ടീമുകൾ, കളിക്കാർ / മാലി
ഗ്രൂപ്പ് ബി-യിലെ മറ്റ് ടീമുകൾ: പാരഗ്വായ്, ന്യൂസിലാന്റ്, തുർക്കി
വിളിപ്പേര്: ഈഗിൾസ്
കരുത്ത്: മികച്ച ഗോളി, ഒന്നാന്തരം ആക്രമണം
കോച്ച്: യോനാസ് കോംല
ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ കിരീടം നിലനിർത്തിയാണ് മാലി അണ്ടർ-17 ലോകകപ്പിനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. 1997 നും 2001 നുമിടയിൽ തുടർച്ചയായി മൂന്നു ലോകകപ്പുകളിൽ മാലി കളിച്ചിരുന്നു. പിന്നീട് അവരുടെ പതനമായിരുന്നു. തുടർച്ചയായി 10 വർഷത്തോളം ലോകകപ്പിൽ മുഖം കാണിക്കാനായില്ല.
1997 ൽ ക്വാർട്ടറിൽ ജർമനിയെ പിടിച്ചുകെട്ടിയ ശേഷം പെനാൽട്ടി ഷൂട്ടൗട്ടിലാണ് മാലി പുറത്തായത്. നിർണായക പെനാൽട്ടി പാഴാക്കിയത് സെയ്ദു കീത്തയായിരുന്നു. അന്ന് മുഖം താഴ്ത്തി മടങ്ങിയെങ്കിലും കീത്ത പിന്നീട് ലോക ഫുട്‌ബോളിൽ പ്രമുഖ ടീമുകളുടെ ജഴ്‌സിയിട്ടു, യൂറോപ്യൻ വമ്പന്മാരായ ബാഴ്‌സലോണ, സെവിയ, എ.എസ് റോമ ഉൾപ്പെടെ. 1999 ൽ ന്യൂസിലാന്റിൽ നടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ മാലിക്കു സാധിച്ചില്ല. 2001 ൽ സെമി ഫൈനലിന്റെ പടിവാതിൽക്കലെത്തിയിരുന്നു മാലി. എന്നാൽ എക്‌സ്ട്രാ ടൈമിൽ അർജന്റീനയോട് 1-2 ന് തോറ്റു. 2015 ലാണ് മാലി ആദ്യമായി ഫൈനലിലെത്തുന്നത്. എന്നാൽ ആഫ്രിക്കൻ എതിരാളികളായ നൈജീരിയയോട് 0-2 ന് തോറ്റു.
തുടർച്ചയായി രണ്ടു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ മാലി ഇത്തവണ എതിരാളികൾക്ക് വലിയ വെല്ലുവിളിയായിരിക്കും. ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ഛാഡിനെ 9-0 നും അംഗോളയെ 6-1 നും തകർത്തു. എന്നാൽ സെമിയിൽ ഗ്വിനിയെ മറികടക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നു. ഫൈനലിൽ മാമദു സമാകെയുടെ ഗോളിൽ ഘാനയെ മറികടന്നു.
ടോഗോക്കാരനായ യോനാസ് കോംലയാണ് മാലിയുടെ കോച്ച്. മാലിയിലെ പ്രമുഖ ക്ലബ്ബായ ജോലിബയെയും യു.എ.ഇയിലെ ബനീയാസിനെയും പരിശീലിപ്പിച്ച അനുഭവസമ്പത്തുണ്ട് അദ്ദേഹത്തിന്. 2015 ൽ ചിലെയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ മാലിയെ ഫൈനലിലെത്തിച്ച ബായെ ബാ പദവിയൊഴിഞ്ഞപ്പോഴാണ് കോംല ചുമതലയേറ്റെടുത്തത്.
ഗോൾകീപ്പർ യൂസഫ് കോയ്റ്റയാണ് ശ്രദ്ധിക്കേണ്ട കളിക്കാരൻ. ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ഷൂട്ടൗട്ടിലുൾപ്പെടെ ഒരു തവണ പോലും ഗോൾ വഴങ്ങിയില്ല കോയ്റ്റ. സെമിയിൽ ഗ്വിനിക്കെതിരായ ഷൂട്ടൗട്ടിൽ എതിരാളികളുടെ നാല് ഷോട്ടുകളിൽ മൂന്നും കോയ്റ്റ രക്ഷിച്ചു. നാലാമത്തെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.






