Sorry, you need to enable JavaScript to visit this website.

ഇറാൻ സർവീസുകൾ കുവൈത്ത് നിർത്തിവെച്ചു

കുവൈത്ത് സിറ്റി - കുവൈത്തിൽ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇറാനിലുണ്ടായിരുന്ന ആരെയും രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. കുവൈത്ത് ഇഖാമയും വിസയുമുള്ള വിദേശികൾക്കെല്ലാം വിലക്ക് ബാധകമാണ്. ഇറാനിൽ നിന്ന് വരുന്ന കുവൈത്തികളെ ഹെൽത്ത് ക്വാറന്റൈന് വിധേയമാക്കും. നിലവിലെ സാഹചര്യത്തിൽ കുവൈത്തി പൗരന്മാർ ആരും തന്നെ ഇറാനിലേക്ക് പോകരുതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. 
അതിനിടെ, യു.എ.ഇയിൽ പുതുതായി രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇയിൽ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. 70 വയസ് പ്രായമുള്ള ഇറാനി സന്ദർശനും ഭാര്യക്കുമാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. 


ഇറാനിൽ മേയർക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെഹ്‌റാനിലെ ഡിസ്ട്രിക്ട് 13 മേയർ മുർതസ റഹ്മാൻസാദക്ക് ആണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക ടി.വി അറിയിച്ചു. 
കൊറോണ വ്യാപനം മൂലം സാമ്പത്തിക മേഖലയിലുണ്ടാകുന്ന പരിക്ക് എത്രമാത്രമാണെന്ന് ഇപ്പോൾ കണക്കാക്കാൻ കഴിയില്ലെന്ന് സൗദി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഗവർണർ അഹ്മദ് അൽഖുലൈഫി പറഞ്ഞു. സൗദി അറേബ്യ ഈ വർഷവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിതര മേഖലയുടെ മികച്ച പ്രകടനം സാമ്പത്തിക വളർച്ചക്ക് സഹായിക്കുമെന്നും സാമ ഗവർണർ പറഞ്ഞു. സൗദി അറേബ്യ ഈ വർഷം 1.9 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയിൽ ഐ.എം.എഫ് പുറത്തുവിട്ട റിപ്പോർട്ട് പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യ 0.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. എന്നാൽ കൊറോണ വ്യാപനം ആഗോള സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതവും ഇതിന്റെ ഫലമായി എണ്ണയാവശ്യം കുറഞ്ഞതും വിലയിടിച്ചിലും സൗദി അറേബ്യ അടക്കമുള്ള എണ്ണയുൽപാദക രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഭീതിയുണ്ട്. 


പുതിയ പശ്ചാത്തലത്തിൽ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് എണ്ണയുൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് രൂപീകരിച്ച പുതിയ കൂട്ടായ്മയായ ഒപെക് പ്ലസ് അടുത്ത മാസം ചേരുന്ന യോഗത്തിൽ വിശകലനം ചെയ്ത് യോജിച്ച തീരുമാനം കൈക്കൊള്ളും. 

 

Latest News