ലക്‌നൗ- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. 80-ലേറെ പേര്‍ക്ക് പരിക്കേറ്റു. മുസാഫര്‍നഗറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഖടോലിയിലാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ ഖടോളി സ്റ്റേഷന്‍ കടന്നു പോകുന്നതിനിടെയാണ് ദുരന്തം. 14 കോച്ചുകളാണ് പാളംതെറ്റിയത്. പാളത്തിനു സമീപത്തെ ഒരു വീടും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ അപകടത്തിനു പിന്നില്‍ അട്ടിമറികളില്ലെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ റെയില്‍വെ ട്രാക്കില്‍ നടന്നു വരുന്ന അറ്റകുറ്റപ്പണിയെ കുറിച്ച് ഡ്രൈവറെ അറിയിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. അപകടം നടന്നയിടത്ത് 15 മീറ്ററോളം ട്രാക്ക് എടുത്തു മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയായിരുന്നു. വേഗതയിലെത്തിയ ട്രെയിന്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടതോടെ പണി ആയുധങ്ങള്‍ ഉപേക്ഷിച്ച് ജോലിക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ട്രാക്കിലെ അറ്റകുറ്റപ്പണി ഖടോളി സ്റ്റേഷന്‍ ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. അലര്‍ട്ട് സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഉത്കല്‍ എക്‌സ്പ്രസ് ഖടോളി സ്റ്റേഷനു മുമ്പു തന്നെ നിര്‍ത്തുമായിരുന്നെന്നും റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. മീററ്റിനും മുസാഫര്‍നഗറിനുമിടയിലെ അലര്‍ട്ട് സംവിധാനം എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതാണ് ടെയിന്‍ പാളം തെറ്റാനിടയാക്കിയതെന്ന് യുപി ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും മുന്നറിയിപ്പ് കൊടുത്തിരുന്നില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്ന വിവരം അറിയാത്ത ഡ്രൈവര്‍ ട്രാക്കില്‍ ജോലിക്കാരെ കണ്ട് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.