Sorry, you need to enable JavaScript to visit this website.

ബെഹ്‌റയെ സർക്കാർ സംരക്ഷിക്കുന്നു -തിരുവഞ്ചൂർ

കോട്ടയം- സംസ്ഥാന ചരിത്രത്തിൽ അഴിമതി ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണമാണ് ലോക്‌നാഥ് ബെഹ്‌റക്ക് ഈ സർക്കാറും മുഖ്യമന്ത്രിയും നൽകുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക നിയന്ത്രണത്തിലാണെന്നും അതിന് ഇത്തരം വിവാദങ്ങൾ മറയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
കേരളത്തിൽ ബെഹ്‌റക്ക് ഒരു നിയമവും മറ്റു  ഉദ്യോഗസ്ഥർക്ക് വേറൊരു നിയമവുമാണ്. ജേക്കബ് തോമസിന് ബാധകമായ ചട്ടങ്ങൾ ബെഹ്‌റക്ക് ബാധകമല്ല. ബെഹ്‌റയെ സർക്കാർ ഭയപ്പെടുന്നു. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സി.എ.ജി പരാമർശം വന്നപ്പോൾ സർക്കാർ ഉടൻ തന്നെ കമ്മീഷനെ നിയോഗിച്ചു. പോലീസ് മേധാവിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും അഴിമതിയിലും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിലപാട് ഈ കീഴ്‌വഴക്കങ്ങളെ എല്ലാം തകിടം മറിച്ചിരിക്കുന്നു. 


സുപ്രീം കോടതി, ഇലക്ഷൻ കമ്മീഷൻ എന്നിവ പോലെ സ്വതന്ത്രമായ ഒരു ഭരണഘടനാ സ്ഥാപനമാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ഇത്രയും ഉന്നതമായ ഒരു ഭരണഘടനാ സ്ഥാപനത്തെക്കുറിച്ച് സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ആയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവിട്ടത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള കടുത്ത അനാദരവും അവഹേളനവുമാണ്. 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുളള സഹായത്തിനും നിയന്ത്രണമേർപ്പെടുത്തി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുളള സഹായത്തിന് വരെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി അതിഗുരുതരമായ സ്ഥിതിയിലേക്ക് സംസ്ഥാനത്തെ സാമ്പത്തിക നില കൂപ്പുകുത്തിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. അൻപതിനായിരം രൂപക്കു മുകളിലുളള എല്ലാ ട്രഷറി ഇടപാടുകളും ഏറെക്കുറെ മരവിപ്പിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ധനകാര്യ വകുപ്പിന്റെ ഉത്തരവ് ഫെബ്രുവരി 20 ന് പുറപ്പെടുവിച്ചു.ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംസ്ഥാന ട്രഷറി ഡയറക്ടർക്ക് കർശന നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് അയച്ചത്. സംസ്ഥാനം നാളിതു വരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. ട്രഷറി നിയന്ത്രണത്തിന്റെ ഉത്തരവും അദ്ദേഹം പുറത്തുവിട്ടു.


മത്സ്യത്തൊഴിലാളികൾക്കുളള മണ്ണെണ്ണ സബ്സിഡി, ജലഗതാഗത വകുപ്പിനുളള ഡീസൽ സബ്സിഡി. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി, സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റിഇംബേഴ്സ്മെന്റ് എന്നിവക്കും നിയന്ത്രണമുണ്ട്. ട്രഷറി നിക്ഷേപ പലിശ പിൻവലിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങൾ ഇവയുടെ നിക്ഷേപ പലിശ പിൻവലിക്കലിനും ഇത് ബാധകമാണ്. ആകെ 12 ഇനങ്ങൾക്കാണ് നിയന്ത്രണം ബാധകമാക്കിയത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുളള നിയന്ത്രണം രോഗികളെ ഏറെ ബാധിക്കും. അൻപതിനായിരം രൂപക്കു മുകളിലുളള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായവർക്കുളള സഹായം തടസ്സപ്പെടുത്തുമെന്നും തിരുവഞ്ചൂർ ആരോപിച്ചു.

 

Latest News