ഷാഹീന്‍ ബാഗ് സമരത്തെ പ്രശംസിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട്; കുഴപ്പക്കാര്‍ പോലീസ്

ന്യദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ തുടരുന്ന പ്രതിഷേധം സമാധാനപരമാണെന്നും യാത്രക്കാര്‍ക്കുള്ള അസൗകര്യത്തിനു കാരണം പോലീസ് നിരത്തിയ ബാരിക്കേഡുകളാണെന്നും മുന്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

പ്രതിഷേധ സ്ഥലത്തുനിന്ന് ദൂരെ മാറി പോലീസ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ അനാവശ്യമാണെന്നും സുപ്രീം കോടതി സമരക്കാരോട് ചര്‍ച്ച നടത്താന്‍ നിയോഗിച്ച സംഘത്തിലെ അംഗമായ വജാഹത്ത് ഹബീബുല്ല അറിയിച്ചു.

ഇതേ നിലപാട് തന്നെയാണ് സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് ബഹാദൂര്‍ അബ്ബാസ് നഖ്‌വിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംയുക്തമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരിക്കുന്നത്.

ഷാഹീന്‍ ബാഗ് പ്രതിഷേധ വേദി സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മൂന്ന് പേരും സംയുക്തമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഷാഹീന്‍ബാഗ് സന്ദര്‍ശിക്കാനും സമരക്കാരോട് ചര്‍ച്ച നടത്താനും ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്  ഹബീബുല്ല സമരവേദി സന്ദര്‍ശിച്ചത്.

നാളെ സുപ്രീം കോടതി വീണ്ടും വിഷയം പരിഗണിക്കും. ഷാഹീന്‍ ബാഗില്‍നിന്ന് സമരക്കാരെ നീക്കി ഗതാഗതം സുഗമമാക്കണമെന്ന ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് മൗലികാവകാശമുണ്ടെങ്കിലും റോഡുകള്‍ തടയുന്നത് അരാജക സ്ഥതി സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

 

Latest News