Sorry, you need to enable JavaScript to visit this website.

ജൂഡൊ പിറന്ന നാട്

ടോക്കിയൊ ഒളിംപിക്‌സിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കായികതാരങ്ങൾ ഒളിംപിക്‌സിനായി ജപ്പാനിലെത്തും. എന്നാൽ ജപ്പാനിലെ കോഡാകാനിലെ ജൂഡൊ പിറന്ന മണ്ണ് വർഷങ്ങളായി ജൂഡൊ താരങ്ങളുടെ തീർഥാടന കേന്ദ്രമാണ്...

ടോക്കിയോയിലെ കോഡോകാൻ സന്ദർശിക്കുന്ന ലോകമെങ്ങുമുള്ള ജൂഡോ പ്രേമികൾക്ക് അവിടത്തെ പവിത്രമായ പരവതാനികളിലൂടെയുള്ള ചുവടുവെപ്പുകൾ വൈകാരികമായ അനുഭവമാണ്. ജൂഡോ ആരാധകരുടെ പുണ്യകേന്ദ്രമാണ് കോഡോകാൻ.
ഒരു പ്രാദേശിക ടെന്നിസ് താരത്തിന് വിംബിൾഡണിൽ റാക്കറ്റേന്താൻ കിട്ടുന്നതു പോലെയോ നാടൻ ക്രിക്കറ്റ് കളിക്കാരന് ലോഡ്‌സിൽ ബാറ്റ് ചെയ്യാൻ ക്ഷണം ലഭിക്കുന്നതു പോലെയോ ഒരു സെവൻസ് കളിക്കാരനെ വെംബ്ലിയിൽ പന്ത് തട്ടാൻ വിളിക്കുന്നതു പോലെയോ ഉള്ള  അപൂർവ അനുഭവമാണ് ജൂഡോ ആരാധകർക്ക് കോഡോകാനിൽ പരിശീലനം നടത്താൻ കിട്ടുന്ന അവസരം. എന്നാൽ വിംബിൾഡണിനെയോ ലോഡ്‌സിനെയോ വെംബ്ലിയെയോ പോലെയല്ല കോഡോകാൻ. ജൂഡോയുടെ ആസ്ഥാനത്ത് എല്ലാവരെയും സ്വാഗതം ചെയ്യും. 
ജൂഡൊ എന്ന അഭ്യാസമുറ ഉദയം ചെയ്ത ഈ വേദിയിൽ എതിരാളിയെ മറിച്ചിടാൻ കിട്ടുന്ന അപൂർവ അവസരത്തിനായി വൻ തുക മുടക്കിയെത്തുന്നവരുണ്ട്. സ്വപ്‌നസാക്ഷാൽക്കാരത്തിനു ശേഷം ആനന്ദാശ്രുക്കളുമായാണ് പലരും ഗോദ വിടാറ്.
ജൂഡോയെ സംബന്ധിച്ച് എല്ലാമെല്ലാമാണ് കോഡോകാൻ -ദക്ഷിണ വെയ്ൽസിലെ ലാനെലിയിൽ നിന്ന് കോഡോകാൻ സന്ദർശിക്കാനെത്തിയ ഇരുപത്തൊമ്പതുകാരൻ അമീർ റഈസ് പറയുന്നു. 
പതിനാറ് വർഷം മുമ്പ് ജൂഡൊ പരിശീലനം ആരംഭിച്ചതു മുതൽ ഇവിടം സന്ദർശിക്കുക റഈസിന്റെ സ്വപ്‌നമായിരുന്നു. ഈ പരവതാനികൾ ചവിട്ടുക, ഇവിടുത്തെ പ്രഗത്ഭരായ ഗുരുക്കന്മാർക്കൊപ്പം അഭ്യസിക്കുക, അവരിൽനിന്ന് വലിയ പാഠങ്ങൾ പഠിക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകളെത്തുന്നു. പരസ്പരം അറിവുകൾ കൈമാറുന്നു. അതാണ് ജൂഡോയുടെ അടിസ്ഥാനം തന്നെ -റഈസ് പറയുന്നു. മാസ്മരികമായ കാംഗെയ്‌കോയിൽ പങ്കാളിയാവുകയാണ് ഒരു ജൂഡോ താരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം. വിന്റർ ട്രയ്‌നിംഗാണ് അത്. തുടർച്ചയായ പത്തു ദിവസം പരിശീലനം. പുലർച്ചെ അഞ്ചരക്ക് ആരംഭിക്കുന്ന ഈ കഠിന പരിശീലനം ദുർബല ഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല. 


ലോകപ്രശസ്തമാണ് ഈ വേദിയെങ്കിലും ഇവിടെ പ്രവേശനം നിയന്ത്രിച്ചിട്ടില്ല. നിങ്ങൾ എവിടെ നിന്ന് വരുന്നവരായാലും അവിടെ നിങ്ങൾ സ്വാഗതം ചെയ്യപ്പെടും. പ്രായമോ നിലവാരമോ പ്രശ്‌നമല്ല. ആർക്കും ആരുമായും പരിശീലനം നടത്താം. 
കോഡോകാനിലെ ചീഫ് കോച്ച് മോണോതാരി സമേഷിമയാണ്. ആദ്യമായി ടറ്റാമിയിൽ കാലെടുത്തു വെക്കുകയും ജൂഡൊ സ്ഥാപകൻ ജിഗോരോ കാനോയുടെ സ്തൂപത്തിന് മുന്നിൽ നമിക്കുകയും ചെയ്യുമ്പോൾ പലരും സന്തോഷം കൊണ്ട് വീർപ്പുമുട്ടാറുണ്ടെന്ന് അ്‌ദ്ദേഹം പറയുന്നു. ഒരു ഫ്രഞ്ചുകാരി ഒരിക്കൽ ഈ കവാടത്തിലെത്തിയപ്പോൾ തന്നെ കരച്ചിൽ ആരംഭിച്ചു. കൈയിലുള്ള തുകയെല്ലാം ചെലവിട്ടിട്ടായാലും ഞാൻ ഒടുവിൽ ഇവിടെയെത്തിയെന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു. അവരുടെ നിർവൃതി കണ്ട് എനിക്കു പോലും വികാരമടക്കാനായില്ല. അതാണ് ഈ പ്രദേശത്തിന്റെ പുണ്യം - എഴുപതുകാരൻ പറഞ്ഞു. 
കംഗെയ്‌കോയിൽ വിദേശ ജുഡൊ താരങ്ങളെ അഭ്യസിപ്പിക്കാൻ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനമുള്ള ഒരു ട്രയ്‌നർ ഉണ്ട്. ജൂഡോയുടെ അനുശാസനങ്ങൾ അദ്ദേഹമാണ് പറഞ്ഞുകൊടുക്കുക. പലതരം ഗ്രൂപ്പുകളുണ്ട് ഇവിടെയുണ്ട്. സൗജന്യ പരിശീലനത്തിനുള്ള ഗ്രൂപ്പ് രണ്ടോരി എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുണ്ട്. പ്രത്യേക അഭ്യാസമുറകൾ പരിശീലിക്കുന്ന ഗ്രൂപ്പ്. 
വിദേശിയായാലും പതിവ് ഹാജരെടുപ്പിൽനിന്ന് ഒഴിവാകാനാവില്ല. ജപ്പാനീസ് ഭാഷയിലുള്ള പ്രസിഡന്റിന്റെ പുതുവർഷ പ്രഭാഷണവും അവർ നിർബന്ധമായും ശ്രവിച്ചിരിക്കണം. ഏറ്റവും ഇളയ ജൂഡൊ താരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കഠിനമായ വാംഅപ്പിലും അവർ പങ്കെടുത്തിരിക്കണം. ഭാഷ ഒരു വെല്ലുവിളിയാണെന്ന് സമേഷിത സമ്മതിക്കുന്നു. എന്നാൽ ഭാഷയെ മറികടക്കുന്ന യഥാർഥ കായികാഭ്യാസമാണ് ജൂഡൊ എന്നാണ് അദ്ദേഹത്തിന്റെ വാദം. ഭാഷ അറിയില്ലെങ്കിലും അവർക്ക് എതിരാളിയെ മറിച്ചിടാനും എതിരാളിയാൽ മറിച്ചിടപ്പെടാനും സാധിക്കും. വേദന അനുഭവിക്കും. അതിനിടയിൽ രണ്ടു ജൂഡൊ താരങ്ങൾ തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കും -അദ്ദേഹം പറഞ്ഞു. 
ഓസ്‌ട്രേലിയയിൽ നിന്നും അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നും ഫ്രാൻസിൽ നിന്നും ബ്രസീലിൽ നിന്നും ബ്രിട്ടനിൽ നിന്നുമൊക്കെ ഇവിടെ പതിവായി ജൂഡൊ താരങ്ങൾ പരിശീലനത്തിനെത്തുന്നു. പത്തു ദിവസത്തെ കാംഗെയ്‌കൊ പരിശീലനത്തിനായി നിരവധി രാജ്യങ്ങളിലുള്ളവർ രജിസ്റ്റർ ചെയ്യുന്നു. സിഡ്‌നിയിൽ നിന്നുള്ള നിക് ഫോർബ്‌സ് എന്ന ഇരുപത്തൊമ്പതുകാരൻ എത്തിയത് ജോലി നഷ്ടപ്പെട്ടപ്പോൾ കിട്ടിയ തുക മുഴുവൻ ഉപയോഗിച്ചാണ്. ഇവിടെ സന്ദർശിക്കണമെന്നത് ജീവിതാഭിലാഷമായിരുന്നു. ജൂഡൊ തുടങ്ങിയത് ഈ മണ്ണിൽ നിന്നാണ് -ഫോർബ്‌സ് പറഞ്ഞു. ചെലവ് കുറക്കാൻ 18 പേർക്കൊപ്പം ഡോർമിറ്ററിയിലാണ് ഫോർബ്‌സ് താമസിക്കുന്നത്. 
നാൽപത്തെട്ടുകാരനായ സാന്ദ്രെ എൻഡ്‌ലർ ബബ്രസീലിലെ സാവൊപൗളോ സ്വദേശിയാണ്. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അദ്ദേഹം. ബാല്യകാലം മുതൽ ഈ സന്ദർശനം തന്റെ സ്വപ്‌നമായിരുന്നുവെന്ന് എൻഡ്‌ലർ പറയുന്നു. ഏഴാം വയസ്സിൽ ഞാൻ ജൂഡൊ പരിശീലനം ആരംഭിച്ചിരുന്നു. അന്ന് ഇന്റർനെറ്റ് ഇല്ല. ജപ്പാൻ സന്ദർശനം ഒരു വിദൂര സ്വപ്‌നമായിരുന്നു. 
നാൽപത്തെട്ടാം വയസ്സിൽ ആ സ്വപ്‌നം ഞാൻ സാക്ഷാൽക്കരിച്ചിരിക്കുന്നു -ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന എൻഡ്‌ലർ പറഞ്ഞു. ഇവിടെയുള്ള വിന്റർ ട്രയ്‌നിംഗ് ഓരോ ജൂഡൊ താരത്തിന്റെയും അഭിലാഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂഡൊ താരങ്ങൾക്കൊപ്പമുള്ള ട്രയ്‌നിംഗ് അപൂർവമായ അനുഭവമാണ്.

Latest News