കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ നാളെ; മോഡി പങ്കെടുക്കുമോ അവഗണിക്കുമോ?

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്രിവാള്‍ നാളെ ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഗംഭീര വിജയം നേടിയ കെജ്‌രിവാള്‍ തുടര്‍ച്ചായി മൂന്നാം തവണയാണ് ദല്‍ഹിയില്‍ അധികാരത്തിലേറുന്നത്.

70 അംഗ നിയമസഭയില്‍ 62 സീറ്റുകളും നേടിയ എ.എ.പി ബിജെപിയെ  എട്ട് സീറ്റുകള്‍ നേടാന്‍ മാത്രമേ അനുദിച്ചുള്ളൂ.   ഒരു സീറ്റിലും വിജയിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.

നാളെ ദല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന  സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ദല്‍ഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. ചടങ്ങില്‍ പങ്കെടുക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ചടങ്ങിലേക്ക്  ക്ഷണിച്ചതായി മുതിര്‍ന്ന ആം ആദ്മി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

ദല്‍ഹി പോലീസില്‍നിന്നും പാരാ മിലിറ്ററിയില്‍ നിന്നുമായി മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വിന്യസിക്കും. രാംലീല മൈതാനത്തേക്ക് പോകുന്ന എല്ലാ റൂട്ടുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 10 ന് ആരംഭിക്കും.

നാളെ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ട്രാഫിക് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ സിവിക് സെന്ററില്‍ പാര്‍ക്ക് ചെയ്യാനാണ് നിര്‍ദേശം. ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചില റോഡുകളില്‍ സ്വകാര്യ വാഹനങ്ങളടക്കം അനുവദിക്കില്ല.

 

Latest News