പൗരത്വം തെളിയിക്കാന്‍ മുസ്ലിം സമുദായക്കാര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്


ന്യൂദല്‍ഹി- ഇന്ത്യന്‍പൗരനെന്ന് തെളിയിക്കാന്‍ മൂന്ന് മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടിസ്. ഹൈദരാബാദിലാണ് സംഭവം. ഇന്ത്യന്‍ പൗരന്മാരല്ലാത്ത മൂന്ന് പേരും വ്യാജരേഖകള്‍ ഉണ്ടാക്കി തെറ്റായ രീതിയില്‍ ആധാര്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ഹൈദരാബാദിലെ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ഓഫീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് പേരും പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഫെബ്രുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

അല്ലാത്തപക്ഷം നിലവില്‍ നല്‍കിയ ആധാര്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണഅട്. അതേസമയം പൗരത്വം തെളിയിക്കാന്‍ ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ച് ഇവര്‍ക്ക് നല്‍കിയ നോട്ടീസില്‍ പരാമര്‍ശമില്ല.2016ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്പര്‍ പൗരന്റെ മേല്‍വിലാസവുമായാണ് ബന്ധപ്പെടുത്തിയത്.പൗരത്വവുമായി ആധാറിന് ബന്ധമില്ലെന്നും 182 ദിവസത്തില്‍  അധികം ഇന്ത്യയില്‍ താമസിച്ച വിദേശിക്ക് പോലും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇവരുടെ വക്കീല് അഭിപ്രായപ്പെട്ടു.
 

Latest News