20 ദശലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കൊള്ളയടിച്ചു, 48 മണിക്കൂറിനകം കുറ്റവാളികളെ പിടിച്ച് ദുബായ് പോലീസ്

ദുബായ്- എമിറേറ്റ്‌സ് ഹില്ലില്‍ ഒരു യൂറോപ്യന്‍ നിക്ഷേപകന്റെ വില്ലയില്‍നിന്ന് കൊള്ളയടിച്ച 20 ദശലക്ഷം ദിര്‍ഹമിന്റെ സ്വര്‍ണം 48 മണിക്കൂറിനുള്ളില്‍ കണ്ടെടുത്ത് ദുബായ് പോലീസ്. മോഷ്ടാക്കള്‍ പിടിയിലായി.
ക്രിമിനല്‍ അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വന്‍നേട്ടത്തെ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം മന്‍സൂരി അഭിനന്ദിച്ചു. മോഷണ സ്ഥലത്ത് കാര്യമായ തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് കൃത്യം നടന്നതെങ്കിലും കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനും അഭൂതപൂര്‍വമായ ശേഷിയാണ് അന്വേഷണ സംഘം കാഴ്ചവെച്ചത്.
സംഭവത്തെക്കുറിച്ച് വിവരം കിട്ടി 48 മണിക്കൂറിനകമാണ് പോലീസ് സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും കൊള്ളമുതല്‍ കണ്ടെടുക്കുകയും ചെയ്തത്. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് യൂറോപ്യന്‍ ബിസിനസുകാരന്റെ ഭാര്യ അലമാര തുറന്നു കിടക്കുന്നതു കണ്ടതും അതിലെ വിലയേറിയ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും മനസ്സിലാക്കിയത്. സ്വര്‍ണവും വജ്രവും കൂടാതെ വിലയേറിയ വാച്ചുകളുടെ ശേഖരവുമുണ്ടായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.
സമഗ്രമായ അന്വേഷണത്തിലൂടെ സ്ഥിരം കുറ്റവാളിയായ ഒരാളിലേക്കാണ് തുമ്പ് നീണ്ടത്. ഇയാളെ പിടികൂടിയതോടെ സംഭവം വെളിച്ചത്തായി. ഇയാളില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് കൂട്ടാളിയേയും പിടികൂടി.
മോഷണ വസ്തുക്കള്‍ വാങ്ങുന്ന സംഘവുമായി ബന്ധപ്പെടാനോ രാജ്യം വിടാനോ സംഘത്തിന് കഴിയുംമുമ്പേ പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു.

 

Latest News