പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ച കമ്പനികള്‍ അടപ്പിച്ചു

കുവൈത്ത് സിറ്റി - പണം വെളുപ്പിക്കല്‍, ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ നിയമം ലംഘിച്ചതിന് 11 കമ്പനികള്‍ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം അടപ്പിച്ചു. അഞ്ചു മണി എക്‌സ്‌ചേഞ്ച് കമ്പനികളും മൂന്നു റിയല്‍ എസ്റ്റേറ്റ് കമ്പനികളും മൂന്നു ജ്വല്ലറി കമ്പനികളുമാണ് അടപ്പിച്ചത്. പണം വെളുപ്പിക്കല്‍, ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ മേഖലയില്‍ വ്യക്തമായ പ്രവര്‍ത്തന പദ്ധതിയില്ലാത്തതും സിസ്റ്റങ്ങളും നയങ്ങളും പതിവായി പുനഃപരിശോധിക്കാത്തതും മൂവായിരം കുവൈത്തി ദീനാറില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ പണത്തില്‍ നടത്തിയതും പണം വെളുപ്പിക്കല്‍ വിരുദ്ധ മേഖലയില്‍ ജീവനക്കാര്‍ക്ക് പരീശലനം നല്‍കാത്തതും സംശയിക്കപ്പെടുന്ന ഇടപാടുകളെ കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച ജീവനക്കാരുടെ അറിവില്ലായ്മയുമാണ് സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന് കാരണം.
200 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും 77 ജ്വല്ലറി കമ്പനികള്‍ക്കും 37 മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്കും 13 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മന്ത്രാലയം കഴിഞ്ഞ വര്‍ഷം വാണിംഗ് നോട്ടീസ് നല്‍കി. നിയമത്തിന് നിരക്കുന്ന നിലക്ക് നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ട് 364 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും 139 ജ്വല്ലറി കമ്പനികള്‍ക്കും 17 മണി എക്‌സ്‌ചേഞ്ചുകള്‍ക്കും 13 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

 

Latest News