പ്രവാസഭൂമിയിലെ മക്കളെ കാണാന്‍ ഈ മാതാപിതാക്കളെത്തി

അബുദാബി- കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ മാതാപിതാക്കളെ സൗജന്യമായി യു.എ.ഇയിലെത്തിക്കുന്ന അബുദാബി മലയാളി സമാജത്തിന്റെ സ്‌നേഹ സ്പര്‍ശം പദ്ധതി വഴി 11 പേര്‍ അബുദാബിയിലെത്തി.  ഗള്‍ഫിലെ ഒരു സംഘടന ഇത്തരമൊരു അവസരം ഒരുക്കുന്നത് ആദ്യമാണ്.
81 വയസ്സുള്ള മലപ്പുറം വൈലത്തൂര്‍ സ്വദേശി അബ്ദുല്ല അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി യു.എ.ഇയിലെത്തിയ സംഘത്തെ പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജയരാജ്, വെല്‍ഫെയര്‍ സെക്രട്ടറി നസീര്‍ പെരുമ്പാവൂര്‍, സഹിഷ്ണുതാ വിഭാഗം സെക്രട്ടറി അബ്ദുല്‍ അസീസ് മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. പലര്‍ക്കും വിമാന യാത്ര ഇതാദ്യമായിരുന്നു.
യാത്ര യാഥാര്‍ഥ്യമാക്കിയ മലയാളി സമാജം ഭാരവാഹികള്‍ക്ക് ഇവര്‍ നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സംഘം സന്ദര്‍ശിക്കും. ഒരാള്‍ ഒഴികെ എല്ലാവരും 50നു മുകളില്‍ പ്രായമുള്ളവരാണ്. 29 ന് ഇവര്‍ മടങ്ങും. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, സിറ്റി ടൂര്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും മലയാളി സമാജവും പ്രായോജകരും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. യാത്രയിലുടനീളം കോഡിനേറ്റര്‍ നിയാസ് ഇ കുട്ടി ഇവരെ അനുഗമിക്കും.

 

Latest News