Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ വെൽഫെയർ പാർട്ടിയുമായി സഹകരണമുണ്ട് -ഇ.ടി മുഹമ്മദ് ബഷീർ

ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ  ഇ.ടി മുഹമ്മദ് ബഷീർ എം.പി സംസാരിക്കുന്നു. 

ദോഹ- ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് സി.പി.എമ്മിനുള്ളത് ആത്മാർഥതയില്ലാത്ത നിലപാടാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിൽ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് സഹകരിക്കും. എന്നാൽ, എസ്.ഡി.പി.ഐയോട് കൂട്ടുകൂടില്ല.


സി.എ.എ വിഷയത്തിൽ കോടതിക്ക് മുന്നിലുള്ള കേസുകൾ പരിഗണിച്ച് വിധി പറഞ്ഞേ കോടതിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയം നീട്ടിക്കൊണ്ടുപോയാൽ അത് രാജ്യത്തെ സങ്കീർണ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കോടതി നിലപാട് പറഞ്ഞില്ലെങ്കിൽ ഇത് നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവും തമ്മിൽ ഭരണപരമായ പ്രശ്‌നങ്ങളുണ്ടാവും. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുകയാണെന്നും അതും രാജ്യത്ത് പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതികൾ പ്രസ്താവന ഇറക്കാനുള്ള ബോഡികളല്ല. അവർ നിയമത്തിന്റെ വൃത്തങ്ങളിൽ നിന്നാണ് സംസാരിക്കേണ്ടത്.


അജണ്ടയിൽ പോലും ഉൾപ്പെടുത്താതെ ബില്ലുകൾ പാസാക്കിയെടുക്കുന്ന മോഡി സർക്കാർ പാർലമെന്റിനെ പരിഹാസ്യമാക്കുകയാണ്. ജവഹർലാൽ നെഹ്‌റു മുതലുളള ഭരണാധികാരികൾ പാർലമെന്റിനെയും അവിടെ നടക്കുന്ന ചർച്ചകളെയും ഗൗരവത്തിൽ കണ്ടിരുന്നുവെന്നും എന്നാൽ വളരെ ചുരുങ്ങിയ സമയങ്ങളിൽ മാത്രമാണ് മോഡി പർലമെന്റിൽ പങ്കെടുക്കുന്നതെന്നും ഭരണഘടനാ സമിതി ഏതാണ്ട് മൂന്ന് വർഷത്തോളം ചർച്ച നടത്തിയുണ്ടാക്കിയ ഭരണഘടനയുടെ ഓരോ വ്യവസ്ഥകളും ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെ ബില്ലുകളാണ് മോഡി സർക്കാർ  പാസാക്കുന്നത്. ദൽഹി തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ്. ഇന്ത്യൻ മനസ്സിന് മതേതരത്വത്തിന്റെ നനവ് ഇപ്പോഴുമുണ്ടെന്നാണ് സി.എ.എ വിരുദ്ധ പ്രക്ഷാഭങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ദൽഹി തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്. സി.എ.എ സമരത്തിൽ ഇടതു പക്ഷത്തിന്റെ നിലപാട് ആത്മാർഥതയുള്ളതല്ലെന്നും പ്രകടനപരം മാത്രമാണെന്നും ഇ.ടി പറഞ്ഞു.


ആളുകളുടെ വികാരത്തിനനുസരിച്ച് ചില പ്രസ്താവനകൾ നടത്തുക മാത്രാണ് അവർ ചെയ്യുന്നത്. എൽ.ഡി.എഫ് തീരുമാനിക്കുന്ന സമരങ്ങളെ പിന്തുണക്കലല്ല ഒന്നിച്ചുള്ള സമരങ്ങൾ. ഒന്നിച്ച് തീരുമാനിച്ച് നടത്തുമ്പോഴാണ് ഒന്നിച്ചുള്ള സമരങ്ങൾ രൂപപ്പെടുക. ഈ വിഷയത്തിൽ സി.പി.എം ദാർഷ്ട്യം കാണിക്കുകയാണ്. നിയമപാലകർ തന്നെ നിയമം ലംഘിക്കുന്ന ലജ്ജിക്കുന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിൽ നിന്നും വരുന്നത്. പോലീസ് സേന നവീകരിക്കാനുള്ള ഫണ്ട് സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.


പൗരത്വ വിഷയത്തിൽ വെൽഫെയർ പാർട്ടിയുമായി സഹകരിച്ച് സമരം നടത്തുമെന്നും എന്നാൽ എസ്.ഡി.പി.ഐയുമായി സഹകരിക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ചർച്ച നടത്തി കൃത്യമായി ധാരണയുണ്ടാക്കിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ അവരുമായി കൃത്യമായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ വെൽഫെയർ പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സമരത്തിൽ വെൽഫെയർ പാർട്ടി ആവശ്യമാണെന്നാണ് പാർട്ടി നിലപാട്. ജനാധിപത്യ മതേതര നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി. സി.പി.എമ്മിന് അവരെ കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് വെൽഫെയർ പാർട്ടി വേണ്ടാത്തവരായതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.


പൗരത്വ വിഷയത്തിൽ ശക്തമായ ഇടപെടലാണ് മുസ്‌ലിം ലീഗ് നടത്തിയത്. പാർലമെന്റിനകത്തും പുറത്തും കോടതിയിലും ലീഗ് ഇടപെടുന്നുണ്ട്. ഉത്തരേന്ത്യയിൽ സമരത്തിനിടയിൽ മരണപ്പെട്ടവരുടെ കുടുംബത്തിനായി ലീഗ് സമാഹരിച്ച തുക ഉടൻ കൈാമറുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്, തിരുവമ്പാടി പ്രസിഡന്റ് സി.കെ ഖാസിം എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.എം.എ റഫീഖ് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Latest News