Sorry, you need to enable JavaScript to visit this website.

രാജ്യത്ത് നടക്കുന്ന സി.എ.എ, എൻ.ആർ.സി വിരുദ്ധ  സമരങ്ങൾ നിലയ്ക്കരുത് -മുഹമ്മദലി ജിന്ന

കൊച്ചി- രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങൾ ലക്ഷ്യം കാണാതെ നിലയ്ക്കരുതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം.മുഹമ്മദലി ജിന്ന. ഈ രണ്ടു നിയമങ്ങളും രാജ്യത്തെ സാധാരണ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക നീതിയുടെ പോരാളിയാവുക' എന്ന മുദ്രാവാക്യമുയർത്തി കൊച്ചിയിൽ സംഘടിപ്പിച്ച യൂനിറ്റി മാർച്ചിനും ബഹുജന റാലിക്കും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധമില്ലെന്നാണ് ഇപ്പോൾ സംഘ്പരിവാരം കവലകൾ തോറും പ്രസംഗിക്കുന്നത്. എന്നാൽ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന് പാർലമെന്റിൽ തന്നെ എട്ടോളം തവണ അമിത്ഷായും മോദിയും വ്യക്തമാക്കിയിട്ടുള്ളതാണ്. സി.എ.എ വരുന്നതിന് മുൻപും ശേഷവും പോപുലർഫ്രണ്ട് ഇതിനെതിരേ സമര രംഗത്തുണ്ടായിരുന്നു. ബാബരി മസ്ജിദ് വിധിയെത്തുടർന്ന് രാജ്യത്തെ മുഴുവൻ ബാധിച്ച ഭയത്തിന്റെ നിശബ്ദദത ഭേദിക്കാൻ പോപുലർ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. സംഘ്പരിവാരത്തിനെതിരായ പോരാട്ടരംഗത്ത് എല്ലായ്പ്പോഴും മുന്നിൽ നിൽക്കുന്നതിനാലാണ് അവർ എല്ലാ ഏജൻസികളേയും ഉപയോഗപ്പെടുത്തി പോപുലർ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യുന്നതിന് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു. 

 

നിർഭയമായ ഇന്ത്യയെ സൃഷ്ടിക്കാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മുളച്ചുപൊന്തിയ വിഷച്ചെടിയായ ആർ.എസ്.എസിനെ പിഴുതെറിയുന്നതാണ് നാം രാജ്യത്ത് കാണുന്നത്. കൈകൂപ്പി നിൽക്കുന്ന കുത്ത്ബുദ്ദീൻ അൻസാരിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ചൂണ്ടുവിരലിൽ ഫാസിസത്തെ അടക്കിനിർത്തുന്ന പെൺപുലികളുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. 

 

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ദലിത് ആക്ടിവിസ്റ്റ് രവി ചന്ദ്രൻ ബത്രൻ, ഡൽഹി യൂനിവേഴ്‌സിറ്റി സമര നേതാവ് ടി.ആദില, മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.അലി, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുഹമ്മദ് ബഷീർ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡനന്റ് ടി.അബ്ദുറഹ്മാൻ ബാഖവി, എൻ.ഡബ്ല്യു.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കവിത നിസാർ, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.അജ്മൽ, പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ എം.കെ.അഷറഫ് സംസാരിച്ചു. 

 

പോപുലർ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ.എം.അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്.നാസർ, സംസ്ഥാന സെക്രട്ടറി എ.അബ്ദുൽ സത്താർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, യഹിയാ തങ്ങൾ, ടി.കെ.അബ്ദുൽ സമദ്, സി.എ.റഊഫ്, എസ്.നിസാർ, എം.വി.റഷീദ്, അബ്ദുന്നാസിർ ബാഖവി, കെ.കെ.ഹുസൈർ, കെ.മുഹമ്മദാലി, ബി.നൗഷാദ് സംബന്ധിച്ചു. വൈകീട്ട് 4.30 ന് കലൂർ കത്രിക്കടവ് റോഡിൽ നിന്നാരംഭിച്ച യൂനിറ്റി മാർച്ചും ബഹുജന റാലിയും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. 
ജനാധിപത്യം ഭീഷണി നേരിടുന്ന ഫാസിസ്റ്റ് ഭരണത്തിൽ നടന്ന മാർച്ചും റാലിയും വീക്ഷിക്കാനായി കൊച്ചിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പോപുലർ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ സംസ്ഥാനത്ത് നൂറുക്കണക്കിന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.


 

Latest News