Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭം: രാജ്ഭവൻ വളയാൻ വെൽഫെയർ പാർട്ടി

തിരുവനന്തപുരം- പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ 'ഒക്കുപൈ രാജ്ഭവൻ' സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 


പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭം പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ജനങ്ങൾ ഒറ്റക്കെട്ടായി ഉയർത്തിയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി അഭിമുഖീകരിക്കാൻ സന്നദ്ധമാകാതെ നിയമം ഏകപക്ഷീയമായി അടിച്ചേൽപിക്കാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കപ്പെടുകയും സംഘ്പരിവാർ സമഗ്രാധിപത്യത്തിന് അന്ത്യം കുറിക്കുന്നത് വരെയും സമരങ്ങൾ തുടരേണ്ടതുണ്ട്.

 

സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉപരോധിക്കുന്ന സമരങ്ങൾ രാജ്യവ്യാപകമായി നടത്തും. രണ്ടാംഘട്ട സമരത്തിന്റെ തുടക്കമെന്ന നിലയിലാണ് 'ഒക്കുപൈ രാജ്ഭവൻ' സംഘടിപ്പിക്കുന്നത്. കേരള രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. ഫെബ്രുവരി 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നു ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും. 

 

പൗരത്വ പ്രക്ഷോഭത്തിൽ രാജ്യത്തിന്റെ സമര കേന്ദ്രമായി മാറിയ ദൽഹി ഷാഹീൻ ബാഗിലെ പ്രായം തളർത്താത്ത വിപ്ലവ സമര നായികമാരായ അസ്മ ഖാത്തൂൻ (90), ബൽകീസ് (82), സർവാരി (75) എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരൽ പ്രതീകവുമായ ആയിശാ റെനയും ഒക്കുപൈ രാജ്ഭവനിൽ മുഖ്യാതിഥികളായി പങ്കെടുക്കും. 
വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ മുരളീധരൻ എംപി, ബെന്നി ബഹനാൻ എം.പി, കെ.പി.എ മജീദ്, എം.എം ഹസ്സൻ, അടൂർ പ്രകാശ് എം.പി, കെ. അംബുജാക്ഷൻ, വി.ടി അബ്ദുല്ലക്കോയ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അൻസാർ അബൂബക്കർ, ഷിബു ബേബി ജോൺ, സി.പി ജോൺ, ജോണി നെല്ലൂർ, ലതികാ സുഭാഷ്, തമ്പാൻ തോമസ്, ഡോ. എസ്.പി ഉദയകുമാർ, എം.കെ മനോജ്കുമാർ, മുരളി നാഗ, ഡോ. ജെ ദേവിക, കെ.പി ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റർ, ആസിഫ് ഇഖ്ബാൽ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം തുടങ്ങി നിരവധി നേതാക്കൾ സമരത്തെ അഭിസംബോധനം ചെയ്യും. 


സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News