Sorry, you need to enable JavaScript to visit this website.

ചുമർച്ചിത്രകല ജീവനോപാധിയാക്കി വനിതാ കൂട്ടായ്മ

കൽപറ്റ- ചുമർച്ചിത്രകലാസങ്കേതങ്ങൾ ജീവനോപാധിയാക്കി വനിതാകൂട്ടായ്മ. ജീവൻജ്യോതി എന്ന പേരിൽ കൽപറ്റയിൽ പ്രവർത്തിക്കുന്ന സാമൂഹിക വികസന സംഘടനയുടെ കീഴിൽ രൂപീകരിച്ച ചിത്രമാല മ്യൂറൽ പാലസ് ക്ലസ്റ്ററിലെ അംഗങ്ങളാണ് ചുമർച്ചിത്രകലാസങ്കേതങ്ങൾ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ പ്രയോജനപ്പെടുത്തുന്നത്. 


മ്യൂറൽ പെയിന്റിംഗിൽ വിദഗ്ധ പരിശീലനം നേടിയ 15 വനിതകളാണ് ചിത്രമാല ക്ലസ്റ്ററിൽ. ചുമർ, സാരി, ചുരിദാർ, ഷർട്ട്, ഷാൾ, തുണിസഞ്ചി, കാൻവാസ്, മുള, കളിമൺ പാത്രങ്ങൾ, ചിരട്ട, ആഭരണങ്ങൾ, മരം ഉരുപ്പടികൾ എന്നിവയിൽ മ്യൂറൽ പെയിന്റിംഗ് നടത്തുന്നതിലാണ് ചിത്രമാല അംഗങ്ങൾക്കു വൈദഗ്ധ്യം. വിവിധ ഘട്ടങ്ങളായി അഞ്ചു വർഷത്തോളം നീണ്ട പരിശീലനത്തിലൂടെയാണ് വനിതകൾ മ്യൂറൽ പെയിന്റിംഗിൽ പ്രാവീണ്യം നേടിയത്. മ്യൂറൽ പെയിന്റിംഗ് നടത്തി ഉൽപന്നങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും മേളകളിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്. 2019ൽ നബാർഡ് തിരുവനന്തപുരത്തു നടത്തിയ വിപണനോത്സവത്തിൽ പുതുമയാർന്ന ഉൽപന്നങ്ങളുടെ പ്രദർശനത്തിനു ജീവൻജ്യോതിക്കു പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാരമ്പര്യ ചുമർച്ചിത്രകലാപഠനകേന്ദ്രം തുടങ്ങാനും ജീവൻജ്യോതിക്കു പദ്ധതിയുണ്ട്. 


ചിത്രമാല ക്ലസ്റ്റർ അംഗങ്ങൾ മ്യൂറൽ പെയിന്റിംഗ് നടത്തിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും വരച്ചാർത്ത്-2020 എന്ന പേരിൽ നാളെ മുതൽ 27 വരെ കൽപറ്റ വിജയ പമ്പ് പരിസരത്തു നടത്തുമെന്നു ജീവൻജ്യോതി പ്രസിഡന്റ് വി.എ.അഗസ്തി, ട്രഷറർ സണ്ണി ആലഞ്ചേരി, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ്, ഡയറക്ടർ ഏലിയാമ്മ വെട്ടിക്കൽ എന്നിവർ പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന മേളയുടെ ഉദ്ഘാടനം 25നു ഉച്ചയ്ക്കു ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സി.കെ.ശശീന്ദ്രൻ എം.എൽ.എ പൊതുസമ്മേളനവും ഒ.ആർ.കേളു എം.എൽ.എ ഉത്പന്ന സമാരംഭവും ഉദ്ഘാടനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.  കുടുംബശ്രീ, ഖാദി ബോർഡ്, എൻ ഊര്, അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയുടെയും  ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിൽ ഉണ്ടാകും. 24,25 തിയതികളിൽ ചിത്രമാല ക്ലസ്റ്റർ അംഗങ്ങൾ സാരി, മുള, കളിമൺ പാത്രങ്ങൾ, കാൻവാസ് എന്നിവയിൽ തത്സമയം മ്യൂറൽ പെയിന്റിംഗ് നടത്തും. നെറ്റിപ്പട്ട നിർമാണവും പൊതുജനങ്ങൾക്കു പരിചയപ്പെടുത്തും.

Tags

Latest News