Sorry, you need to enable JavaScript to visit this website.

മോഹൻലാൽ വരുമോ? 

1990 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. കോമഡിയും ആക്ഷനും ഇടകലർത്തിയ എന്റർടെയ്‌നർ. കോട്ടയം സ്ലാംഗായാൽ തമാശയും മെഗാ സ്റ്റാറിന് ചേരുമെന്ന് തെളിയിച്ച സിനിമ. ഇതിലൊരു ക്ലബ് ഉദ്ഘാടന രംഗമുണ്ട്. സിനിമാ നടൻ മോഹൻലാൽ ഉദ്ഘാടനത്തിന് വരുമെന്ന പ്രതീക്ഷയിൽ ഗ്രാമവാസികളെല്ലാം എത്തിച്ചേർന്നിട്ടുണ്ട്. കാറിൽ മൈക്ക് അനൗൺസ്‌മെന്റ് ഒരു വശത്ത്. മോളിക്കുട്ടിയും കൂട്ടുകാരികളും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ ജഗതി ശ്രീകുമാർ സ്വാഗതം പറഞ്ഞ് തകർക്കുന്നു. അതെ, മോഹൻലാൽ വരാതിരിക്കില്ല. കരപ്രമാണിയുടെ സ്വാധീനം ഇപ്പോൾ തെളിയും. ആർപ്പുവിളികൾക്കിടയിൽ വിശിഷ്ടാതിഥിയുമായി ഒരു കാർ വന്നു നിൽക്കുന്നു. അതിൽ നിന്ന് ഇറങ്ങുന്ന ലാലിനെ ഒന്ന് തൊടാനായി ഫാൻസ് അടുത്തു കൂടിയപ്പോഴാണ് രസം. പുറത്തിറങ്ങിയത് കൃഷ്ണൻ കുട്ടി നായരെന്ന ഹാസ്യ താരം. വേദിയിലേക്ക് ചീമുട്ടയേറിന്റെ ഘോഷയാത്ര. 


സൗദി അറേബ്യയിൽ മലയാള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവാസ ഉത്സവം അടുത്തിടെ കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ നടൻ സുകുമാരന്റെ മകൻ പൃഥ്വീരാജ് ഉൾപ്പെടെയുള്ളവരെത്തി. അതൊരു ടി.വി ചാനലിന്റെ ബാനറിലാണ് സംഘടിപ്പിച്ചിരുന്നത്. അതു കഴിഞ്ഞ് വേറൊരു കൂട്ടർ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന് അനൗൺസ് ചെയ്തിരിക്കുന്നു. മറ്റൊരു എൻടർടെയിൻമെന്റ് ചാനലിന്റെ പരിപാടിക്ക് അടുത്ത മാസം മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങിയവരെത്തുമെന്ന പബ്ലിസിറ്റിയും ആരംഭിച്ചു. അതിനിടക്ക് ലാൽ വരുന്നതിനാൽ പരിപാടി ബഹിഷ്‌കരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ കാമ്പയിനും നടക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായെത്തിയ മോഹൻലാൽ എന്ന കലാകാരൻ കോമഡി രംഗങ്ങളിൽ അഭിനയിക്കാൻ മിടുക്കനാണ്. ഫ്‌ളെക്‌സിബിൾ ബോഡി ആയതുകൊണ്ട് നൃത്തത്തിനും വഴങ്ങും. സന്മനസ്സുള്ളവർക്ക് സമാധാനം മുതൽ ഉദയനാണ് താരം വരെ എത്രയെത്ര ചിത്രങ്ങളിൽ ലാലിന്റെ പ്രകടനം ആസ്വദിച്ചവരാണ് ഏറെയും. മോഹൻലാൽ അമാനുഷിക സിദ്ധികളോടെ വരുന്ന സിനിമകൾ ഇതു വരെ കണ്ടിട്ടില്ല. കാണാൻ തീരെ താൽപര്യവുമില്ല. അതേ പോലെ മമ്മൂട്ടിയുടെ കോമഡി സിനിമകളും പൊതുവെ നന്നാവാറില്ല. കോട്ടയം ഭാഷ പറയുന്ന അച്ചായനായി തിളങ്ങുന്ന മമ്മൂട്ടിയെ കൂടെവിടെ മുതൽ പല ചിത്രങ്ങളിലും കണ്ടു. മിഡിൽ ക്ലാസ് അച്ഛൻ, മെലിഞ്ഞ് സുന്ദരിയായ അമ്മ, കൂട്ടിന് മാമാട്ടിക്കുട്ടി പോലൊരു മകൾ. അതാണ് മമ്മൂട്ടിക്ക് ഏറ്റവും ഇണങ്ങുക. വാത്സല്യത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം കിടിലൻ. 


വിവാദമായ പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ മലയാളത്തിലെ വൻകിട താരങ്ങളാരും കാര്യമായി പ്രതികരിച്ചിട്ടില്ല. ന്യൂ ജെൻ താരങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ. പാർവതി തെരുവോത്ത്, ടൊവിനോ തോമസ്, അനു സിത്താര എന്നിവരുടെ അഭിപ്രായ പ്രകടനങ്ങൾ ശ്രദ്ധേയമാണ്. പാർവതി കൊച്ചിയിലെ ജനകീയ സമരത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട്ട് നിന്ന് വിമാനം കയറി മുംബൈയിലെത്തി അവിടെയും പ്രക്ഷോഭത്തിൽ പങ്കാളിയായി. 


അപ്പോഴാണ് യുവമോർച്ച ഇൻകം ടാക്‌സ് ഓഫീസർ ചാനലിലിരുന്ന് ഭയപ്പെടുത്തിയത്. ഇവരെല്ലാം പോട്ടെ, കോടികൾ പ്രതിഫലം പറ്റുന്ന ബോളിവുഡിലെ ഖാൻമാരും പ്രതികരിച്ചിട്ടില്ല. കൊച്ചിയിൽ നടി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് പ്രമുഖ താരം ദിലീപ് ജയിലിലായ വേളയിൽ കോഴിക്കോട്ടെ സിനിമാ പത്രക്കാരൻ പറഞ്ഞതോർത്തു പോവുകയാണ്. ആയിരം കോടിയുടെ ആസ്തിയുണ്ടായിട്ടെന്ത് ഫലം? ഇപ്പോൾ ഗോതമ്പുണ്ട തിന്ന് കഴിയാനാണ് യോഗം. ഇതേ ദിലീപും ഈ വിഷയത്തിൽ ഒന്നു പറഞ്ഞിട്ടില്ല. മലയാള താരങ്ങളിൽ പ്രമുഖനായ ഒരാൾ ഇപ്പോൾ എം.പിയാണ് -സുരേഷ് ഗോപി. പൗരത്വ ഭേദഗതി നിയമം അദ്ദേഹത്തിന്റെ പാർട്ടി കൊണ്ടുവന്നതിനാലാവണം സുരേഷ് ഗോപിയും ഒന്നും പറയുന്നില്ല. നിസ്‌കാരത്തഴമ്പും തൊപ്പിയും കാണുമ്പോൾ നിനക്കൊക്കെ ഇളകുമല്ലേ എന്ന് പോലീസ് ഓഫീസറോട് ക്ഷുഭിതനായി ചോദിക്കുന്ന സുരേഷ് ഗോപിയുടെ പോലീസ് സിനിമയിലെ വീഡിയോ ക്ലിപ്പ് സി.എ.എ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത് മുതൽ വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളത്തിൽ ഇങ്ങനെ മൗനവ്രതം തുടരുമ്പോൾ തമിഴകത്ത് ഇളയ ദളപതി തകർക്കുകയാണ്. ഐ.ടി വകുപ്പിന്റെ റെയ്ഡ് പോലും വിജയ്‌യുടെ ജനപ്രീതി വർധിപ്പിക്കാനാണ് കാരണമായിരിക്കുന്നത്. ഇക്കാര്യം ഭരണപക്ഷ നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.'സ്റ്റാൻഡ് വിത്ത് ദളപതി' എന്ന ഹാഷ് ടാഗ് കാമ്പയിനും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. 'കത്തി' എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കമ്യൂണിസത്തിന് ഒറ്റവരിയിൽ വിജയ് നൽകിയ വിശേഷണവും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'വിശപ്പ് തീർന്നതിനു ശേഷവും നമ്മൾ കഴിക്കുന്ന ഭക്ഷണം മറ്റൊരാളുടേതാണ്' എന്നതായിരുന്നു സിനിമയിലെ മാസ് ഡയലോഗ്.
കർഷകരുടെ കണ്ണീരിന്റെ കഥ പറയുന്ന സിനിമയാണിത്. 


രാഷ്ട്രീയ പാർട്ടികളെ കുറിച്ചും അവരുടെ പ്രത്യായ ശാസ്ത്രങ്ങൾ മുന്നോട്ട് വെക്കുന്ന നിലപാടുകളെ കുറിച്ചും വ്യക്തമായ ബോധമുള്ള താരം കൂടിയാണ് വിജയ്. അതുകൊണ്ട് തന്നെയാണ് കാവി രാഷ്ട്രീയത്തെ അദ്ദേഹം എതിർക്കുന്നത്. എളിമയും സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങളുമെല്ലാം വിജയ്‌യെ ജനകീയനാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഘടകങ്ങളാണ്. ഒറ്റ റെയ്‌ഡോടെ ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്  തമിഴക രാഷ്ട്രീയം. വിജയ് വില്ലനാകുമെന്ന് പേടിച്ച് താരങ്ങളെ കൂട്ടുപിടിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം നീക്കം തുടങ്ങിക്കഴിഞ്ഞു. ദ്രാവിഡ പാർട്ടികളായ അണ്ണാ ഡി.എം.കെ, ഡി.എം.കെ പാർട്ടികളാണ് താരങ്ങൾക്കായി വല വീശിയിരിക്കുന്നത്. രജനീകാന്തിനെ മുൻനിർത്തി കളിക്കുന്ന ബി.ജെ.പിയും ഇപ്പോൾ ആശങ്കയിലാണ്. അണ്ണാ ഡി.എം.കെ രജനിയുടെ പിന്നിൽ അണിനിരക്കണമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വത്തിനുള്ളത്.
സ്വന്തം നിലക്ക് പാർട്ടി രൂപീകരിച്ചില്ലെങ്കിൽ ഭരണ വിരുദ്ധ വികാരം തിരിച്ചടിക്കുമെന്നാണ് രജനിയുടെ ഭയം. കമൽ ഹാസനെ ഒപ്പം നിർത്താനും രജനി ശ്രമിക്കുന്നുണ്ട്. രജനിയുടെ ബി.ജെ.പി ബന്ധവും സി.എ.എ നിലപാടും ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.


കേന്ദ്രത്തിനെതിരെയും ബി.ജെ.പിക്ക് എതിരെയും ശക്തമായ നിലപാടുള്ള നടനാണ് കമൽ ഹാസൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കൾ നീതിമയ്യം മോശമല്ലാത്ത വോട്ടുകൾ സമാഹരിച്ചിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ 2 പുറത്തിറക്കാനുള്ള നീക്കത്തിലാണിപ്പോൾ കമൽ.
ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ 'സേനാപതി' എന്ന സ്വാതന്ത്ര്യ സമര സേനാനിയെയാണ് കമൽ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ കത്തിയെടുത്ത സേനാപതിയുടെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു. രണ്ടാം ഭാഗവും വലിയ ചലനം സൃഷ്ടിക്കുമെന്നാണ് കമൽ അവകാശപ്പെടുന്നത്. ഇന്ത്യൻ 2 രാഷ്ട്രീയത്തിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സകല നീക്കങ്ങളും.


ആദായ നികുതി വകുപ്പ് റെയ്‌ഡോടെ കേന്ദ്ര - സംസ്ഥാന സർക്കാറുകളെ വില്ലനായി കാണുന്ന ദളപതി വിജയ്‌യുടെ പിന്തുണയും കമൽ പ്രതീക്ഷിക്കുന്നുണ്ട്. വിജയ്‌യെ തണുപ്പിക്കാൻ റെയ്ഡിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി അണ്ണാ ഡി.എം.കെ നേതാക്കൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ വിജയ് ആരാധകർ ഈ വാദം മുഖവിലക്കെടുത്തിട്ടില്ല. കേന്ദ്ര, സംസ്ഥാന ഗൂഢാലോചന റെയ്ഡിന് പിന്നിലുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. 30 മണിക്കൂറോളം കസ്റ്റഡിയിൽ ചോദ്യം ചെയ്തത് തന്നെ ദളപതിയുടെ ഇമേജ് തകർക്കാനായിരുന്നു എന്നാണ് ഫാൻസ് പറയുന്നത്.


പ്രതികാര നടപടിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായതിനാൽ ഈ റെയ്ഡും ഒടുവിൽ വിജയ്ക്ക് നേട്ടമായി മാറിയതായാണ് അവരുടെ വിലയിരുത്തൽ. രാഷ്ട്രീയ നിരീക്ഷകരും സമാന വിലയിരുത്തലിലാണുള്ളത്. ദേശീയ തലത്തിൽ തന്നെ വിജയ് എന്ന തമിഴ് താരത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നതായാണ് ഇവരും ചൂണ്ടിക്കാട്ടുന്നത്. മോഡി സർക്കാറിന്റെ കടുത്ത വിമർശകനായി അറിയപ്പെട്ടതാണ് ദളപതിക്കിപ്പോൾ ഗുണമായിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ പോലും റെയ്ഡിന് പിന്നിൽ ദൽഹിയുടെ ഇടപെടൽ സംശയിച്ചിട്ടുണ്ട്. ഷൂട്ടിങ് തടസ്സപ്പെടുന്ന തരത്തിൽ താരത്തെ സെറ്റിൽ നിന്നും കസ്റ്റഡിയിലെടുത്ത നടപടിയാണ് കേന്ദ്ര സർക്കാറിനും തിരിച്ചടിയായിരിക്കുന്നത്. നോട്ടീസ് നൽകി വിളിപ്പിക്കുന്നതിന് പകരം ഇത്തരം അസാധാരണമായ നടപടി സ്വീകരിച്ചിടത്താണ് റെയ്ഡ് ആസൂത്രണം ചെയ്തവർക്ക് പിഴച്ചത്. തമിഴകത്തെ യുവതാരത്തിന്റേത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് ആരും സമ്മതിക്കും. 

Latest News