Sorry, you need to enable JavaScript to visit this website.

സംരംഭകരെ തടസ്സപ്പെടുത്താൻ  അനുവദിക്കില്ല -മന്ത്രി ഇ.പി. ജയരാജൻ 

കോഴിക്കോട്- വ്യവസായ സംരംഭകരെ തടസ്സപ്പെടുത്തിയും ഭീഷണപ്പെടുത്തിയും പണം സമ്പാദിക്കുന്ന ലോബി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ സർക്കാർ ശക്തമായി നേരിടുമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. 
ഒരു വ്യവസായത്തെയും തടസ്സപ്പെടുത്താൻ സർക്കാർ അനുവദിക്കില്ല. ഓരോ വ്യവസായവും തൊഴിൽ മേഖലയും കേരളത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള മാർഗമാണ്. നമ്മളെന്നും ദാരിദ്ര്യം ഉടലെടുക്കുന്ന നാടായി കഴിഞ്ഞാൽ പോരാ. പട്ടിണി കിടക്കാൻ വിധിച്ച നാടല്ല നമ്മുടേത്. വ്യവസായം വളരാൻ എല്ലാ നടപടികളും ഇടതു സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായണ് നോക്കുകൂലി നിർത്തലാക്കിയത്. എന്നാൽ ആരെയും അറിയിക്കാതെ ഇപ്പോഴും നോക്കുകൂലി ചിലയിടങ്ങളിലുണ്ട്. അതു വൈകാതെ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. 


എം. ദാസൻ മെമ്മോറിയൽ കോഓപറേറ്റീവ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (എംഡിറ്റ്) അക്കാദമിയ ഇൻഡസ്ട്രി മീറ്റിന്റെ ഉദ്ഘാടനവും എംഡിറ്റ് ഇൻഡസ്ട്രിയൽ വില്ലേജിന്റെ തറക്കല്ലിടൽ കർമവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വ്യവസായ രംഗത്ത് നടപടിക്രമങ്ങൾ സുതാര്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. നമ്മുടെ സ്രോതസ്സുകൾ ഉപയോഗിച്ച് വികസനം സാധ്യമാക്കണം. തൊഴിലിനുള്ള സാധ്യത നമുക്കുണ്ട്. അതു തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


എംഡിറ്റ് ചെയർമാൻ എം.മെഹബൂബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.എം. മഹീശൻ വിഷയാവതരണം നടത്തി. പുരുഷൻ കടലുണ്ടി എംഎൽഎ, എപിജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ എം.എസ്. രാജശ്രീ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷാജു ചെറുകാവിൽ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രവീന്ദ്രൻ ചിറ്റൂർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, യുഎൽസിസിഎസ് ലിമിറ്റഡ് ചെയർമാൻ രമേശൻ പാലേരി, കെ.എസ്.എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, എം.ഡിറ്റ് ഡയറക്ടർ എച്ച്. അഹിനാസ് എന്നിവർ സംസാരിച്ചു.  


എൻജിനീയറിംഗ് കോഴ്‌സുകളും വ്യവസായ മേഖലയുടെ തൊഴിൽ ആവശ്യകതയെയും തമ്മിൽ കൂട്ടിയിണക്കുകയാണ് അക്കാദമിയ ഇൻഡസ്ട്രി മീറ്റ് വഴി എം.ഡിറ്റ് ചെയ്യുന്നത്. നിലവിൽ ഇത്തരമൊരു സഹവർത്തിത്വമില്ല. വിദ്യാർത്ഥികളുടെ കഴിവിനെ പഠനകാലത്തു തന്നെ പൂർണമായും പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡസ്ട്രിയൽ വില്ലേജ് എംഡിറ്റിൽ തുടങ്ങുന്നത്. നൂതന ആശങ്ങളുമായി വരുന്ന വിദ്യാർത്ഥികൾക്ക് അവന്റെ ആശയത്തെ പുതിയ ഉൽപന്നമാക്കി മാറ്റുന്നതിന് ഇൻഡ്‌സ്ട്രിയൽ വില്ലേജ് ഉപകരിക്കും. അറിവും സാങ്കേതിക പരിജ്ഞാനവും ഒപ്പം പ്രവൃത്തി പരിജ്ഞാനവും ഇവയെല്ലാം പൂർത്തിയാക്കി  തൊഴിലും ലഭ്യമാക്കി ആത്മവിശ്വാസത്തോടെ വിദ്യാർത്ഥികളെ പുറത്തേക്കു വിടുകയാണ് എം.ഡിറ്റ് ലക്ഷ്യമാക്കുന്നതെന്ന്  എം. മെഹബൂബ് പറഞ്ഞു. 

 

Latest News