Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നൂതന ആശയങ്ങള്‍ വേണം; മന്ത്രി ഗഡ്കരിക്ക് സുപ്രീം കോടതിയിലേക്ക് ക്ഷണം

ന്യൂദല്‍ഹി- മലിനീകരണം കുറയ്ക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ ക്ഷണിച്ച് സുപ്രീം കോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിനു ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അതു സംബന്ധിച്ച് നൂതനമായ ആശയങ്ങളുള്ള ആളെന്ന നിലയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഗഡ്കരിയെ കോടതിയിലേക്കു ക്ഷണിച്ചത്. ഇത് നിര്‍ദേശമല്ല, അഭ്യര്‍ഥനയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മലിനീകരണം കുറയ്ക്കാന്‍ പൊതുഗതാഗത സംവിധാനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുകയോ ഇലക്ട്രിക് വാഹനങ്ങളാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പദ്ധതികളെന്തെന്ന് അറിയേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഇതിനായി കേന്ദ്രമന്ത്രിയോടു ചോദിക്കാമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഈ വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുടെ പക്കല്‍ നൂതനമായ പല ആശയങ്ങളുമുണ്ട്. തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള ആളെന്ന നിലയ്ക്ക് കോടതിയില്‍ വന്ന് തങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
മന്ത്രിയെ കോടതിയിലേക്കു വിളിച്ചു വരുത്തുന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് നല്‍കാന്‍ അഭിഭാഷകന്‍ തയാറായില്ല. ഇത്തരം നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി ചൂണ്ടിക്കാട്ടി. ഇതിനു മന്ത്രിയോടു കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിടുകയല്ലെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ അദ്ദേഹത്തിനാകും. വളരെ ഉത്തരവാദിത്വത്തോടെ അത് വിശകലനം ചെയ്യാനാകുമെന്നും അദ്ദേഹം വിശദമാക്കി.
പടക്കങ്ങളും വയലുകളില്‍ തീയിടുന്നതും മലിനീകരണ വിഷയത്തില്‍ പ്രത്യേക സമയത്തു മാത്രമുള്ളതാണ്. എന്നാല്‍, വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം പ്രധാന കാരണം തന്നെയാണ്. അതുകൊണ്ടു തന്നെ ഈ വിഷയം സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഇക്കാര്യത്തിലുള്ള പോംവഴികളില്‍ ഒന്നു മാത്രമാണ്. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നാലാഴ്ചത്തെ സമയവും അനുവദിച്ചു.

 

Latest News