Sorry, you need to enable JavaScript to visit this website.

'പൗരത്വ പ്രക്ഷോഭം:  സി.പി.എം നിലപാട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത്'

കോഴിക്കോട് -പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തോട് സി.പി.എം സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. 
പൗരത്വ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ലോംഗ് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി മുസ്‌ലിം സമുദായ സംഘടനകളെയും മഹല്ലുകളെയും ഉപയോഗപ്പെടുത്തുകയും മഹല്ലുകളും സംഘടനകളും സ്വതന്ത്രമായി നടത്തുന്ന പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന ആക്ഷേപം ഉന്നയിച്ച് കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എം സ്വീകരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ ഒരുമിച്ച് നിന്ന് നടത്തുന്ന പ്രക്ഷോഭത്തെ മതപരമായി വിഭജിച്ച് അതിനെ ദുർബലപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചത്. സമരക്കാരുടെ മതവും ജാതിയും മതചിഹ്നങ്ങളും വരെ പ്രശ്‌നവൽകരിച്ചത് സി.പി.എം ആണ്. ഇതിന്റെ ഗുണഭോക്താക്കൾ സംഘ്പരിവാറാണ് എന്നതിന്റെ സൂചനയാണ് പിണറായിയെ പാർലമെന്റിൽ മോദി ഉദ്ധരിച്ചത്. ഇതിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത് -അദ്ദേഹം പറഞ്ഞു. 


ഇല്ലാത്ത ന്യൂനപക്ഷ വർഗീയതയെ പെരുപ്പിച്ച് ഹിന്ദു സമൂഹത്തിന്റെ വോട്ട് നേടിയെടുക്കാമെന്ന വഴി തെറ്റിയ ബുദ്ധിയാണ് സി.പി.എമ്മിനെ ഇപ്പോൾ നയിക്കുന്നത്. ഇതിന് കനത്ത വില സി.പി.എം നൽകേണ്ടിവരും. സ്വന്തം അണികളെ കുറിച്ചുതന്നെയുള്ള അവിശ്വാസമാണ് ഇതിലൂടെ സി.പി.എം പ്രകടിപ്പിക്കുന്നത്. സി.പി.എം തുടരുന്ന ഈ വഴിവിട്ട കളി സമര കേരളം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.


വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി, സംസ്ഥാന കമ്മിറ്റിയംഗം പി.സി.ഭാസകരൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ, വിമൻ ജസ്റ്റിസ് മുവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുബൈദ കക്കോടി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, ബി.എസ്.പി ജില്ലാ പ്രസിഡന്റ് രമേശ് നന്മണ്ട, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി എന്നിവർ പ്രസംഗിച്ചു. ഫറോക്കിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

Latest News