Sorry, you need to enable JavaScript to visit this website.

കുവൈത്തിലെ ഏറ്റവും പഴയ തടവുകാര്‍ക്ക് മോചനം

കുവൈത്ത് സിറ്റി - കുവൈത്തിലെ ഏറ്റവും പഴയ രണ്ടു തടവുകാര്‍ക്ക് പൊതുമാപ്പില്‍ മോചനം. സദ്ദാം ഹുസൈന്‍ ഭരണകാലത്ത് ഇറാഖ് നടത്തിയ കുവൈത്ത് അധിനിവേശവുമായി സഹകരിച്ച കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേര്‍ക്കാണ് കുവൈത്ത് ദേശീയദിനം പ്രമാണിച്ച് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉപാധികളോടെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. കുവൈത്ത് അധിനിവേശത്തിന് സദ്ദാം ഭരണകൂടവുമായി സഹകരിക്കുകയും ഇറാഖ് സൈന്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത കേസില്‍ ഇരുവരെയും ജീവപര്യന്തം കഠിന തടവിനാണ് കോടതി ശിക്ഷിച്ചിരുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ദുഅയ്ജ് പറഞ്ഞു.
ഇറാഖ് സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വളണ്ടിയര്‍മാരുടെ പട്ടികയില്‍ ഇരുവരുടെയും പേരുവിവരങ്ങള്‍ കുവൈത്ത് വിമോചനം സാധ്യമായതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഉടനടി കുവൈത്ത് വിടണമെന്ന ഉപാധിയോടെയാണ് ഇരുവര്‍ക്കും അമീര്‍ പൊതുമാപ്പ് നല്‍കിയത്. ഉപാധി പാലിക്കാമെന്ന് തടവുകാരുടെ കുടുംബങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കുവൈത്ത് സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍നിന്ന് നേരെ കുവൈത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്ക് നീക്കുന്ന ഇരുവരും ബ്രിട്ടനിലേക്കുള്ള വിമാനത്തില്‍ രാജ്യം വിടുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
സ്വദേശികളും വിദേശികളും അടക്കം 840 തടവുകാര്‍ക്കാണ് ദേശീയദിനം പ്രമാണിച്ച് അമീര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 33 പേര്‍ വനിതകളാണ്. 569 തടവുകാരെ പിഴകളില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

 

Latest News