ന്യൂദൽഹി- വിദ്യാർഥികളിൽനിന്ന് ഈടാക്കിയ അധിക ഫീസ് രണ്ടാഴ്ച്ചക്കകം തിരിച്ചുനൽകിയില്ലെങ്കിൽ സ്‌കൂളുകൾ ഗവൺമെന്റ് ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആറാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം സ്‌കൂൾ അധ്യാപകരുടെ വേതനം ഉയർത്തിയതിനെ തുടർന്നാണ് വിദ്യാർഥികളുടെ ഫീസ് സ്‌കൂളുകൾ വർധിപ്പിച്ചത്. രാജ്യതലസ്ഥാനമായ ദൽഹിയിലെ പ്രമുഖ സ്‌കൂളുകൾ ഇത്തരത്തിൽ ഫീസ് വർധിപ്പിക്കുകയും ചെയ്തു. സർക്കാർ അനുമതിയില്ലാതെ ഫീസ് വർധന ഏർപ്പെടുത്തിയതിനെ തുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകിയത്. ദൽഹിയിലെ 449 സ്‌കൂളുകളാണ് ഇത്തരത്തില് ഫീസ് വർധിപ്പിച്ചത്. ഫീസ് വർധിപ്പിച്ചതിനെ സംബന്ധിച്ച് പഠിക്കാൻ റിട്ടയേർഡ് ജഡ്ജ് അനിൽ ദേവ് സിംഗിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചിരുന്നു. നിരവധി സ്‌കൂളുകൾ ഇത്തരത്തിൽ കണക്കുകളിൽ കൃത്രിമം കാണിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
സ്വകാര്യ സ്‌കൂളുകൾക്ക് സർക്കാർ എതിരല്ലെന്നും സ്‌കൂളുകളെ ബുദ്ധിമുട്ടിക്കുക എന്നതല്ല ലക്ഷ്യമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം, കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ സ്‌കൂളുകൾ തയ്യാറാകണമെന്നും ഈടാക്കിയ അധികതുക തിരികെ നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് സ്വകാര്യസ്‌കൂളുകളെന്നും എന്നാൽ സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി.
കെജ്‌രിവാളിനൊപ്പം പത്രസമ്മേളനത്തിൽ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്നയാളുമായ മനീഷ് സിസോദിയയും പങ്കെടുത്തു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന ആദ്യ പത്രസമ്മേളനം കൂടിയായിരുന്നു ഇത്.
സ്‌കൂളുകൾക്ക് നാലു ദിവസം മുമ്പു തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മനീഷ് സിസോദിയ പറഞ്ഞു. രണ്ടാഴ്ച്ചക്കകം ഫീസ് തിരികെ നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാർഥികളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും മുൻ സർക്കാറുകളുടെ കാലത്ത് ചെയ്ത പോലെ സ്‌കൂളുകളെ കയറൂരി വിടില്ലെന്നും സിസോദിയ പറഞ്ഞു.