കുവൈത്ത് സിറ്റി- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ 700 കുവൈത്തികളുടെ ആദ്യസംഘം രാജ്യത്ത് തിരിച്ചെത്തി. ഡോക്ടര്‍മാരുടെ സംഘവുമായി ഇറാനിലേക്ക് പുറപ്പെട്ട അഞ്ച് വിമാനങ്ങളില്‍ ആദ്യ വിമാനമാണു 130 യാത്രക്കാരുമായി സാദ് അബ്ദുള്ള വിമാനത്താവളത്തില്‍ ഇറങ്ങിയത്.
യാത്രക്കാരെ മുഴുവനും ഇറാനില്‍ പരിശോധന നടത്തിയ ശേഷമാണ് വിമാനങ്ങളില്‍ കയറ്റിയത്. പുറമെ കുവൈത്ത് വിമാനത്താവളത്തിലും ഇവരെ പരിശോധിച്ചു. പരിശോധന നടത്തി വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടൂ. രോഗം സംശയിക്കപ്പെടുന്നവരെ ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റും.
മറ്റു യാത്രക്കാരെ രണ്ടാഴ്ച അവരവരുടെ വീടുകളില്‍ നിരീക്ഷണ വിധേയമാക്കും. മറ്റു നാല് വിമാനങ്ങളും ഉടന്‍ തന്നെ മടങ്ങിയെത്തും. ഇറാനില്‍ കൊറോണ പടര്‍ന്നു പിടിക്കുകയാണ്.