ചിത്ര പങ്കെടുത്തിരുന്നെങ്കിൽ...

ദേവീന്ദർ
ജി. ലക്ഷ്മണൻ

പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി വലിയ കോലാഹലമാണ് അരങ്ങേറിയത്. കോടതിക്കു പോലും വിഷയത്തിൽ ഇടപെടേണ്ടി വന്നു. കോടതി കനിഞ്ഞാലും ചിത്ര മത്സരിക്കരുതെന്ന് ഉറപ്പിച്ച രാജ്യത്തെ അത്‌ലറ്റിക്‌സ് മേധാവികൾ എൻട്രി നൽകാതെ ഇരുപത്തിരണ്ടുകാരിയുടെ അവസരം നഷ്ടപ്പെടുത്തി. 
25 താരങ്ങളാണ് ഇന്ത്യയെ ലോക ചാമ്പ്യൻഷിപ്പിൽ പ്രതിനിധീകരിച്ചത്. ലോക ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയപ്പോൾ ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ചിത്രയുൾപ്പെടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മൂന്നു പേരെ കൂടി പങ്കെടുപ്പിച്ചിരുന്നുവെങ്കിൽ എന്തെങ്കിലും നഷ്ടമുണ്ടാവുമായിരുന്നോ? ചിത്രയെയും സുധാ സിംഗിനെയും അജയ്കുമാർ സരോജിനെയും മാറ്റിനിർത്തി ലണ്ടനിലേക്ക് പോയ ഇന്ത്യൻ ടീം എന്താണ് നേടിയത്. 
ഇരുപത്തഞ്ചംഗ ടീമാണ് ലണ്ടനിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഒരാൾ മാത്രമാണ് ഫൈനലിലെങ്കിലുമെത്തിയത്. ജാവലിൻ ത്രോയിൽ ദേവീന്ദർ സിംഗ് കാംഗ്. ഫൈനലിൽ മത്സരിച്ച 13 പേരിൽ പന്ത്രണ്ടാമനായി. അവശേഷിച്ച 24 പേരിൽ ഒരാൾക്കു മാത്രമാണ് സെമിയിലെങ്കിലും പ്രവേശിക്കാനായത്. വനിതകളുടെ 400 മീറ്ററിൽ നിർമല ഷ്യോറാന്. സെമിയിലെത്തിയ 24 പേരിൽ ഇരുപത്തിരണ്ടാം സ്ഥാനമായിരുന്നു നിർമലക്ക്. ബാക്കിയുള്ള 23 പേരും ആദ്യ റൗണ്ട് കടന്നില്ല. ഇവരിൽ സീസണിലെ മികച്ച പ്രകടനമെങ്കിലും പുറത്തെടുക്കാനായത് ഒരാൾക്കു മാത്രം, 5000 മീറ്ററിൽ ഗോവിന്ദൻ ലക്ഷ്മണന്. ബാക്കിയാർക്കും മികച്ച സ്വന്തം പ്രകടനം പോലും ലോക ചാമ്പ്യൻഷിപ്പിൽ ആവർത്തിക്കാനായില്ല. 
ചിത്ര പോയാലും ഒന്നും സംഭവിക്കുമായിരുന്നില്ല. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തന്നെ ചിത്ര സ്വർണം നേടിയത് പ്രമുഖ താരങ്ങൾ വിട്ടുനിന്നതിനാൽ മാത്രമാണ്. പക്ഷെ മറ്റ് അത്‌ലറ്റുകളെയൊക്കെ ലോക മീറ്റിനയക്കാമെങ്കിൽ മൂന്നു താരങ്ങളെ മാത്രം മാറ്റിനിർത്തിയതിന്റെ യുക്തിയാണ് ആർക്കും മനസ്സിലാവാത്തത്. പ്രത്യേകിച്ചും ചിത്രയെന്ന വളർന്നു വരുന്ന ഒരു കായിക താരത്തിന് ലോക മീറ്റിന്റെ അന്തരീക്ഷം തന്നെ പ്രചോദനവും പരിചയവുമായേനേ. അവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുകയാണ് അധികാരികൾ ചെയ്തത്. ഒമ്പത് മലയാളികളുണ്ടായിരുന്നു ഇന്ത്യൻ ടീമിൽ. 400 മീറ്റർ ദേശീയ റെക്കോർഡുകാരനായ മുഹമ്മദ് അനസിലായിരുന്നു നേരിയ സെമി പ്രതീക്ഷ. 


ഇന്ത്യൻ ടീമിന്റെ പ്രകടനം

ജാവലിൻ ത്രോ 
മൂന്നു പേരാണ് ജാവലിൻ ത്രോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജൂനിയർ ലോക റെക്കോർഡുകാരൻ നീരജ് ചോപ്ര ഫൈനലിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സ്വന്തം പ്രകടനത്തിന് അടുത്തെങ്ങുമെത്താതെ നീരജ് പുറത്തായി. 86.48 മീറ്ററിന്റെ ജൂനിയർ ലോക റെക്കോർഡിനുടമയായ പത്തൊമ്പതുകാരൻ എറിഞ്ഞത് വെറും 82.26 മീറ്റർ. എന്നാൽ പരിക്കുമായി മത്സരിച്ച ദേവീന്ദർ ഫൈനലിലെത്തിയത് ആശ്വാസം പകർന്നു. വനിതാ വിഭാഗത്തിൽ അനുറാണി കരിയർ ബെസ്റ്റ് പ്രകടനം ആവർത്തിക്കാനാവാതെ ആദ്യ കടമ്പയിൽ വീണു. 62 മീറ്ററിനടുത്ത് എറിഞ്ഞിട്ടുള്ള ഇരുപത്തിനാലുകാരി ലണ്ടനിൽ 59.93 മീറ്ററിലൊതുങ്ങി, ഇരുപതാം സ്ഥാനം. 

4x400 റിലേ
മലയാളികളായ ജിസ്‌ന മാത്യു, അനിൽഡ തോമസ്, കർണാടകക്കാരി എം.ആർ. പൂവമ്മ, ഹരിയാനക്കാരി നിർമല എന്നിവരടങ്ങിയ റിലേ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സമയത്തെക്കാളും വേഗത്തിൽ ഓടിയെത്തിയെങ്കിലും ഹീറ്റ്‌സിൽ ഏഴാമതായി. ലൈൻ കട്ട് ചെയ്തതിന് പിന്നീട് ഇവർ അയോഗ്യരാക്കപ്പെടുകയും ചെയ്തു. ആരോക്യരാജീവും മലയാളികളായ പി. കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ്, അനസ് എന്നിവരുമുൾപ്പെട്ട പുരുഷ റിലേ സീസണിലെ മികച്ച വേഗം കാഴ്ചവെച്ചു. എങ്കിലും ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്തോടെ പുറത്തായി. 

110 മീ. ഹർഡിൽസ്
നേരിയ പ്രതീക്ഷയുണ്ടായിരുന്ന അത്‌ലറ്റായിരുന്നു സിദ്ധാന്ത് തിംഗലിയ. 13.64 സെക്കന്റിൽ ഓടിയെത്തിയ സിദ്ധാന്ത് മുപ്പത്തൊന്നാം സ്ഥാനത്തായിരുന്നു. കരിയർ ബെസ്റ്റായ 13.48 സെക്കന്റിന് ഏറെ പിന്നിൽ. 

നടത്തം
മലയാളിയായ ഇർഫാൻ 58 പേരിൽ ഇരുപത്തിമൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ തന്റെ മികച്ച പ്രകടനത്തെക്കാളും ഒരു മിനിറ്റിലേറെ എടുത്തു ഇർഫാൻ. 15 കിലോമീറ്റർ പിന്നിടുമ്പോൾ പതിനാലാം സ്ഥാനത്തായിരുന്നു ഇരുപത്തേഴുകാരൻ. പിന്നീട് മങ്ങി. മൂന്നാം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഖുഷ്ബീർ കൗർ നാൽപത്തിരണ്ടാം സ്ഥാനത്തേക്കു കൂപ്പുകുത്തി. ദേവീന്ദർ സിംഗിന്റെയും (50) കെ. ഗണപതിയുടെയും (54) കാര്യം പരിതാപകരമായിരുന്നു. 

മാരത്തൺ
മലയാളി താരം ടി. ഗോപി തുടക്കത്തിൽ നല്ല ഫോമിലായിരുന്നു. ഇരുപത്തെട്ടാം സ്ഥാനം അത്ര മോശവുമായിരുന്നില്ല. വനിതാ വിഭാഗത്തിൽ മോണിക്ക അതാരെ അറുപത്തിനാലാമതായാണ് ഫിനിഷ് ചെയ്തത്. 

400 മീറ്റർ 
ഹീറ്റ്‌സിൽ നിർമലയുടെ പ്രകടനം ആവേശകരമായിരുന്നു. എന്നാൽ സെമിയിൽ ആ ആവേശം കണ്ടില്ല. 51.48 സെക്കന്റിൽ വരെ ഓടിയിട്ടുള്ള നിർമലയുടെ ലണ്ടനിലെ സമയം 53.07 സെക്കന്റായിരുന്നു. 

ഹെപ്റ്റാത്തലൺ
നിലവാരത്തിന്റെ പേരു പറഞ്ഞ് ചിത്രയെ മാറ്റിനിർത്തിയപ്പോൾ എങ്ങനെ സ്വപ്‌ന ബർമൻ ടീമിലെത്തി എന്ന് പലരും ചോദിച്ചിരുന്നു. ആ സംശയം ശരിവെക്കുന്നതായിരുന്നു സ്വപ്‌നയുടെ പ്രകടനം. ഇരുപത്താറാം സ്ഥാനം. 5942 പോയന്റ് വരെ നേടിയിരുന്ന ബർമൻ ലണ്ടനിൽ ആർജിച്ചത് വെറും 5431 പോയന്റ്. 

5000 മീറ്റർ
ലോക മീറ്റിൽ ഇന്ത്യയുടെ ഏക രജത രേഖയാണ് ലക്ഷ്മണൻ. ഹീറ്റ്‌സിൽ പുറത്തായെങ്കിലും കരിയർ ബെസ്റ്റ് പ്രകടനം ഇരുപത്തേഴുകാരൻ കാഴ്ചവെച്ചു. തന്റെ പെഴ്‌സനൽ ബെസ്റ്റ് ഒരു സെക്കന്റ് മെച്ചപ്പെടുത്തി. മുപ്പത്തൊന്നാം സ്ഥാനമായിരുന്നു ലക്ഷ്മണന്. 

100 മീറ്റർ 
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം നേടിയ ദ്യുതി ചന്ദിൽനിന്ന് അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അന്നത്തെ സമയം പോലും ഒഡീഷക്കാരിക്ക് ആവർത്തിക്കാനായില്ല. 
11.24 സെക്കന്റിന്റെ പെഴ്‌സനൽ ബെസ്റ്റ് പ്രകടനം നടത്തിയിട്ടുള്ള ദ്യുതി ലണ്ടനിൽ ഓടിയത് 12.07 സെക്കന്റിൽ. 47 മത്സരാർഥികളിൽ മുപ്പത്തെട്ടാമത്.  

Latest News