Sorry, you need to enable JavaScript to visit this website.

ഭർത്താവ് കരുതിക്കൂട്ടി എയിഡ്‌സ് പരത്തിയ ഭാര്യക്ക് നഷ്ടപരിഹാരം

കയ്‌റോ - ഭർത്താവ് കരുതിക്കൂട്ടി എയിഡ്‌സ് പരത്തിയ ഭാര്യക്ക് പത്തു ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (64,000 അമേരിക്കൻ ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കയ്‌റോക്ക് വടക്ക് അൽബഹീറ ഗവർണറേറ്റിലെ സിവിൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇരുപതുകാരിക്ക് ഭർത്താവ് കരുതിക്കൂട്ടി എയിഡ്‌സ് പരത്തിയ കേസിലാണ് കോടതി ഭീമമായ നഷ്ടപരിഹാരം വിധിച്ചത്. 
എയിഡ്‌സ് ബാധിച്ച കാര്യം അറിയുമായിരുന്നിട്ടും ഈജിപ്തുകാരൻ ഇത് ഭാര്യയിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഗർഭപരിചരണത്തിന്റെ ഭാഗമായ പരിശോധനകൾക്കിടെയാണ് എയിഡ്‌സ് ബാധിച്ച വിവരം യുവതി അറിഞ്ഞത്. രോഗ ചികിത്സക്കുള്ള മരുന്നുകൾ ഭർത്താവ് കഴിക്കുന്നുണ്ടെന്നും വിവാഹത്തിനു മുമ്പു തന്നെ ഭർത്താവ് ചികിത്സ നേടിവരികയായിരുന്നെന്നും രോഗിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഇക്കാര്യം മറച്ചുവെച്ച് തന്നെ വിവാഹം ചെയ്യുകയായിരുന്നെന്നും യുവതിക്ക് ബോധ്യമായി. 


എയിഡ്‌സിനുള്ള പ്രതിമാസ ചികിത്സാ ചെലവായ 750 ഈജിപ്ഷ്യൻ പൗണ്ട് വീതം നൽകുന്നതിന് ഭർത്താവ് വിസമ്മതിച്ചതാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുന്നതിന് യുവതിയെ പ്രേരിപ്പിച്ചത്. പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിനു മുമ്പു തന്നെ ഭർത്താവിന് എയിഡ്‌സ് ബാധിച്ചിരുന്നെന്ന് അലക്‌സാണ്ട്രിയ ആരോഗ്യ വകുപ്പും സെൻട്രൽ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രിവന്റീവ് അഫയേഴ്‌സും കോടതിയെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരിക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചത്. 

 

Latest News