Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ സുതാര്യത എങ്ങനെ വീണ്ടെടുക്കാം? 

പ്രമുഖ വ്യവസായി എം. എ യൂസഫലി ഏതാനും നിർദ്ദേശങ്ങൾ ഉന്നയിച്ചിരുന്നു. രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകർ വേണ്ട, ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോൾ  ചെറുപ്പക്കാർക്കായിരിക്കണം പ്രാധാന്യം, വിദ്യാഭ്യാസമുള്ളവരെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെ പോകുന്നു ആ നിർദ്ദേശങ്ങൾ. അദ്ദേഹം പറയുന്ന മിക്ക കാര്യങ്ങളും സഗൗരവം പരിഗണിക്കേണ്ടതാണ്. 

ക്രിമിനൽ കേസുകളിൽ പ്രതികളായവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന പാർട്ടികൾ സ്ഥാനാർഥിയുടെ കേസ് വിവരങ്ങൾ പാർട്ടിയുടെ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം തീർച്ചയായും സ്വാഗതാർഹമാണ്. ജനാധിപത്യത്തിന്റെ കരുത്ത് വർധിപ്പിക്കാൻ ഈ നിർദ്ദേശം സഹായിക്കും. കേസിന്റെ സ്വഭാവം, കേസ് നമ്പർ, വിചാരണ ഏതുഘട്ടത്തിൽ തുടങ്ങിയ വിശദാംശങ്ങൾ സ്ഥാനാർഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണമെന്നാണ് നിർദ്ദേശം. എന്തുകൊണ്ട് ആ വ്യക്തിയെ സ്ഥാനാർഥിയാക്കിയെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റുള്ളവരെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും വിശദീകരിക്കണം. വിവരങ്ങൾ ഒരു ദേശീയ ദിനപ്പത്രത്തിലും ഒരു പ്രാദേശിക പത്രത്തിലും ഫെയ്സ്ബുക്കും ട്വിറ്ററുമടക്കം പാർട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും പരസ്യപ്പെടുത്തണം. ഉത്തരവ് പാലിച്ചെന്നു കാട്ടി എല്ലാ പാർട്ടികളും 48 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകണം. വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യമായി കണക്കാക്കും.
സാധാരണഗതിയിൽ കേൾക്കുമ്പോൾ ശരിയല്ല എന്നു തോന്നുന്ന നിർദ്ദേശം തന്നെയാണിത്. പ്രത്യേകിച്ച് കേസുണ്ടെങ്കിലും ഒരാൾ കുറ്റവാളിയാണെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ തീർച്ചയായും കുറ്റാരോപിതൻ എന്ന രീതിയിൽ തന്നെയാണ് അവരെ പരിഗണിക്കേണ്ടത്. അപ്പോഴും അവർ കുറ്റാരോപിതരാണ്. കുറ്റാരോപിതരല്ലാത്ത, അർഹരായവരുള്ളപ്പോൾ എന്തിനിവരെ മത്സരിപ്പിക്കണമെന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. പ്രത്യേകിച്ച് നിയമസഭകളിലും ലോകസഭയിലുമൊക്കെയായി നിരവധി കുറ്റവാളികൾ നിലവിൽതന്നെയുള്ളപ്പോൾ. 
രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം ഗുരുതരമായ പ്രശ്നമാണെന്നു പറഞ്ഞ കോടതി, സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടതു യോഗ്യതയുടെ അടിസ്ഥാനത്തിൽ തന്നെയാകണമെന്നും നിരീക്ഷിച്ചു. ജയസാധ്യത എന്നത് മാത്രമാകരുത് അതിനുള്ള മാനദണ്ഡം. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിനെതിരായി സുപ്രീം കോടതി 2018-ൽ പുറപ്പെടുവിച്ച വിധി പല പാർട്ടികളും അനുസരിക്കാത്ത സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. 
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നു പറയുമ്പോഴും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം. രാഷ്ട്രീയപ്രവർത്തനം തന്നെ മോശമാണെന്ന ധാരണയാണ് അതുവഴി സൃഷ്ടിക്കപ്പെടുന്നത്. അതാണ് ജനാധിപത്യത്തിനു വലിയ വെല്ലുവിളിയായി മാറുന്നത്. ജനങ്ങളോട് മറച്ചുവെക്കേണ്ട ഒന്നും പാടില്ല. ഏതുപാർട്ടിയുടേയും ഏതുവിഷയത്തിലും അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. കാരണം ജനാധിപത്യ സംവിധാനത്തിൽ പാർട്ടികാര്യവും ജനങ്ങളുടെ കാര്യമാണ്. കുടുംബകാര്യമല്ല. 
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അഴിമതിയും കുറ്റകൃത്യങ്ങളും തന്നെയാണ്. അതിനാൽതന്നെ ആദ്യമായി നാം ഉന്നയിക്കേണ്ടത് അഴിമതിക്കേസുകളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുള്ളവരെയോ കുറ്റാരോപിതരെയോ  സ്ഥാനാർത്ഥികളായി അംഗീകരിക്കില്ല എന്നതായിരിക്കണം. ചില നിയന്ത്രണങ്ങളൊക്കെ ഇപ്പോൾ തന്നെയുണ്ടെങ്കിലും അത് പൂർണമായും നടപ്പാക്കണം. മാത്രമല്ല, അഴിമതിക്കാരും കുറ്റവാളികളുമായി രാഷ്ട്രീയപ്രവർത്തകർ മാറുന്നതിന്റെ ഒരു പ്രധാന കാരണം അധികാരത്തിൽ അനന്തമായി തുടരുന്നതാണ്. അതിനാൽതന്നെ പരമാവധി രണ്ടുതവണ മാത്രമേ ഒരാൾ ജനപ്രതിനിധിയാകേണ്ടതുള്ളൂ എന്നു തീരുമാനിക്കണം. പിന്നീടവർ പാർട്ടിയിൽ പ്രവർത്തിക്കട്ടെ. മാത്രമല്ല, രാഷ്ട്രീയം ഉപജീവനമാക്കിയവരെ ഒഴിവാക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവർക്ക് മാന്യമായ വേതനം നൽകണമെന്നതു ശരി. എന്നാൽ രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കണം. അവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. 
പ്രമുഖ വ്യവസായി എം. എ യൂസഫലി സമാനമായ ഏതാനും നിർദ്ദേശങ്ങൾ ഉന്നയിച്ചിരുന്നു. രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകർ വേണ്ട, ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോൾ  ചെറുപ്പക്കാർക്കായിരിക്കണം പ്രാധാന്യം, വിദ്യാഭ്യാസമുള്ളവരെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെ പോകുന്നു ആ നിർദ്ദേശങ്ങൾ. അദ്ദേഹം പറയുന്ന മിക്ക കാര്യങ്ങളും പരിഗണിക്കേണ്ടതാണ്. എന്നാൽ നിക്ഷേപകരോട് പൊതുവിൽ നിലനിൽക്കുന്ന നിഷേധാത്മക സമീപനം മൂലം അദ്ദേഹത്തിന്റെ നിർേദ്ദശങ്ങളെ പലരും പുച്ഛിച്ചു തള്ളുകയായിരുന്നു. 
നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഒരു സവിശേഷത അതിൽ പാർട്ടിക്കും വ്യക്തിക്കും പങ്കുണ്ട് എന്നതാണല്ലോ. പാർട്ടികൾ മത്സരിച്ച് ജയിച്ച് വ്യക്തികളെ തീരുമാനിക്കലല്ലല്ലോ. അതാണല്ലോ സ്ഥാനാർത്ഥി മോശമായാൽ ഉറച്ച മണ്ഡലങ്ങളിൽ പോലും തോൽക്കുന്നതും സ്ഥാനാർത്ഥി മികച്ചതായാൽ മോശം മണ്ഡലങ്ങളിൽ ജയിക്കുന്നതും ചിലപ്പോഴെങ്കിലും സ്വതന്ത്രർ ജയിക്കുന്നതും. വ്യക്തികളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, സ്ഥാനാർത്ഥികളെ കുറിച്ചുള്ള അഭിപ്രായം പറയാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ് പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്. ജനാധിപത്യം അതുവഴി കൂടുതൽ ചലനാത്മകമാകുകയേ ഉള്ളു.
അതുപോലെ തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അവകാശവും. ജനാധിപത്യ സംവിധാനത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ പേരിൽ രാഷ്ട്രീയക്കാർ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നത് നന്നല്ല. ഒന്നുമല്ലെങ്കിൽ 5 വർഷത്തിലൊരിക്കൽ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാർ. മറ്റാർക്കും അതുവേണ്ടല്ലോ. പക്ഷെ ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കുകാരണം തങ്ങളുടെ പ്രവൃത്തികൾ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. മുകളിൽ പറഞ്ഞപോലെ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കു ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കാനില്ല എന്നംഗീകരിക്കണം. 
വിവരാവകാശ കമ്മീഷന് തങ്ങൾ അതീതരാണെന്ന നിലപാട് മാറ്റണം. പാർട്ടി ഓഫീസുകൾ സുതാര്യമാകണം. അവിടെ ആർക്കും കയറി ചെല്ലാനാകണം. പാർട്ടി കമ്മിറ്റി യോഗങ്ങൾ പോലും ലൈവ് ആയി ജനം കാണട്ടെ എന്നു തീരുമാനിക്കാനുള്ള ആർജവം കാണിക്കണം. ഈ ദിശയിലെല്ലാം ചിന്തിക്കുന്നതിന്റെ ആദ്യപടിയാകട്ടെ കോടതിയുടേയും യൂസഫലിയുടേയും നിർദ്ദേശങ്ങൾ.


 

Latest News