാക്കള്‍ പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്‌കൂളുകള്‍ക്ക് അംഗീകാരം ഇല്ലാത്തതിനാല്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് കലക്ടറേറ്റില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News