ദല്‍ഹി സംഘര്‍ഷത്തില്‍ മരണം നാലായി; മുസ്ലിംങ്ങളെ തിരഞ്ഞ് പിടിച്ച് പൗരത്വഅനുകൂലികളുടെ അക്രമം,ചിത്രങ്ങള്‍ പുറത്ത്

ന്യൂദല്‍ഹി- പൗരത്വഭേദഗതി പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൗരത്വഅനുകൂലികള്‍ നടത്തിയ റാലികളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒരു പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൗരത്വഅനുകൂലികള്‍ നടത്തിയ പെട്രോള്‍ബോംബേറിലും കല്ലേറിലും മര്‍ദ്ദനത്തെയും തുടര്‍ന്നാണ് മൂന്ന് പേരുടെ മരണമെന്നാണ് വിവരം.അതിക്രൂരമായ അക്രമത്തിലാണ് മുഹമ്മദ് ഫുര്‍ഖാന്‍ എന്ന പ്രതിഷേധസമര പങ്കാളി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കല്ലേറില്‍ പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചവരില്‍ മറ്റൊരാള്‍. പോലിസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പൗരത്വഅനുകൂലികള്‍ മുസ്ലിംങ്ങളെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുന്നതും പെട്രോള്‍ ബോംബെറിയുന്ന ചിത്രങ്ങള്‍ സ്‌ക്രോള്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

പര്‍ദ്ദ ധരിച്ച സ്ത്രീകളെ തിരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതും ചിത്രങ്ങളില്‍ കാണാം. കനത്ത പോലിസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരിക്കെ ഈ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു.കൂടാതെ പൗരത്വഭേദഗതിക്ക് എതിരായി സമരം ചെയ്യുന്നവരുടെ ടെന്റുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്.ജാഫറാബാദ്,ഭജന്‍പുരി,മൗജ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
 വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംഘര്‍ഷമാണ് അരങ്ങേറുന്നത്. ജാഫറാബാദ് അടക്കമുള്ള വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
 

Latest News