Sorry, you need to enable JavaScript to visit this website.

അപ്രതീക്ഷിത മടക്കം  ഒഴിവാക്കാം

വിദേശികൾക്കും സ്വദേശികൾക്കും തൊഴിൽ ലഭ്യമാക്കുന്നതിനും തൊഴിലിടങ്ങളിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ഉപകരിക്കുന്ന ഒട്ടേറെ പരിഷ്‌കരണ നടപടികളാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കി വരുന്നത്. ഇതിന്റെ ഗുണഫലങ്ങൾ വിദേശി, സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭിക്കുന്നുമുണ്ട്. അതേ സമയം നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഇപ്പോൾ നടന്നു വരുന്ന റെയ്ഡുകളും അതിന്റെ ഫലമായി പലരെയും പിടികൂടുന്നതും ഇത്തരം നടപടികളുടെ ഭാഗമാണ്. ഇഖാമയുണ്ടായിട്ടും പിടിക്കപ്പെടുന്നുവെന്ന പ്രചാരണം ശക്തമാണ്. 


എന്നാൽ അനുവദിക്കപ്പെടാത്ത,  അതല്ലെങ്കിൽ ഏതു ജോലിക്കാണോ വിസ ലഭിച്ചിട്ടുള്ളത് അതല്ലാതെ മറ്റു ജോലികളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയാൽ അവർക്ക് ഇഖാമയും വർക്ക് പെർമിറ്റുമൊക്കെ ഉണ്ടായാലും പിടിക്കപ്പെടുമെന്നതിന്റെ സൂചനയാണ് ഇപ്പോൾ തർഹീലിൽ അനുഭവപ്പെടുന്ന തിരക്കിനു കാരണം. ഇതൊക്കെയാണെങ്കിലും ഈ ഗണത്തിൽ ഇന്ത്യക്കാർ കുറവാണെന്നാണ് നയതന്ത്രാലയ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. കാരണം നിയമം അനുസരിക്കുന്നതിലും തൊഴിലിടങ്ങളിൽ തൊഴിൽ നിയമം പാലിക്കുന്നതിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർ മുന്നിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കാർക്ക് പലവിധ ആനുകൂല്യങ്ങളും അധികൃതർ നൽകാറുമുണ്ട്. 


നാടുകടത്തിൽ കേന്ദ്രത്തിൽ എത്തിപ്പെടുന്നവരുടെ എണ്ണം കുറയാനും കാരണമിതാണ്. അതിശക്തമായ പരിശോധന നടക്കുന്നുണ്ടെങ്കിലും ജിദ്ദ - മക്ക റോഡിലെ നാടുകടത്തൽ കേന്ദ്രത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ എണ്ണം കുറവാണ്. 600 ഓളം പേരാണ് ഈ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. കാലാവധിയുള്ള ഇഖാമയുണ്ടെങ്കിലും നിയമാനുസൃത ജോലിയിലല്ല ഏർപ്പെട്ടിട്ടുള്ളതെന്നു ബോധ്യപ്പെട്ടാൽ അവരെ നാടു കടത്തുന്ന നിലപാട് സൗദി അധികൃതർ കർശനമാക്കിയിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞ് രേഖകൾ ശരിയാക്കുകയോ, അതല്ലെങ്കിൽ നിയമാനുസൃത ജോലികളിൽ മാത്രം വ്യാപൃതരാവുകയോ ചെയ്താൽ ആശങ്കകളും നഷ്ടങ്ങളും ഒഴിവാക്കാനാവും. 


സ്‌പോൺസർമാരുടെ നിസ്സഹകരണവും പീഡനങ്ങളും മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ജോലി ഉപേക്ഷിച്ച് നാട്ടിൽ പോകുന്നതിനും തൊഴിൽ മാറ്റം സാധ്യമാക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ നൂറുകണക്കിനു പേരാണ് പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ റിയാദ് പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ മാത്രം സ്‌പോൺസർമാരുടെ സമ്മതം തേടാതെ 2656 വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകി. സ്‌പോൺസർമാരുടെ സമ്മതമില്ലാതെ 70 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റവും ലേബർ ഓഫീസുകൾ സാധ്യമാക്കി. 


വർക്ക് പെർമിറ്റ് അനുവദിക്കുന്നതിലും ഇതേ നിലപാടാണ് ലേബർ ഓഫീസുകൾ തുടരുന്നത്. സ്‌പോൺസറുടെ അനുമതിയില്ലാതെ പതിനഞ്ച് ഡോക്ടർമാർക്കും എൻജിനീയർമാർക്കും വർക്ക് പെർമിറ്റുകളും അനുവദിച്ചു. തൊഴിലാളികൾക്ക് നിയമാനുസൃതം നടത്തിക്കൊടുക്കേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തിയ സ്‌പോൺസർമാരുടെ കീഴിൽ പണിയെടുത്തിരുന്ന തൊഴിലാളികളുടെ പരാതികളിന്മേലാണ് ഈ നടപടികൾ സ്വീകരിച്ചത്. അതുപോലെ ഉളിച്ചോടൽ (ഹുറൂബ്) നീക്കം ചെയ്യുന്നതിന് നൽകിയ 1200 അപേക്ഷകളിലും റിയാദ് പ്രവിശ്യയിലെ ലേബർ ഓഫീസുകൾ നടപടികൾ പൂർത്തിയാക്കി. അപേക്ഷകരുടെ പരാതിൻമേൽ അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യമായ അപേക്ഷകളിലായിരുന്നു തൊഴിലാളികൾക്കനുകൂലമായ തീർപ്പുണ്ടായത്. ഹുറൂബാക്കിയ ശേഷം 20 ദിവസത്തിനകമാണെങ്കിൽ സ്‌പോൺസർക്കു തന്നെ ഹുറൂബ് നീക്കാം. വ്യാജ ഹുറൂബ് ആണെന്ന് തെളിയിക്കാൻ ഹുറൂബ് നീക്കം ചെയ്യുന്നതിന് വിദേശികൾക്കും അവകാശമുണ്ട്. 
ഇതിനു തൊഴിലുടമയുടെ സമ്മതം വേണ്ടതില്ല. സത്യാവസ്ഥ ബോധ്യപ്പെട്ടാൽ ലേബർ ഓഫീസുകൾക്കു തന്നെ ഇതിന്മേൽ നടപടി സ്വീകരിക്കാനാവും. പഴയ തൊഴിലുടമയെ ഉപേക്ഷിച്ച് പുതിയ തൊഴിലുടമയെ കണ്ടെത്തുന്നതിനും ഇത്തരം കേസുകളിലകപ്പെട്ടവർക്ക് സാധിക്കും. 


ഹുറൂബ് സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് കടുത്ത ശിക്ഷയാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നൽകുന്നത്. വിദേശ തൊഴിലാളിയെ ഹുറൂബാക്കിയത് വ്യാജമാണെന്ന് തെളിഞ്ഞാൽ ആദ്യ തവണ വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഒരു വർഷത്തേക്ക് നിർത്തിവെക്കും.
നിയമ ലംഘനം ആവർത്തിക്കുന്ന തൊഴിലുടമക്കും സ്ഥാപനങ്ങൾക്കും മൂന്നു വർഷത്തേക്ക് സേവനങ്ങൾ വിലക്കും. മൂന്നാമതും ഇതേ നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും അഞ്ചു വർഷത്തേക്ക് വിലക്കുമെന്നുമാണ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. 
സർവീസ് ആനുകൂല്യങ്ങൾ അടക്കം നിയമാനുസൃത അവകാശങ്ങൾ വിദേശ തൊഴിലാളികൾക്ക് നിഷേധിക്കുന്നതിനും അവരെ നിയമക്കുരുക്കുകളിൽ കുടുക്കുന്നതിനും വേണ്ടിയാണ് ചില തൊഴിലുടമകൾ തൊഴിലാളികൾ ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്നത്. ഇത്തരം ആളുകൾക്കെതിരെയാണ് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം രംഗത്തു വന്നിട്ടുള്ളത്.  


തൊഴിൽ പരിശോധനകൾക്കിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് തൊഴിലുടമകൾക്കും അവകാശമുണ്ട്. 
തൊഴിൽ നിയമം ശരിയാംവണ്ണം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി തൊഴിലുടമകളെ സഹായിക്കുന്ന ഏതാനും പദ്ധതികൾക്കും  തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ബാധ്യതകളുടെ കാര്യത്തിലെ സ്വയം വിലയിരുത്തൽ പദ്ധതി ഇതിന്റെ ഭാഗമാണ്. ആദ്യമായി നടത്തുന്ന തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ സംഖ്യയുടെ 80 ശതമാനം എഴുതിത്തള്ളുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. ഇങ്ങനെ തൊഴിലാളിക്കും തൊഴിലുടമക്കും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകമായ നടപടികളുമായാണ് തൊഴിൽ മന്ത്രാലയം മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായാണ് പരിശോധനകളും നടത്തുന്നത്. 
പരിശോധനകൾക്ക് എവിടെ വെച്ചും ഏതു നിമിഷവും വിധേയമാകാമെന്നതിനാൽ അനുവദിക്കപ്പെട്ട ജോലി മാത്രം ചെയ്യുകയും നിയമാനുസൃത രേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കുകയും ചെയ്താൽ പിടിക്കപ്പെടുന്നതും അപ്രതീക്ഷിതമായി നാട്ടിലേക്ക് പോകേണ്ടി വരുന്നതും ഒഴിവാക്കാനാവും.
 

Latest News