തിരുവനന്തപുരം -റെന്റ് എ കാർ പദ്ധതിയുമായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. ഇൻഡസ് മോട്ടോഴ്സുമായി സഹകരിച്ച് തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഡ്രൈവറില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായാണ് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ റെന്റ് എ കാർ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൗത്ത്, തൃശൂർ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്റ്റേഷനുകളിലും 5 കാറുകൾ തയാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് വിട്ടു കൊടുക്കുകയുമാണ് ചെയ്യുന്നത്. പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ ഇൻഡസ് മോട്ടോഴ്സിന്റെ ഇൻഡസ് ഗോ ഓൺലൈൻ വഴിയാണ് സേവനം ലഭിക്കുക. പദ്ധതിയനുസരിച്ച് ഒരു സ്റ്റേഷനിൽ നിന്ന് വാടകക്കെടുക്കുന്ന കാർ ഈ നാല് സ്റ്റേഷനുകളിലേതിലെങ്കിലും ഒന്നിൽ തിരിച്ചേൽപിച്ചാൽ മതിയാകും.