കൊണ്ടോട്ടി - അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എയർ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോള്‍ ആഹ്ളാദിക്കുന്നവർ അനവധിയാണ്. സൌദിയിലേക്കുള്ള യാത്രക്കാർ മാത്രമല്ല എയർപോർട്ടിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ നിരവധി വ്യക്തികളും സംഘടനകളുമാണ് രംഗത്തുണ്ടായിരുന്നത്.
423 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 വിമാനമാണ് കരിപ്പൂരിൽ പ്രതിസന്ധികൾ തരണം ചെയ്ത് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. രാവിലെ കരിപ്പൂരിലെത്തിയ വിമാനത്തിന് എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ആദ്യവിമാനത്തിലെ യാത്രക്കാരെ മധുരം നൽകിയാണ് എയർഇന്ത്യ വരേവറ്റത്. ഇതിന് പുറമെ മലബാർ ഡവലപ്പ്‌മെൻറ് ഫോറം ഉൾെപ്പടെയുളള സംഘടനകൾ ബാൻഡ് വാദ്യ മേളങ്ങളോടെയും യാത്രക്കാരെ സ്വീകരിച്ചു.
കരിപ്പൂർ-ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് ജംബോ സർവീസ് നിലവിൽ സർവ്വീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജിദ്ദയിൽ നിന്നും ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. പതിവ് യാത്രക്കാർക്ക് പുറമെ ഹജ്,ഉംറ തീർത്ഥാടകർക്കും എയർഇന്ത്യ സർവ്വീസ് ഗുണം ചെയ്യും.യാത്രക്കാർക്ക് പുറമെ 20 ടൺവരെ കാർഗോ കയറ്റുമതിക്കും ഇതിൽ സൗകര്യമുണ്ട്.
2015-മെയ് ഒന്ന് മുതലാണ് കരിപ്പൂരിൽ റൺവേ നവീകരണത്തിന്റെ പേരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.പിന്നീട് റൺവേ നവീകരണം പൂർത്തിയായെങ്കിലും ജംബോ സർവ്വീസുകൾക്ക് റൺവേ അപര്യാപ്തത പറഞ്ഞ് അധികൃതർ ഉടക്കിടുകയായിരുന്നു.പിന്നീട് നിരവധി സമരങ്ങൾക്കൊടുവിലാണ് ജംബോ സർവ്വീസിന് വീണ്ടും അനുമതി ലഭിച്ചത്. എമിറേറ്റ്‌സിനും എയർഇന്ത്യക്കും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ 2019 ജൂലൈയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയിരുന്നു. ഈ സർവ്വീസാണ് എയർഇന്ത്യ ഇന്നുമുതൽ ആരംഭിക്കുന്നത്.എമിറേറ്റ്‌സ് എയർ ഇതുവരെ സർവ്വീസ് തുടങ്ങിയിട്ടില്ല.






