കൊച്ചി- കരുണ സംഗീതനിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം. കൊച്ചി സിറ്റി പോലീസാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കരുണ സംഗീതനിശയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരടക്കം ദുരുപയോഗിച്ചു പണം തട്ടിയെന്നാണ് ആരോപണം. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില്‍ കലക്ടര്‍ എസ്. സുഹാസിന്റെ പേര് ഉപയോഗിച്ചത് വിവാദമായിരുന്നു. തന്റെ പേര് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. തന്റെ പേര് ഉപയോഗിച്ചതിനെതിരെ കലക്ടര്‍ സംഗീത സംവിധായകന് ബിജിബാലിന് നോട്ടീസ് നല്കി. സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍ദേശിച്ചത്.
സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളാണെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് കലക്ടറുടെ നിലപാട്. രക്ഷാധികാരി എന്ന നിലയില്‍ കലക്ടറുടെ പേരു വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിബാല്‍ പറയുന്നത്. അന്വഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല്‍ വരവു ചെലവു കണക്കുകള്‍ നല്‍കുമെന്നും ബിജിബാല്‍ വ്യക്തമാക്കി.