മുംബൈ- ഹൈക്കോടതി അനുമതി ലഭിച്ചതോടെ പൗരത്വ നിയമഭേദഗതിക്കെതിരെ മുംബൈയില്‍ മഹാപ്രതിഷേധം. ആസാദ് മൈതാനിയിലാണ് സ്ത്രീകളടക്കം ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചത്. നവിമുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനായി ആസാദ് മൈതാനിയിലേക്ക് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ 'ഞങ്ങള്‍ കാണും (ഹം ദേഖേങ്കേ)' എന്ന കവിത ചൊല്ലി കൊണ്ടാണ് മുംബൈയിലെ ജനങ്ങള്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചത്.
ദേശീയ പതാകയേന്തിയും പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയും മോഡിയില്‍നിന്നും അമിത് ഷായില്‍നിന്നും സ്വാതന്ത്ര്യം, സി.എ.എയില്‍നിന്നും എന്‍.ആര്‍.സിയില്‍നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
പ്രതിഷേധ പ്രകടനത്തിനിടെ പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരായ പ്രമേയവും പാസാക്കി. റിട്ട. ജസ്റ്റിസ് കൊല്‍സി പട്ടീല്‍, സമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, സിനിമാതാരം സുശാന്ത് സിങ്ങ്, സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.






