കുവൈത്ത് സിറ്റി- സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ തയാറുള്ള തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് ഡോ.രാജു നാരായണ സ്വാമി. പ്രവാസികള്‍ മക്കളെ നാടിനോട് പ്രതിബദ്ധതയുള്ളവരായി വളര്‍ത്തണം. നാടിന്റെ വളര്‍ച്ചക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെങ്കിലും വരുംതലമുറ നാടിനോടുള്ള സ്‌നേഹമുള്ളവരാകണമെങ്കില്‍ അവരെ വളര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് കുവൈത്തിന്റെ മന്നം ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു നാരായണ സ്വാമി.
പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സജിത് സി നായര്‍, ഡോ. മഞ്ജു രാജേഷ്, സുനില്‍ മേനോന്‍,ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സുവനീര്‍ ഹര്‍സിമ്രാന്‍ സിംഗ് പ്രകാശനം ചെയ്തു. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കുഴല്‍മന്ദം രാമകൃഷ്ണന്‍ നയിച്ച ഫ്യൂഷന്‍ മ്യൂസിക്, പിന്നണി ഗായകരായ ശ്രീനാഥ്, പാര്‍വതി എന്നിവരുടെ സംഗീതനിശ, സതീഷ് പാലക്കാടിന്റെ മിമിക്രി തുടങ്ങി ഒട്ടേറെ കലാപരിപാടികളും അരങ്ങേറി.