Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ സൗദി പൗരനടക്കം മൂന്നുപേര്‍ക്ക് കൊറോണബാധ; ബഹ്‌റൈനിലും ഒരാള്‍ക്ക് രോഗം

കുവൈത്ത് സിറ്റി- കുവൈത്തില്‍ സൗദി പൗരന് കൊറോണ (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. സൗദി പൗരന്മാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ കേസാണിത്. കുവൈത്തില്‍ മൂന്നു പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ക്കും രോഗം വന്നത് ഇറാനില്‍നിന്നാണ്.
ഇതോടെ ഗള്‍ഫില്‍ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ 13 കൊറോണ  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ അടക്കം സൗദിയില്‍ ഇതുവരെ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

ഇറാനിലെ മശ്ഹദില്‍നിന്ന് എത്തിയ മൂന്നു പേര്‍ക്കാണ് കുവൈത്തില്‍ കൊറോണബാധ സ്ഥിരീകരിച്ചത്. 53 വയസ് പ്രായമുള്ള കുവൈത്തി പൗരനും 61 വയസ് പ്രായമുള്ള സൗദി പൗരനുമാണ് രോഗം. പ്രത്യേക രാജ്യത്തിന്റെ പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍പെട്ട 21 കാരനും കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേരും നിരീക്ഷണത്തിലും ചികിത്സയിലുമാണെന്നും രോഗവ്യാപനം തടയുന്നതിന് മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 
ഇറാനില്‍നിന്നെത്തിയ സ്വദേശിക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈനും അറിയിച്ചു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സക്കും പരിശോധനകള്‍ക്കുമായി ഇദ്ദേഹത്തെ സുലൈമാനിയ ഇബ്രാഹിം ഖലീല്‍ കാനു ഹെല്‍ത്ത് സെന്റില്‍ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും വിളിച്ചുവരുത്തി ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

 

Latest News