നൃത്തത്തിന്റെ നഷ്ടം

മിഥാലി രാജ് - വനിതാ ക്രിക്കറ്റർ

? ഭരതനാട്യത്തോടായിരുന്നു ഇഷ്ടമെന്നും ക്രിക്കറ്റിനോട് വെറുപ്പായിരുന്നുവെന്നും കേട്ടിട്ടുണ്ട്.

= എട്ടു വർഷത്തോളം ഭരതനാട്യം പഠിക്കുകയും ടി.വി ഷോകൾ വരെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റോ നൃത്തമോ എന്ന തെരഞ്ഞെടുപ്പ് വേണ്ടിവന്ന ഘട്ടത്തിലാണ് ഭരതനാട്യം ഉപേക്ഷിച്ചത്. ക്രിക്കറ്റിനോട് ഇഷ്ടമുണ്ടായിരുന്നില്ല. 
രാവിലെ എഴുന്നേൽക്കുന്ന ശീലമില്ലാത്ത എന്നെ അച്ഛനാണ് നിർബന്ധിച്ചെഴുന്നേൽപിച്ച് സഹോദരനോടൊപ്പം ക്രിക്കറ്റ് ക്യാമ്പിലേക്ക് വിട്ടിരുന്നത്. കാലത്തെഴുന്നേൽക്കുന്ന ശീലം വളർത്താനായിരുന്നു അത്. ആൺകുട്ടികളുടെ ആ ക്യാമ്പിൽ എനിക്കായിരുന്നു ബാറ്റിംഗിലും ബൗളിംഗിലുമൊക്കെ ആദ്യാവസരം ലഭിച്ചിരുന്നത്. അത് നൽകിയ സന്തോഷമാണ് ക്രിക്കറ്റിലേക്ക് എന്നെ ആകർഷിച്ചത്. അതൊരു കരിയറാവണമെന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് മടുപ്പ് തോന്നി. അച്ഛന്റെ സ്വപ്‌നമായിരുന്നു എന്നെ ഇന്ത്യൻ കളിക്കാരിയാക്കുകയെന്നത്. 2008 ലാണ് ക്രിക്കറ്റ് കളിക്കാരിയാവാൻ അന്തിമമായി തീരുമാനിക്കുന്നതും കളിയാസ്വദിക്കുന്നതും. 

? മറ്റു കുടുംബാംഗങ്ങളിൽനിന്ന് എതിർപ്പ് നേരിട്ടിരുന്നുവോ

= ആൺകുട്ടികൾക്കൊപ്പം കളിക്കുന്നത് വലിയ പ്രശ്‌നം തന്നെയായിരുന്നു. ഞങ്ങളുടേത് തമിഴ് കുടുംബമായിരുന്നു. മുത്തശ്ശിയും മുത്തച്ഛനും അമ്മാവന്മാർ, അമ്മായിമാർ എല്ലാം മുഖം ചുളിച്ചു. അച്ഛനാണ് എന്നെ ക്രിക്കറ്റിലേക്ക് തള്ളിവിടുന്നതെന്ന് എല്ലാവരും കരുതി. എന്റെ നിറം മങ്ങുമെന്നും അവർ ഭയപ്പെട്ടു. കൂടാതെ പരിശീലനത്തിന് ദീർഘനേരം ചെലവിടുന്നതിനാൽ ഒരുപാട് കുടുംബ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതും പ്രശ്‌നമായി. പക്ഷെ എല്ലാ എതിർപ്പുകളും അച്ഛനും അമ്മയും ഏറ്റുവാങ്ങി. ഒന്നും എന്നിലെത്താൻ അവർ സമ്മതിച്ചില്ല. 

? തുടക്ക കാലം എങ്ങനെയായിരുന്നു

= മാറ്റിംഗ് വിക്കറ്റിലും സിമന്റിലുമൊക്കെയായിരുന്നു ഞാൻ തുടക്കത്തിൽ കളിച്ചിരുന്നത്. കല്ലുകൾ തറക്കുന്ന ഗ്രൗണ്ടുകളായിരുന്നു. ഏറ്റവും മികച്ച വനിതാ താരങ്ങൾ മാത്രമാണ് ടർഫ് വിക്കറ്റിൽ കളിച്ചത്. തൊണ്ണൂറുകളിൽ നല്ലൊരു സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് സ്വപ്‌നം മാത്രമായിരുന്നു. സ്വന്തം പോക്കറ്റിൽനിന്ന് കാശെടുത്തു വേണം ടൂർണമെന്റുകൾ കളിക്കാൻ. അസോസിയേഷൻ ആരെയും സ്‌പോൺസർ ചെയ്യാൻ തയാറായിരുന്നില്ല. ഇന്ന് കാലം മാറി. ബി.സി.സി.ഐയുടെ നേരിട്ടുള്ള പരിധിയിൽ വന്നതോടെ കരാർ ലഭിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അവസരം കിട്ടി. ഇന്ന് നിരവധി വനിതാ താരങ്ങൾ ക്രിക്കറ്റ് കരിയർ തേടി ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിൽ പറിച്ചു നടുന്നുണ്ട്. നേരത്തെ ക്യാമ്പുകളിൽ പെൺകുട്ടികൾ മാത്രമായിരുന്നു. ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു കളിക്കുന്നത് പുതുമയേയല്ല. 

? പതിനാലാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തേണ്ടതായിരുന്നു

= സാധ്യതാ പട്ടികയിലുണ്ടായിരുന്നുവെങ്കിലും രാജ്യത്തിന്റെ കുപ്പായമിടാൻ പാകമായിട്ടില്ലെന്ന് സെലക്ടർമാർ കരുതി. 1999 ൽ പതിനാറാം വയസ്സിലാണ് അരങ്ങേറുന്നത്. അയർലന്റിനെതിരെ മിൽറ്റൻ കെയ്ൻസിൽ. അരങ്ങേറ്റത്തിൽ സെഞ്ചുറിയടിച്ചു. വനിതാ ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയനായി. 

? വനിതാ ക്രിക്കറ്റിന്റെ വളർച്ചക്കുള്ള പ്രധാന തടസ്സം

= ഇന്ത്യ വലിയ രാജ്യമാണ്. വലിയ ജനസംഖ്യയുണ്ട്. അതിനാൽ തന്നെ പ്രതിഭകൾക്ക് ഒരു പഞ്ഞവുമില്ല. വനിതാ ക്രിക്കറ്റർമാരുടെ കാര്യത്തിലും അതു തന്നെ അവസ്ഥ. എന്നാൽ വേണ്ടത് കൂടുതൽ ആഭ്യന്തര മത്സരങ്ങളാണ്. എങ്കിലേ യുവ താരങ്ങൾ എളുപ്പം പരിചയം ആർജിക്കുകയും രാജ്യാന്തര മത്സരങ്ങൾക്ക് പാകമാവുകയും ചെയ്യൂ. ജോലി സാധ്യതയാണ് മറ്റൊരു പ്രശ്‌നം. റെയിൽവേസ് കളിക്കാരികൾക്ക് ജോലി നൽകുന്നുണ്ട്. മറ്റു ഗവൺമെന്റ് കമ്പനികളും ഈ പാത സ്വീകരിക്കണം. 

 

Latest News